Kerala
മറ്റ് രാജ്യങ്ങള്‍ ഇന്ധനവില തീരുമാനിക്കുന്നത് ക്രൂഡ് ഓയില്‍ വിലയ്ക്കനുസരിച്ച്, ഇവിടെയോ തെരഞ്ഞെടുപ്പ് വരുന്നതനുസരിച്ചും കോടിയേരി
Kerala

''മറ്റ് രാജ്യങ്ങള്‍ ഇന്ധനവില തീരുമാനിക്കുന്നത് ക്രൂഡ് ഓയില്‍ വിലയ്ക്കനുസരിച്ച്, ഇവിടെയോ തെരഞ്ഞെടുപ്പ് വരുന്നതനുസരിച്ചും'' കോടിയേരി

Web Desk
|
23 March 2022 4:19 AM GMT

'ദരിദ്രർക്ക്‌ കക്കൂസ്‌ നിർമിച്ചുനൽകാനാണ്‌ ഇന്ധനനികുതി കൂട്ടുന്നതെന്ന്‌ കേന്ദ്രമന്ത്രിമാർ മുമ്പ്‌ അവകാശപ്പെട്ടിരുന്നു...'

തെരഞ്ഞെടുപ്പുകളെ മാനദണ്ഡമാക്കിയാണ് രാജ്യത്ത് ഇന്ധനവില വർധിപ്പിക്കുന്നതെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. പാർട്ടി കോൺഗ്രസിന്‍റെ സെമിനാറിൽ പങ്കെടുക്കുന്ന കോൺഗ്രസ് നേതാക്കളെ വിലക്കാനും കുറ്റിവിമോചന സമരം നടത്തി ജനങ്ങളുടെ മുന്നിൽ പരിഹാസ്യരാവാനും കാണിക്കുന്ന ശുഷ്കാന്തി, ഇന്ധനവില വർധനവിനെതിരെ കോൺഗ്രസ് പ്രകടിപ്പിക്കുന്നില്ലെന്നും കോടിയേരി കുറ്റപ്പെടുത്തി. ഫേസ്ബുക് കുറിപ്പിലൂടെയായിരുന്നു ഇന്ധനവില വര്‍ധനവില്‍ കോടിയേരി കേന്ദ്രത്തെ കുറ്റപ്പെടുത്തിയത്.

ലോകമെങ്ങുമുള്ള രാജ്യങ്ങള്‍ അന്താരാഷ്ട്ര വിപണിയിലെ ക്രൂഡ് ഓയില്‍ വിലയ്ക്കനുസരിച്ച് നാട്ടിലെ ഇന്ധനവില നിശ്ചയിക്കുമ്പോള്‍ നമ്മുടെ രാജ്യത്ത് തെരഞ്ഞെടുപ്പുകളെ മാനദണ്ഡമാക്കിയാണ് ഇന്ധനവില വര്‍ധിപ്പിക്കുന്നതെന്നായിരുന്നു കോടിയേരിയുടെ വിമര്‍ശനം

പണ്ട് ഗുജറാത്ത്‌ മുഖ്യമന്ത്രിയായിരുന്ന സമയത്ത് നരേന്ദ്ര മോദി ഉയർന്ന ഇന്ധനവിലയുടെ പേരിൽ അന്നത്തെ കേന്ദ്രസർക്കാരിനെ കടന്നാക്രമിച്ചിരുന്നു. കോടിക്കണക്കിന് രൂപയുടെ അധികഭാരം ഗുജറാത്ത്‌ ജനതയ്‌ക്കുമേൽ യു.പി.എ സർക്കാർ അടിച്ചേൽപ്പിക്കുകയാണെന്നും മോദി ആരോപിച്ചിരുന്നു. ഇപ്പോള്‍ പ്രധാനമന്ത്രിയായശേഷം മോദിയുടെ ഈ അഭിപ്രായം മാറിയോ? കോടിയേരി ചോദിച്ചു.

ദരിദ്രർക്ക്‌ കക്കൂസ്‌ നിർമിച്ചുനൽകാനാണ്‌ ഇന്ധനനികുതി കൂട്ടുന്നതെന്നാണ് കേന്ദ്രമന്ത്രിമാർ മുമ്പ്‌ അവകാശപ്പെട്ടിരുന്നത്. എന്നാല്‍ കോർപറേറ്റുകൾക്ക്‌ ലക്ഷക്കണക്കിനു കോടി രൂപയുടെ നികുതിയിളവ്‌ നൽകുന്ന സർക്കാരിന്‍റെ ക്രൂരവിനോദം എന്ന നിലയിൽ മാത്രമേ ഇത്തരം വാദങ്ങളെ കാണാനാകൂ. കോടിയേരി വിമര്‍ശിച്ചു.

കേന്ദ്രത്തിനെ വിമര്‍ശിക്കുന്നതിനൊപ്പം കോണ്‍ഗ്രസിനെയും കോടിയേരി വെറുതേവിട്ടില്ല. ഇന്ധനവില വര്‍ധനവിലെ കോണ്‍ഗ്രസിന്‍റെ മൌനം ചൂണ്ടിക്കാട്ടിയായിരുന്നു കോടിയേരിയുടെ വിമര്‍ശനം. ബി.ജെ.പി സർക്കാർ രാജ്യത്തെ ജനങ്ങളെ ഇന്ധനവില കൂട്ടി പ്രഹരിച്ചിട്ടും കോൺഗ്രസ് പാർട്ടിയ്ക്കൊരു പ്രശ്നമവുമില്ല...! സി.പി.എം പാർട്ടി കോൺഗ്രസിന്‍റെ ഭാഗമായുള്ള സെമിനാറിൽ പങ്കെടുക്കുന്ന കോൺഗ്രസ് നേതാക്കളെ വിലക്കാനും കുറ്റിവിമോചന സമരം നടത്തി ജനങ്ങളുടെ മുന്നിൽ പരിഹാസ്യരാവാനും കാണിക്കുന്ന ശുഷ്കാന്തി, ഇന്ധനവില വർധനവിനെതിരെ പ്രകടിപ്പിക്കാത്തതെന്താണ്? കോടിയേരി ചോദിച്ചു.


കോടിയേരി ബാലകൃഷ്ണന്‍റെ ഫേസ്ബുക് കുറിപ്പിന്‍റെ പൂര്‍ണരൂപം

ലോകമെങ്ങുമുള്ള രാജ്യങ്ങൾ അന്താരാഷ്ട്ര വിപണിയിലെ ക്രൂഡോയിൽ വിലയ്ക്കനുസരിച്ചാണ് തങ്ങളുടെ നാട്ടിലെ ഇന്ധനവില നിശ്ചയിക്കുന്നത്. നമ്മുടെ രാജ്യത്ത് അങ്ങനെയല്ല കാണുന്നത്. തെരഞ്ഞെടുപ്പുകളെ മാനദണ്ഡമാക്കിയാണ് ഇന്ധനവില വർധിപ്പിക്കുന്നത്. !!

കഴിഞ്ഞ അഞ്ചു വർഷത്തെ ഇന്ധനവില വർധനവ് നോക്കൂ. 2017 ഡിസംബറിൽ ഗുജറാത്ത്‌ തെരഞ്ഞെടുപ്പുകാലത്ത്‌ എണ്ണവില കൂട്ടിയില്ല. വോട്ടെടുപ്പ്‌ കഴിഞ്ഞയുടൻ വില വർധിപ്പിച്ചു. 2018 മെയിൽ കർണാടക തെരഞ്ഞെടുപ്പ്‌ പ്രചാരണവും വോട്ടെടുപ്പും നടന്ന 19 ദിവസവും വില കൂട്ടിയില്ല. വോട്ടെടുപ്പ്‌ കഴിഞ്ഞയുടൻ പെട്രോളിന്‌ 3.80 രൂപയും ഡീസലിന്‌ 3.38 രൂപയും കൂട്ടി. 2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പ്‌, 2020ലെ ബിഹാർ തെരഞ്ഞെടുപ്പ്‌, 2021ൽ ബംഗാൾ, കേരളം, തമിഴ്‌നാട്‌, അസം, പുതുച്ചേരി നിയമസഭാ തെരഞ്ഞെടുപ്പുകൾ എന്നിവ നടന്നപ്പോഴും ഇന്ധനവില കൂടിയില്ല. തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോൾ വില കൂട്ടി. കഴിഞ്ഞ ദിവസങ്ങളിൽ അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് കാരണം നിർത്തിവെച്ചിരുന്ന ഇന്ധനവില ഇന്നലെയും ഇന്നുമായി കൂട്ടി.

രാജ്യാന്തരവിപണിയിലെ എണ്ണവിലയെ ആശ്രയിച്ചാണ്‌ കമ്പനികൾ ഇന്ധനവില നിശ്ചയിക്കുന്നതെങ്കിൽ ഇത്രയുംനാൾ പിടിച്ചുനിൽക്കാൻ കഴിയുന്നത്‌ എങ്ങനെയെന്ന ചോദ്യത്തിന്‌ കേന്ദ്ര സർക്കാരിന് ഉത്തരമില്ല.

ഗുജറാത്ത്‌ മുഖ്യമന്ത്രിയായിരിക്കെ 2011ൽ നരേന്ദ്ര മോദി ഉയർന്ന ഇന്ധനവിലയുടെ പേരിൽ അന്നത്തെ കേന്ദ്രസർക്കാരിനെ കടന്നാക്രമിച്ചിരുന്നു. നൂറുകണക്കിനു കോടി രൂപയുടെ അധികഭാരം ഗുജറാത്ത്‌ ജനതയ്‌ക്കുമേൽ യുപിഎ സർക്കാർ അടിച്ചേൽപ്പിക്കുകയാണെന്ന്‌ മോദി ആരോപിച്ചു. പ്രധാനമന്ത്രിയായശേഷം മോദിയുടെ ഈ അഭിപ്രായം മാറിയോ?

ഇന്ധനവില വർധനവിൻ്റെ കാര്യത്തിൽ പാർലമെന്റിലും സർക്കാരിന്‌ മൗനമാണ്‌. ദരിദ്രർക്ക്‌ കക്കൂസ്‌ നിർമിച്ചുനൽകാനാണ്‌ ഇന്ധനനികുതി കൂട്ടുന്നതെന്ന്‌ കേന്ദ്രമന്ത്രിമാർ മുമ്പ്‌ അവകാശപ്പെട്ടിരുന്നു. കോർപറേറ്റുകൾക്ക്‌ ലക്ഷക്കണക്കിനു കോടി രൂപയുടെ നികുതിയിളവ്‌ നൽകുന്ന സർക്കാരിന്റെ ക്രൂരവിനോദം എന്ന നിലയിൽ മാത്രമേ ഇത്തരം വാദങ്ങളെ കാണാനാകൂ.

ബി ജെ പി സർക്കാർ രാജ്യത്തെ ജനങ്ങളെ ഈ വിധം പ്രഹരിക്കുന്നതൊന്നും കോൺഗ്രസ് പാർട്ടിയ്ക്കൊരു പ്രശ്നമല്ല.! സിപിഐ എം പാർട്ടി കോൺഗ്രസിൻ്റെ ഭാഗമായുള്ള സെമിനാറിൽ പങ്കെടുക്കുന്ന കോൺഗ്രസ് നേതാക്കളെ വിലക്കാനും കുറ്റിവിമോചന സമരം നടത്തി ജനങ്ങളുടെ മുന്നിൽ പരിഹാസ്യരാവാനും കാണിക്കുന്ന ശുഷ്കാന്തി, ഇന്ധനവില വർധനവിനെതിരെ പ്രകടിപ്പിക്കാത്തതെന്താണ്?

Similar Posts