കല്ലെടുത്ത് കോൺഗ്രസ് ഓഫീസിൽ കൊണ്ടുവെച്ചാൽ പദ്ധതി ഇല്ലാതാവില്ല, കല്ലിടാതെയും പദ്ധതി നടത്താം - കോടിയേരി
|കോൺഗ്രസിൻറെ പട വരട്ടെ, ജനങ്ങളെ കൂടെ നിർത്തി പ്രതിരോധിക്കുമെന്ന് കോടിയേരി
കെ-റെയിലുമായി ബന്ധപ്പെട്ട് നടക്കുന്നത് സമരത്തിന് വേണ്ടിയുള്ള സമരമാണെന്നും പദ്ധതിയുമായി മുന്നോട്ടു പോകുമെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. കല്ലെടുത്ത് കോൺഗ്രസ് ഓഫീസിൽ കൊണ്ടുവെച്ചാൽ കെ-റെയില്‍ പദ്ധതി ഇല്ലാതാവില്ലെന്നും, കല്ലിടാതെയും പദ്ധതി നടത്തമെന്നും കോടിയേരി കൂട്ടിച്ചേര്‍ത്തു.
കോൺഗ്രസിൻറെ പട വരട്ടെ, ജനങ്ങളെ കൂടെ നിർത്തി പ്രതിരോധിക്കും... കോടിയേരി പറഞ്ഞു. അതേസമയം ബഫർ സോൺ ഇല്ലെന്ന് പറഞ്ഞ സജി ചെറിയാനെ കോടിയേരി തള്ളി. എം.ഡി പറഞ്ഞതാണ് ശരിയെന്ന് മന്ത്രിയെ തിരുത്തി കോടിയേരി വ്യക്തമാക്കി
കെ-റെയിൽ പാതയ്ക്ക് ചുറ്റും ബഫർ സോണില്ലെന്ന മന്ത്രി സജി ചെറിയാന്‍റെ വാദത്തിനെതിരെ ഇന്നലെയാണ് എം.ഡി അജിത്ത് കുമാർ രംഗത്തെത്തിയത്. പദ്ധതിയുടെ ഭാഗമായി പത്ത് മീറ്റർ വരെ ബഫർസോൺ ഉണ്ടാകുമെന്നായിരുന്നു അജിത് കുമാറിന്‍റെ പ്രതികരണം.
കെ-റെയിൽ പാതയുടെ ഒരു കിലോമീറ്റർ അപ്പുറവും ഇപ്പറവും ബഫർ സോൺ ആണെന്നാണ് പറയുന്നത്. അങ്ങനെ ഒരു സംഭവമേ ഇല്ലെന്നായിരുന്നു മന്ത്രിയുടെ പരാമർശം. എന്നാൽ 'കെ റെയിൽ പാതയുടെ അഞ്ച് മീറ്ററിൽ നിർമാണം പാടില്ല. പത്ത് മീറ്റർ വരെ ബഫർ സോൺ ആയിരിക്കും. ബഫർ സോണിലുള്ളവർക്ക് നഷ്ടപരിഹാരമില്ല'- എം.ഡി അജിത്കുമാര്‍ പറഞ്ഞു.
അതേസമയം സംസ്ഥാനത്ത് കെ-റെയില്‍ കല്ലിടലിന് എതിരെ പ്രതിഷേധം ശക്തമാവുകയാണ്. സില്‍വര്‍ലൈന്‍ പദ്ധതിക്ക് എതിരായ സമരത്തില്‍ നിന്നും പിന്നോട്ടില്ലെന്ന് വ്യക്തമാക്കി പ്രതിപക്ഷനേതാവ് വി ഡി സതീശന്‍ വീണ്ടും രംഗത്തെത്തി. സില്‍വര്‍ലൈന്‍ കല്ലുകള്‍ പിഴുതെറിഞ്ഞ് ജയിലില്‍ പോകുമെന്ന് പ്രതിപക്ഷനേതാവ് കഴിഞ്ഞ ദിവസം പറഞ്ഞു. ജയിലില്‍ പോകാന്‍ യു.ഡി.എഫ് നേതാക്കള്‍ തയ്യാറാണ്. സാധാരണക്കാരെ ജയിലിലേക്ക് വിടില്ല. പദ്ധതിക്ക് പിന്നില്‍ വന്‍ അഴിമതിയുണ്ടെന്നും സതീശന്‍ കൂട്ടിച്ചേര്‍ത്തു