Kerala
സജി ചെറിയാന്‍ മാതൃക സൃഷ്ടിച്ചു, പുതിയ മന്ത്രി ഇപ്പോഴില്ല: കോടിയേരി
Kerala

സജി ചെറിയാന്‍ മാതൃക സൃഷ്ടിച്ചു, പുതിയ മന്ത്രി ഇപ്പോഴില്ല: കോടിയേരി

Web Desk
|
8 July 2022 8:06 AM GMT

'പ്രസംഗത്തിൽ വീഴ്ച സംഭവിച്ചെന്ന് മനസിലാക്കിയാണ് സജി ചെറിയാന്‍ രാജിവെച്ചത്'

തിരുവനന്തപുരം: സജി ചെറിയാന്‍റെ രാജി മാതൃകയെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. പ്രസംഗത്തിൽ വീഴ്ച സംഭവിച്ചെന്ന് മനസിലാക്കിയാണ് രാജി. സജിയുടെ രാജി സന്ദർഭോചിതമാണെന്നും കോടിയേരി പറഞ്ഞു. സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിന് ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു കോടിയേരി.

ഭരണഘടനാമൂല്യം ഉയർത്തിപ്പിടിക്കുന്ന പാർട്ടിയാണ് സി.പി.എം. ഭരണഘടന തത്വമനുസരിച്ചാണ് പാർട്ടി പ്രവർത്തിക്കുന്നത്. സജി ചെറിയാന്‍ രാജി വെച്ചതോടെ പ്രശ്നങ്ങൾ അപ്രസക്തമായി. തെറ്റ് പറ്റിയത് സജി ചെറിയാന്‍ തന്നെ അംഗീകരിച്ചെന്നും കോടിയേരി പറഞ്ഞു.

പുതിയ മന്ത്രിയുടെ കാര്യം ഇപ്പോൾ ചർച്ച ചെയ്തിട്ടില്ല. വകുപ്പുകൾ വിഭജിക്കേണ്ടത് മുഖ്യമന്ത്രിയാണെന്നും കോടിയേരി വ്യക്തമാക്കി. സജി ചെറിയാന്‍ കൈകാര്യം ചെയ്തിരുന്ന ഫിഷറീസ്, സാംസ്കാരിക,സിനിമ വകുപ്പുകള്‍ മുഖ്യമന്ത്രിയാണ് ഇപ്പോള്‍ കൈകാര്യം ചെയ്യുന്നത്. കോടതിയില്‍ നിന്ന് സജി ചെറിയാന് അനുകൂല നിലപാട് ഉണ്ടായാല്‍ തിരിച്ച് വരാനുള്ള സാധ്യത കൂടി സി.പി.എം തുറന്നിടുന്നുണ്ട്. എന്നാല്‍ നിയമപരമായി കൂടി തിരിച്ചടി നേരിട്ടാല്‍ അപ്പോള്‍ പുതിയ മന്ത്രിയെ കുറിച്ച് ആലോചിക്കും. അങ്ങനെയെങ്കില്‍ സംസ്ഥാന സമിതി വിളിച്ച് ഇക്കാര്യം വിശദമായി ചര്‍ച്ച ചെയ്യും.

നിലവില്‍ സജി ചെറിയാന്‍ എംഎല്‍എ സ്ഥാനം രാജിവെക്കേണ്ടതില്ലെന്നാണ് സി.പി.എമ്മിലെ ധാരണ. കോടതി കടുത്ത പരാമര്‍ശങ്ങള്‍ നടത്തിയാല്‍ രാജിയെ കുറിച്ച് അപ്പോള്‍ ആലോചിക്കാമെന്നാണ് നേതൃത്വത്തിന്‍റെ നിലപാട്. അതേസമയം ഇന്നത്തെ സി.പി.എം സെക്രട്ടേറിയറ്റ് യോഗത്തില്‍ സജി ചെറിയാന്‍ പങ്കെടുത്തില്ല. ആലപ്പുഴയിൽ പരിപാടി ഉള്ളതിനാൽ പങ്കെടുക്കുന്നില്ലെന്നാണ് വിശദീകരണം.

എകെജി സെന്‍റര്‍ ആക്രമണത്തില്‍ കൃത്യമായ അന്വേഷണം പൊലീസ് നടത്തുന്നുണ്ടെന്ന് കോടിയേരി അവകാശപ്പെട്ടു. പ്രതികളെ പിടികൂടാൻ സമയം എടുക്കും. യൂത്ത് കോൺഗ്രസ് ക്യാമ്പിലെ പീഡനം സംബന്ധിച്ച് പൊലീസിൽ പരാതി നൽകിയാൽ നിലനിൽക്കുമെന്നും കോടിയേരി പറഞ്ഞു.


Similar Posts