വിദഗ്ധ ചികിത്സയ്ക്കായി കോടിയേരി ബാലകൃഷ്ണൻ ചെന്നൈയിലേക്ക്; മുഖ്യമന്ത്രി സന്ദർശിച്ചു
|രാവിലെ പി. ജയരാജൻ അടക്കമുള്ള സിപിഎം നേതാക്കൾ കോടിയേരിയെ സന്ദർശിക്കാനെത്തി
തിരുവനന്തപുരം: സിപിഎം മുൻ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെ വിദ്ഗ്ധ ചികിത്സയ്ക്കായി ചെന്നൈയിലേക്ക് കൊണ്ടുപോകും. മുഖ്യമന്ത്രി പിണറായി വിജയൻ കോടിയേരിയുടെ വസതിയിലെത്തി സന്ദർശിച്ചു. ചെന്നൈയിലെ അപ്പോളോ ആശുപത്രിയിലേക്കാണ് കോടിയേരിയെ മാറ്റുന്നത്.
10.30 ഓടെ കോടിയേരിയുമായി ആംബുലൻസ് എയർപോർട്ടിലേക്ക് പോകും. സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനും കോടിയേരിയെ സന്ദർശിക്കാനെത്തും. രാവിലെ പി. ജയരാജൻ അടക്കമുള്ള സിപിഎം നേതാക്കൾ കോടിയേരിയെ സന്ദർശിക്കാനെത്തി. ഉച്ചയോടു കൂടി ആശുപത്രിയിൽ എത്തിക്കാനായിരുന്നു തീരുമാനം. അദ്ദേഹത്തെ കൊണ്ടുപോകാനുള്ള എയർ ആംബുലൻസ് വിമാനത്താവളത്തിൽ എത്തിയിട്ടുണ്ട്. കാലാവസ്ഥ കൂടി പരിഗണിച്ചായിരിക്കും ചെന്നൈയിലേക്കുള്ള ഹെലികോപ്ടർ യാത്ര. അപ്പോളോ ആശുപത്രിയിൽ നിന്നുള്ള വിദഗ്ധ സംഘം തിരുവനന്തപുരത്ത് എത്തിയിട്ടുണ്ട്.
അനാരോഗ്യത്തെ തുടർന്ന് കോടിയേരി ബാലകൃഷ്ണൻ ഒഴിഞ്ഞ സി.പി.എം സംസ്ഥാന സെക്രട്ടറി പദത്തിലേക്ക് തദ്ദേശ സ്വയംഭരണ-എക്സൈസ് മന്ത്രി എം.വി ഗോവിന്ദനെ ഇന്നലെയാണ് തെരഞ്ഞെടുത്തത്. സി.പി.എം സംസ്ഥാന സമിതി യോഗത്തിലായിരുന്നു തീരുമാനം. ഇതോടെ ഗോവിന്ദന് മന്ത്രിസ്ഥാനം ഒഴിയേണ്ടിവരും. അദ്ദേഹം കൈകാര്യം ചെയ്ത വകുപ്പിലേക്ക് പുതിയ ആളെ കണ്ടെത്തുകയോ മറ്റൊരാൾക്ക് ചുമതല നൽകുകയ ചെയ്യേണ്ടിവരും. മുഖ്യമന്ത്രി പിണറായി വിജയനും സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയും കോടിയേരിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിനു ശേഷം ചേർന്ന സി.പി.എം സംസ്ഥാന കമ്മിറ്റി യോഗത്തിലാണ് കണ്ണൂരിൽ നിന്നുള്ള നേതാവിനെ തന്നെ സംസ്ഥാന സെക്രട്ടറിയാക്കാൻ തീരുമാനിച്ചത്. എം.വി ഗോവിന്ദൻ, എം.എ ബേബി, എ വിജയരാഘവൻ, പി രാജീവ് എന്നിവരുടെ പേരുകളാണ് ഉയർന്നുകേട്ടതെങ്കിലും അവസാനം ഗോവിന്ദന് നറുക്ക് വീഴുകയായിരുന്നു. സെക്രട്ടറി സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ടതിനു പിന്നാലെ അദ്ദേഹം കോടിയേരിയുമായി കൂടിക്കാഴ്ച നടത്തി.