'പ്രതിഷേധക്കാർ വിമാനത്തിലുണ്ടെന്ന് അറിയാമായിരുന്നു, അവരെ തടയേണ്ടെന്ന് മുഖ്യമന്ത്രിയാണ് പറഞ്ഞത്'; വിശദീകരണവുമായി കോടിയേരി
|വധശ്രമം, ഔദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തൽ, കുറ്റകരമായ ഗൂഢാലോചന, വിമാനത്തിന്റെ സുരക്ഷിതത്വത്തിന് ഹാനികരമായ രീതിയിൽ അക്രമം കാട്ടൽ എന്നീ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്
കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയനെതിരെ നടന്ന വിമാന പ്രതിഷേധം സംബന്ധിച്ച് വിശദീകരണവുമായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ പ്രസംഗം. പ്രതിഷേധക്കാർ വിമാനത്തിലുണ്ടെന്ന് മുഖ്യമന്ത്രിക്ക് നേരത്തെ അറിയാമായിരുന്നുവെന്നും അവരെ തടയേണ്ടെന്ന് മുഖ്യമന്ത്രിയാണ് പറഞ്ഞതെന്നും അദ്ദേഹം തിങ്കളാഴ്ച കോഴിക്കോട് നടത്തിയ പ്രസംഗത്തിൽ വിശദീകരിച്ചു. വിമാനം നിർത്തിയപ്പോൾ മുഖ്യമന്ത്രി ആദ്യം തന്നെ വിമാനത്തിൽ നിന്ന് പുറത്തേക്കിറങ്ങിയെന്നും മുഖ്യമന്ത്രിയുടെ അടുത്തേക്ക് എത്താനാകില്ലെന്ന് മനസ്സിലാക്കിയപ്പോൾ പ്രതിഷേധക്കാർ മുദ്രാവാക്യം വിളിക്കാൻ തുടങ്ങിയെന്നും കോടിയേരി പറഞ്ഞു.
മുഖ്യമന്ത്രിയുടെ അടുത്തേക്ക് യൂത്ത് കോൺഗ്രസ് പ്രവർത്തകർ ധൃതിയിൽ ഇറങ്ങാൻ ശ്രമിച്ചപ്പോൾ ഇ.പി ജയരാജൻ തടയുകയായിരുന്നുവെന്നും കോടിയേരി വിശദീകരിച്ചു. മുദ്രാവാക്യം വിളിക്കുന്ന സമയത്ത് മുഖ്യമന്ത്രിയുടെ സ്റ്റാഫും ഇപി ജയരാജനും ഉണ്ടായിരുന്നുവെന്നും നേരത്തെ ഇറങ്ങിക്കോളാൻ ജയരാജൻ മുഖ്യമന്ത്രിയോട് പറഞ്ഞുവെന്നും അതോടെ മുഖ്യമന്ത്രി കാറിൽ കയറി പുറത്തേക്ക് എത്തിയെന്നും അദ്ദേഹം പറഞ്ഞു.
മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിമാനത്തിൽ പ്രതിഷേധം നടത്തിയ കേസിലെ പ്രതികളായ യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ ജാമ്യ ഹരജി തിരുവനന്തപുരം ജില്ലാ കോടതി തള്ളിയിരിക്കുകയാണ്. ഫർസീൻ മജീദ്, നവീൻ കുമാർ എന്നിവരുടെ ഹരജിയാണ് തള്ളിയത്. ഇതോടെ 26ാം തിയ്യതി വരെ ഇവരുടെ ജുഡീഷ്യൽ കസ്റ്റഡി തുടരും. വധശ്രമം, ഔദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തൽ, കുറ്റകരമായ ഗൂഢാലോചന, വിമാനത്തിന്റെ സുരക്ഷിതത്വത്തിന് ഹാനികരമായ രീതിയിൽ അക്രമം കാട്ടൽ എന്നീ വകുപ്പുകൾ ചുമത്തിയാണ് ഇവർക്കെതിരെ കേസെടുത്തിരിക്കുന്നത്. ഒന്നാം പ്രതി ഫർസീൻ മജീദ് റൗഡി ലിസ്റ്റിൽപെട്ടയാളാണെന്ന് സർക്കാർ കോടതിയെ അറിയിച്ചു. പ്രതിക്ക് എതിരെ പതിമൂന്ന് കേസുണ്ടെന്നും അറിയിച്ചു. എന്നാൽ വിമാനത്തിൽ അക്രമം കാട്ടിയത് ഇ പി ജയരാജനാണെന്നും അദ്ദേഹത്തെ കേസിൽ നിന്ന് ഒഴിവാക്കിയത് നിഗൂഢമെന്ന് പ്രതിഭാഗം വാദിച്ചു. ഇക്കാര്യം കേസിൽ ഒരിടത്തും പരാമർശിച്ചില്ലെന്നും പ്രതിഭാഗം കുറ്റപ്പെടുത്തി. കേസിൽ കോടതി മാറ്റിയതിനെ എതിർത്ത് പ്രതിഭാഗം വീണ്ടും കോടതിയെ സമീപിച്ചിരുന്നു. എന്നാൽ കേസ് ജില്ലാ കോടതി തന്നെ പരിഗണിക്കുകയായിരുന്നു. നേരത്തെ പ്രോസിക്യൂഷൻ വാദം അംഗീകരിച്ചാണ് കേസ് ജില്ല കോടതിയിലേക്ക് മാറ്റിയത്.
CPM state secretary Kodiyeri Balakrishnan's speech on the air protest against Chief Minister Pinarayi Vijayan