കോടിയേരി: പ്രത്യയശാസ്ത്ര കാർക്കശ്യം ഉയർത്തിപ്പിടിക്കുമ്പോഴും നയപരമായ ഇടപെടൽ നടത്തിയ നേതാവ്
|വിഭാഗീയതയുടെ കൊടുമുടിയിൽ നിൽക്കുന്ന സമയത്ത് പാർട്ടിയെ നയിക്കാൻ ചുമതല ഏറ്റെടുത്ത നേതാവ്. സെക്രട്ടറി സ്ഥാനത്ത് ഏഴു വർഷം പൂർത്തിയായപ്പോൾ സിപിഎമ്മിന് എന്നും തലവേദനായായിരുന്ന വിഭാഗീയത ഇല്ലെന്ന് പറയാൻ കാരണക്കാരനായതും കോടിയേരി തന്നെയായിരുന്നു.
കണ്ണൂർ: പാർട്ടി പ്രത്യയശാസ്ത്രത്തിന്റെ കാർക്കശ്യം നിലനിർത്തിയതിനൊപ്പം നയപരമായ ഇടപെടൽ കൊണ്ട് രാഷ്ട്രീയത്തിൽ തന്റേതായ ഇടം നേടിയെടുത്ത നേതാവാണ് കോടിയേരി ബാലകൃഷ്ണൻ. വിഭാഗീയതയുടെ കൊടുമുടിയിൽ നിൽക്കുന്ന സമയത്ത് പാർട്ടിയെ നയിക്കാൻ ചുമതല ഏറ്റെടുത്ത നേതാവ്. സെക്രട്ടറി സ്ഥാനത്ത് ഏഴു വർഷം പൂർത്തിയായപ്പോൾ സിപിഎമ്മിന് എന്നും തലവേദനായായിരുന്ന വിഭാഗീയത ഇല്ലെന്ന് പറയാൻ കാരണക്കാരനായതും കോടിയേരി തന്നെയായിരുന്നു.
2015 ൽ കോടിയേരി പാർട്ടി സംസ്ഥാന സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട സമയത്ത് വിഭാഗീയതയുടെ കൊടുമുടിയിലായിരിന്നു സിപിഎം. സമ്മേളനത്തിൽനിന്ന് ഇറങ്ങിപ്പോയി വിഎസ് പാർട്ടിയെ മുൾമുനയിൽ നിർത്തിയ സമയം. എന്നാൽ ചുമതലയേറ്റടുത്ത ശേഷം തികഞ്ഞ നയതന്ത്രമികവോടെയാണ് കോടിയേരി പാർട്ടിയെ നയിച്ചത്. വിഎസ് യുഗത്തിന്റെ അന്ത്യത്തിന് ശേഷം പിണറായി-കോടിയേരി വിഭാഗങ്ങളുണ്ടാവുമെന്ന് പ്രവചിച്ചവരുണ്ടായിരുന്നു. എന്നാൽ അവിടേയും കോടിയേരിയുടെ നയപരമായ ഇടപെടൽ പ്രകടമായി. ഒരു കാലത്തും ഇല്ലാത്തത് പോലെ പാർട്ടിയും സർക്കാരും ഇഴയടുപ്പം പോലെ പ്രവർത്തിച്ചു. പിണറായിക്കൊപ്പവും ഒരൽപ്പം പിന്നിലും നിന്ന് പാർട്ടിയും സർക്കാരും ഒന്നാണെന്ന് തെളിയിച്ചു.
തൃശൂർ സമ്മേളനത്തിലേക്ക് എത്തിയപ്പോഴും നയിക്കാൻ മറ്റൊരു പേരും സിപിഎമ്മിന് മുന്നിലുണ്ടായിട്ടില്ല. തദ്ദേശതെരഞ്ഞെടുപ്പിലെ ഉജ്ജ്വല വിജയം കോടിയേരിയുടെ സ്ഥാനം അരക്കിട്ടുറപ്പിച്ചു. ലോക്സഭാ തെരഞ്ഞെടുപ്പിൽ പാർട്ടിക്ക് അടിതെറ്റിയപ്പോൾ വീടുവീടാന്തരം കയറി തെറ്റ് തിരുത്തൽ നടപടിയിൽ മുന്നിൽ നിന്നു. തുടർഭരണത്തിന് ആ സംഘടനമികവും കാരണമായിട്ടുണ്ടെന്ന് സംശയങ്ങൾക്കിട നൽകാതെ പാർട്ടിക്കാർ പറയും. വിവാദങ്ങൾ സർക്കാരിനെ പിടിച്ച് കുലുക്കിയപ്പോഴെല്ലാം നയപരമായ ഇടപെടലുകളും പ്രതികരണങ്ങളും നടത്തി. അവയൊക്കെ വിവാദങ്ങളെ നിഷ്പ്രഭമാക്കി. പാർട്ടി പ്രവർത്തകരിൽ ഊർജ്ജം നിറച്ചു. ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് ഇടക്കാലത്ത് സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറി നിന്നെങ്കിലും കൂടുതൽ കരുത്തോടെ കോടിയേരി തിരികെ വന്നു. എറണാകുളം സമ്മേളനത്തിൽ സെക്രട്ടറിയായുള്ള മൂന്നാം വരവ്. എന്നാൽ അതിന് ശേഷം ആരോഗ്യപ്രശ്നങ്ങൾ വീണ്ടും രൂക്ഷമായി. പക്ഷേ അതൊന്നും വകവെക്കാതെ പാർട്ടി കാര്യങ്ങൾ ഒരു വീഴ്ചയും ഇല്ലാതെ ചെയ്തു. വിടപറയുമ്പോൾ സിപിഎമ്മിനും രാഷ്ട്രീയ കേരളത്തിനും കോടിയേരി ഒഴിച്ചിടുന്ന വിടവ് നികത്താനാവാത്തതാണ്.