'സർവേ കല്ലുകൾ പിഴുതെറിഞ്ഞതുകൊണ്ട് പദ്ധതി ഇല്ലാതാകില്ല, യുദ്ധം ചെയ്യാനുള്ള ശേഷി കോൺഗ്രസിനില്ല': കോടിയേരി
|''ആര്‍.എസ്.എസും എസ്‍.ഡി.പി.ഐയും മത്സരിച്ച് കേരളത്തില്‍ പ്രശ്നമുണ്ടാക്കാന്‍ ശ്രമിക്കുകയാണ്. ഇതിന്‍റെ ഭാഗമായി ആര്‍.എസ്.എസുക്കാര്‍ ആയുധങ്ങളേന്തി പ്രകടനം നടത്തി പ്രകോപനം സൃഷ്ടിക്കാനാണ് ശ്രമിക്കുന്നത്''
സർവേ കല്ലുകൾ പിഴുതെറിഞ്ഞതുകൊണ്ട് കെ റെയില്‍ പദ്ധതി ഇല്ലാതാകില്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ഇപ്പോള്‍ ആധുനികമായ സംവിധാനങ്ങളുണ്ട്. ഡിജിറ്റല്‍ സംവിധാനം വഴി സര്‍വേ കല്ല് എവിടെയെല്ലാമാണ് സ്ഥാപിച്ചതെന്ന് വ്യക്തമാകും. പണ്ട് നടത്തിയതു പോലെ സര്‍വേ കുറ്റി എടുത്തുമാറ്റിയാല്‍ പദ്ധതി ഇല്ലാതാക്കാം എന്നുള്ള ധാരണ മൗഢ്യമാണ്. അത്തരം സമീപനങ്ങളില്‍ നിന്നും യു.ഡി.എഫ് നേതൃത്വം പിന്തിരിയണമെന്നും കോടിയേരി പറഞ്ഞു.
യുദ്ധം ചെയ്യാനുള്ള ശേഷി കോൺഗ്രസിനില്ല. അതെല്ലാം പണ്ടേ നഷ്ടപ്പെട്ടു പോയി. ഇപ്പോള്‍ വെറും വീരസ്യം പറയാനേ അവര്‍ക്ക് കഴിയൂ. വികസനപദ്ധതികള്‍ തടസ്സപ്പെടുത്താന്‍ ശ്രമിച്ചാല്‍ ജനങ്ങള്‍ അവരെ ഒറ്റപ്പെടുത്തുമെന്നും കോടിയേരി കൂട്ടിച്ചേര്‍ത്തു. കെ റെയിൽ പദ്ധതിയെ അനുകൂലിക്കുന്നവരാണ് കേരളത്തിലെ ഭൂരിഭാഗം പേരുമെന്നും തടസപ്പെടുത്തിയാൽ നിയനടപടി നേരിടേണ്ടി വരുമെന്നും കോടിയേരി പറഞ്ഞു.
അതെ സമയം രൺജീത്ത് വധത്തിന്‍റെ പശ്ചാത്തലത്തിൽ സംഘപരിവാർ നടത്തുന്ന മണ്ഡല യാത്രയ്ക്കിടെ സംഘർഷമുണ്ടാകുമെന്ന ഇന്‍റലിജന്‍സ് മുന്നറിയിപ്പിനെ കുറിച്ചും കോടിയേരി പ്രതികരിച്ചു. ആര്‍.എസ്.എസും എസ്‍.ഡി.പി.ഐയും മത്സരിച്ച് കേരളത്തില്‍ പ്രശ്നമുണ്ടാക്കാന്‍ ശ്രമിക്കുകയാണ്. ഇതിന്‍റെ ഭാഗമായി ആര്‍.എസ്.എസുക്കാര്‍ ആയുധങ്ങളേന്തി പ്രകടനം നടത്തി പ്രകോപനം സൃഷ്ടിക്കാനാണ് ശ്രമിക്കുന്നത്. അതിനെതിരായി എസ്.ഡി.പി.ഐക്കാരും തയ്യാറെടുത്തു കൊണ്ടിരിക്കുന്നു എന്ന വാര്‍ത്തയുമുണ്ട്. സംസ്ഥാനത്ത് കലാപഭൂമിയാക്കാനാണ് ആർ.എസ്.എസിന്‍റെയും എസ്.ഡി.പി.ഐയുടെയും ശ്രമമെന്നും ഈ ശ്രമത്തിനെതിരെ മതനിരപേക്ഷ ശക്തികൾ ഒന്നിക്കണമെന്നും കോടിയേരി ആഹ്വാനം ചെയ്തു. സർവ്വ ശക്തിയുമുപയോഗിച്ച് സംഘർഷം ഉണ്ടാക്കാനുള്ള ശ്രമത്തെ സർക്കാർ എതിർക്കുമെന്നും കോടിയേരി പറഞ്ഞു.
ആഭ്യന്തര വകുപ്പിനെതിരെ സി.പി.എം ഇടുക്കി ജില്ലാ സമ്മേളനത്തില്‍ ഉയര്‍ന്ന വിമര്‍ശനത്തിലും കോടിയേരി മറുപടി നല്‍കി. മികച്ച പൊലീസ് സംവിധാനമാണ് കേരളത്തിലേത്. പൊലീസുകാരുടെ ഭാഗത്തു നിന്നും ഒറ്റപ്പെട്ട ചില സംഭവങ്ങൾ ഉണ്ടായിട്ടുണ്ടെന്നും അത്തരക്കാർക്കെതിരെ വകുപ്പ് തല നടപടിയും സ്വീകരിച്ചിട്ടുണ്ടെന്നും കോടിയേരി വ്യക്തമാക്കി. വകുപ്പിനു മാത്രമായി മന്ത്രി വേണമെന്ന ആവശ്യം സമ്മേളനത്തിലുയർന്നില്ലെന്നും കോടിയേരി അറിയിച്ചു.