കോടിയേരി: രാഷ്ട്രീയത്തിൽ പിണറായിയുടെ പിൻഗാമി, വിശ്വസ്തൻ
|രാഷ്ട്രീയത്തിൽ പിണറായി കാർക്കശ്യക്കാരന്റെ വേഷമണിഞ്ഞപ്പോൾ സൗമ്യതയുടെയും അനുരഞ്ജന ഭാവമായിരുന്നു കോടിയേരിക്ക്. എന്നാൽ വ്യക്തി ജീവിതത്തിലും രാഷട്രീയത്തിലും ഇരുവരും തോൾ ചേർന്ന് നിന്നു.
കണ്ണൂർ: സിപിഎമ്മിൽ പിണറായി വിജയന്റെ പിൻഗാമിയായിരുന്നു കോടിയേരി. രാഷട്രീയ സഞ്ചാരം എന്നും പിണറായിയോട് ചേർന്നുനിന്നുകൊണ്ടായിരുന്നു. ഭരണവും പാർട്ടിയും ഒരേ വഴിക്ക് കൊണ്ടുപോകാൻ രാസത്വരകമായതും ഈ ഇഴയടുപ്പമാണ്. വിവാദങ്ങളിൽപ്പെട്ടപ്പോഴും കോടിയേരിയേരിക്ക് തിരിച്ചുവരവിന് ഊർജം പകർന്ന് ഒപ്പം നിന്നതും പിണറായി വിജയനെന്ന ആത്മസുഹൃത്താണ്.
രാഷ്ട്രീയത്തിൽ പിണറായി കാർക്കശ്യക്കാരന്റെ വേഷമണിഞ്ഞപ്പോൾ സൗമ്യതയുടെയും അനുരഞ്ജന ഭാവമായിരുന്നു കോടിയേരിക്ക്. എന്നാൽ വ്യക്തി ജീവിതത്തിലും രാഷട്രീയത്തിലും ഇരുവരും തോൾ ചേർന്ന് നിന്നു. അടിയന്തരാവസ്ഥകാലത്ത് കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് തുടങ്ങിയ സൗഹൃദം കോടിയേരിയെയും പിണറായിയെയും ഏറ്റവും പ്രിയപ്പെട്ട സഖാക്കളാക്കി. പാർട്ടിയിലെ സ്ഥാനമാനങ്ങളിൽ പിണറായിയുടെ പിന്മുറക്കാരനായി.
വിഭാഗീയത രൂക്ഷമായ ഘട്ടത്തിൽ പിണറായിയുടെ വിശ്വസ്തനായിരുന്നു കോടരിയേരി. ചിലപ്പോഴൊക്കെ വിഎസ് പിണറായി തർക്കത്തിൽ ഇടനിലക്കാരനായി. 2016ൽ എൽഡിഎഫ് സർക്കാർ അധികാരമേറ്റത് മുതൽ ഭരണവും പാർട്ടിയും ഒരേവഴിക്ക് സഞ്ചരിക്കാൻ പ്രധാന കാരണമായതും ഈ സൗഹൃദക്കൂട്ട് തന്നെ. ഇരുവരും തമ്മിൽ എത്രത്തോളം ബന്ധമുണ്ടായിരുന്നുവെന്ന് വ്യക്തമാക്കുന്നതാണ് മുഖ്യമന്ത്രിയുടെ അനുശോചനക്കുറിപ്പ്. തനിക്ക് നഷ്ടമായത് സഹോദരതുല്യനെയല്ല സഹോദരനെത്തന്നെയാണ് എന്നാണ് അദ്ദേഹം പറഞ്ഞത്. കേരള രാഷട്രീയത്തിൽ പതിറ്റാണ്ടുകൾ നീണ്ട ഒരു അപൂർവ സൗഹൃദത്തിന്റെ ഓർമകൾ കൂടി ബാക്കി വെച്ചാണ് കോടിയേരിയുടെ മടക്കം.