കല്ലിടാതെയും കെ റെയിൽ നടപ്പാക്കാം; ജനങ്ങളുമായി യുദ്ധത്തിനില്ലെന്ന് കോടിയേരി
|ഗെയിൽ പൈപ്പ് ലൈൻ ഒരിക്കലും നടപ്പാകില്ലെന്നാണ് യുഡിഎഫ് പറഞ്ഞത്. എന്നാൽ പിണറായി സർക്കാർ അത് നടപ്പാക്കി. സാധ്യമല്ലെന്ന് പറഞ്ഞ കാര്യങ്ങൾ സാധ്യമാക്കിയ സർക്കാറാണ് ഇടതുപക്ഷ സർക്കാറെന്നും കോടിയേരി പറഞ്ഞു.
തിരുവനന്തപുരം: ആധുനിക സംവിധാനങ്ങൾ ഉപയോഗിച്ച് കല്ലിടാതെയും കെ റെയിൽ നടപ്പാക്കാമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ജനങ്ങളുമായി യുദ്ധം ചെയ്ത് പദ്ധതി നടപ്പാക്കാനില്ല, ജനങ്ങളെ സഹകരിപ്പിച്ചുകൊണ്ട് പദ്ധതി നടപ്പാക്കാനാണ് സർക്കാർ ഉദ്ദേശിക്കുന്നത്. വീടും സ്ഥലവും നഷ്ടമാകുന്നവർക്ക് ഇപ്പോൾ ഉള്ളതിനേക്കാൾ മികച്ച സൗകര്യങ്ങൾ ലഭ്യമാക്കുമെന്നും കോടിയേരി പറഞ്ഞു.
ബിജെപിക്കും കോൺഗ്രസിനും മാത്രമാണ് പ്രശ്നമുള്ളത്. എൽഡിഎഫ് ഭരിക്കുമ്പോൾ ഒരു വികസനവും നടപ്പാക്കിയില്ലെന്ന് പറയുകയാണ് അവരുടെ ലക്ഷ്യം. അത് തടയാനാണ് രണ്ടാം പിണറായി സർക്കാറിന്റെ വാഗ്ദാനങ്ങൾ നടപ്പാക്കുന്നതെന്നും കോടിയേരി പറഞ്ഞു.
ഗെയിൽ പൈപ്പ് ലൈൻ ഒരിക്കലും നടപ്പാകില്ലെന്നാണ് യുഡിഎഫ് പറഞ്ഞത്. എന്നാൽ പിണറായി സർക്കാർ അത് നടപ്പാക്കി. സാധ്യമല്ലെന്ന് പറഞ്ഞ കാര്യങ്ങൾ സാധ്യമാക്കിയ സർക്കാറാണ് ഇടതുപക്ഷ സർക്കാറെന്നും കോടിയേരി പറഞ്ഞു.
കോവിഡ് കാലത്ത് മനുഷ്യരെ മാത്രമല്ല മൃഗങ്ങളെയും സംരക്ഷിച്ച സർക്കാറാണിത്. ആനകളുള്ളവർക്ക് അവയെ സംരക്ഷിക്കാൻ സർക്കാർ സാമ്പത്തിക സഹായം നൽകി. കുരങ്ങുകൾക്ക് പോലും ഭക്ഷണം നൽകി. അവർക്ക് വോട്ടുണ്ടോ എന്ന് നോക്കിയല്ല അത് ചെയ്തത്. മൃഗങ്ങളെയും പരിസ്ഥിതിയേയും സംരക്ഷിക്കേണ്ടത് ബാധ്യതയായി കാണുന്ന സർക്കാറാണ് പിണറായി സർക്കാറെന്നും കോടിയേരി പറഞ്ഞു.