സിൽവർലൈനെ ആദ്യം പിന്തുണച്ച കേന്ദ്രം ഇപ്പോൾ ചുവടുമാറ്റുന്നത് കേരളം വളരേണ്ടെന്ന മനോഭാവം കൊണ്ടാണെന്ന് കോടിയേരി
|ഹൈ സ്പീഡ് റെയിൽ പദ്ധതി പ്രഖ്യാപിച്ച യു.ഡി.എഫ് സെമി ഹൈസ്പീഡ് പദ്ധതിയായ സിൽവർ ലൈനെ എതിർക്കുന്നത് ഇരട്ടത്താപ്പാണ്
കെ റെയിൽ വിഷയത്തിൽ സർക്കാരിനെതിരെ വിമോചനസമര മാതൃകയിൽ എല്ലാവരും കൈ കോർക്കുകയാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ഹൈ സ്പീഡ് റെയിൽ പദ്ധതി പ്രഖ്യാപിച്ച യു.ഡി.എഫ് സെമി ഹൈസ്പീഡ് പദ്ധതിയായ സിൽവർ ലൈനെ എതിർക്കുന്നത് ഇരട്ടത്താപ്പാണ്. സിൽവർലൈനെ ആദ്യം പിന്തുണച്ച കേന്ദ്രം ഇപ്പോൾ ചുവടുമാറ്റുന്നത് കേരളം വളരേണ്ട എന്ന മനോഭാവം കൊണ്ടാണെന്നും കോടിയേരി വിമർശിച്ചു. ദേശാഭിമാനി പത്രത്തിലെഴുതിയ ലേഖനത്തിലാണ് കോടിയേരിയുടെ വിമർശനം.
വിശദ പദ്ധതിരേഖ (ഡിപിആർ) പുറത്തുവിടണമെന്നും പ്രതിപക്ഷത്തിന്റെ ആശങ്കകൾ പരിഹരിക്കണമെന്നും താൻ ഉന്നയിച്ച ആറ് ചോദ്യത്തിന് ഉത്തരം നൽകണമെന്നുമാണ് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറയുന്നത്. പദ്ധതിയുടെ സംക്ഷിപ്ത റിപ്പോർട്ട് സർക്കാർ പ്രസിദ്ധീകരിച്ചു. ഹൈ സ്പീഡ് റെയിൽ പദ്ധതി പ്രഖ്യാപിച്ച യു.ഡി.എഫാണ് സെമി ഹൈസ്പീഡ് പാതയായ സിൽവർലൈനിനെ എതിർക്കുന്നത്. ഇത് ഇരട്ടത്താപ്പാണ്. വിശദ പദ്ധതിരേഖ ആവശ്യപ്പെടുന്ന പ്രതിപക്ഷം അങ്ങനെയെങ്കിൽ ആ രേഖ വരുംമുമ്പേ എന്തിനാണ് കാര്യമറിയാതെ പദ്ധതിയെ തള്ളിപ്പറയുന്നത്.
അർധ അതിവേഗപാത വന്നാൽ എൽ.ഡി.എഫ് സർക്കാരിന്റെ ഭരണകാലത്ത് ജനങ്ങൾക്ക് സംസ്ഥാനത്തിന്റെ ഒരറ്റത്തുനിന്ന് മറ്റൊരു അറ്റത്തേക്ക് എത്താൻ സാധിക്കും. അത് ഭാവിയിൽ യു.ഡി.എഫ്–-ബിജെപി ബഹുജനാടിത്തറയിൽ ചോർച്ചയുണ്ടാക്കുമെന്ന ആശങ്കയാണ് വി.ഡി സതീശൻ ഉൾപ്പെടെയുള്ളവരെ സർക്കാർവിരുദ്ധ സമരത്തിന് പ്രേരിപ്പിക്കുന്നത്. ഇടതുപക്ഷം ഭരിക്കുമ്പോൾ കേരളം അത്രമേൽ വളരേണ്ട എന്ന മനോഭാവത്തിലാണ് മോദി ഭരണം. അതുകൊണ്ടാണ്, സിൽവർലൈൻ പദ്ധതിയെ ആദ്യം പിന്തുണച്ച കേന്ദ്രം ഇപ്പോൾ ചുവടുമാറ്റിയിരിക്കുന്നത്. തെരഞ്ഞെടുപ്പ് നടക്കാൻ പോകുന്ന യുപിയിലും മോദിയുടെ സംസ്ഥാനമായ ഗുജറാത്തിലും ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ കേന്ദ്രസർക്കാർ എത്ര ആയിരം കോടി രൂപയുടെ അതിവേഗ പദ്ധതികളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. മുംബൈ–-അഹമ്മദാബാദ് ഹൈസ്പീഡ് ലൈൻ നിർമാണത്തിലാണ്. വാരാണസിയിലേക്ക് പുതിയ അതിവേഗപാത വരുന്നു. ഇത്തരത്തിൽ കേന്ദ്ര റെയിൽവേ മന്ത്രാലയത്തിന്റെ മുൻകൈയിൽ 18 പുതിയ ലൈൻ. അതിൽ കേരളമില്ല.
കേന്ദ്രം യുപിയിൽ ഉൾപ്പെടെ നടപ്പാക്കുന്ന അതിവേഗ റെയിൽ പദ്ധതികൾക്കെതിരെ രാഹുലോ പ്രിയങ്കയോ കോൺഗ്രസ് നേതാക്കളോ ഒരു സത്യഗ്രഹവും നടത്തുന്നില്ല. കേന്ദ്ര അവഗണനയെ സ്വന്തം പദ്ധതികൊണ്ട് ചെറുക്കുന്ന കേരള സർക്കാരിനെ പിന്തുണയ്ക്കേണ്ടത് ആത്മാഭിമാനമുള്ള ഓരോ കേരളീയന്റെയും കടമയാണെന്നും ലേഖനത്തില് പറയുന്നു.