Kerala
ആദ്യ പ്രസ്താവന തിരുത്തി; വിമാനത്തിൽ മുഖ്യമന്ത്രിക്കെതിരെ നടന്നത് വധശ്രമമെന്ന് കോടിയേരി ബാലകൃഷ്ണൻ
Kerala

ആദ്യ പ്രസ്താവന തിരുത്തി; വിമാനത്തിൽ മുഖ്യമന്ത്രിക്കെതിരെ നടന്നത് വധശ്രമമെന്ന് കോടിയേരി ബാലകൃഷ്ണൻ

Web Desk
|
17 Jun 2022 1:44 AM GMT

മുഖ്യമന്ത്രി ഇറങ്ങിയ ശേഷമാണ് പ്രതിഷേധമുണ്ടായതെന്ന് കോടിയേരി നേരത്തെ പൊതുയോഗത്തിൽ പ്രസംഗിച്ചിരുന്നു

വിമാനത്തിൽ മുഖ്യമന്ത്രിക്കെതിരെ നടന്നത് വധശ്രമമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. മുഖ്യമന്ത്രി പുറത്തിറങ്ങും മുമ്പാണ് പ്രതിഷേധമുണ്ടായത്. മുഖ്യമന്ത്രിയെ തൊടാൻ കഴിയാതിരുന്നത് ഇപി ജയരാജന്റെയും മറ്റും ഇടപെടൽ കൊണ്ടാണെന്നും കോടിയേരി ദേശാഭിമാനിയിൽ എഴുതിയ ലേഖനത്തിൽ വ്യക്തമാക്കി. മുഖ്യമന്ത്രി ഇറങ്ങിയ ശേഷമാണ് പ്രതിഷേധമുണ്ടായതെന്ന് കോടിയേരി നേരത്തെ പൊതുയോഗത്തിൽ പ്രസംഗിച്ചിരുന്നു. എന്നാൽ മുഖ്യമന്ത്രിക്കൊപ്പം വിമാനത്തിലുണ്ടായിരുന്ന എൽഡിഎഫ് കൺവീനർ ഇ.പി ജയരാജൻ വധശ്രമമാണ് നടന്നതെന്ന് പറഞ്ഞിരുന്നു.

അക്രമികൾ പാഞ്ഞടുത്തത് മുഖ്യമന്ത്രി പുറത്തിറങ്ങും മുമ്പായിരുന്നുവെന്നും സീറ്റ് ബെൽറ്റ് ഊരാൻ നിർദേശം വരുന്നതിന് മുമ്പായിരുന്നു പ്രതിഷേധമെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയെ തൊടാൻ കഴിയാതിരുന്നത് ഇപി ജയരാജന്റെയും മറ്റും ഇടപെടൽ കൊണ്ടായിരുന്നുവെന്നും ചൂണ്ടിക്കാട്ടി. പൊലീസും ഏജൻസികളും മുഖ്യമന്ത്രിക്ക് സുരക്ഷ ഒരുക്കുമെന്നും കോടിയേരി വ്യക്തമാക്കി. എൽഡിഎഫ് സർക്കാരിനെ അസ്ഥിരപ്പെടുത്താനും മുഖ്യമന്ത്രിയെ അപായപ്പെടുത്താനും യുഡിഎഫ് - എൻഡിഎ മുന്നണികൾ സയാമീസ് ഇരട്ടകളെ പോലെ പ്രവർത്തിക്കുകയാണെന്ന് അദ്ദേഹം വിമർശിച്ചു. ഇന്ദിരാഭവൻ എൽഡിഎഫുകാർ ആക്രമിച്ചിട്ടില്ലെന്നും ഇതിന്റെ പേരിലുള്ള അക്രമമുറവിളി അടിസ്ഥാനമില്ലാത്തതാണെന്നും അദ്ദേഹം പറഞ്ഞു. സ്വർണക്കടത്ത് കേസിൽ പ്രതി രഹസ്യമൊഴി നൽകിയതിൽ അസാധാരണത്വമുണ്ടെന്നും ഇഡി നടത്തിയ ഒത്തുകളിയുടെ ഭാഗമായാണ് രഹസ്യമൊഴി രേഖപ്പെടുത്തിയതെന്നും കോടിയേരി വിമർശിച്ചു.

അതേസമയം, മുഖ്യമന്ത്രിക്കെതിരെ വിമാനത്തിൽ പ്രതിഷേധിച്ച സംഭവത്തിൽ യൂത്ത്‌കോൺഗ്രസ്സ് പ്രവർത്തകർ ഇന്ന് ജാമ്യത്തിനായി ഹൈകോടതിയെ സമീപിക്കും. കോടതി മാറ്റം അടക്കമുള്ള കാര്യങ്ങൾ ഹൈകോടതിയെ ധരിപ്പിക്കാനാണ് നീക്കം. കേസിലെ മൂന്നാം പ്രതിയായ സുനിത്ത് കരുണാകാരനായി മുൻകൂർ ജാമ്യത്തിനായും ഹൈകോടതിയെ സമീപിക്കും. എന്നാൽ അന്വേഷണം സംഘം ഇന്ന് ജില്ലാ കോടതിയിൽ കസ്റ്റഡി അപേക്ഷ നൽകും. സുനിത്ത് നാരായണനായി ഇന്ന് പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കും. ഇൻഡിഗോ നൽകിയ കത്തിൽ ഇ പി ജയരാജന്റെ പേര് ഉൾപ്പെടുത്താതിൽ വിവാദം തുടരുകയാണ്.



Similar Posts