കൊല്ലത്ത് കുട്ടിയെ തട്ടിക്കൊണ്ടുപോയ സംഭവം; അഞ്ച് ലക്ഷം രൂപ ആവശ്യപ്പെട്ട് ഫോൺകോൾ
|കുട്ടിയെ കുറിച്ച് വിവരം ലഭിക്കുന്നവർ 9946923282, 9495578999 എന്നീ നമ്പറുകളിൽ അറിയിക്കുക
കൊല്ലം: കൊല്ലം ഓയൂരിൽ അജ്ഞാത സംഘം തട്ടിക്കൊണ്ടു പോയ അഭികേൽ സാറ റെജിയെ (6) കുറിച്ച് വിവരം ലഭിച്ചതായി സൂചന. മോചനദ്രവ്യമായി അഞ്ച് ലക്ഷം രൂപ ആവശ്യപ്പെട്ട് കുട്ടിയുടെ അമ്മയുടെ ഫോണിലേക്ക് കോൾ എത്തി. ഒരു സ്ത്രീയാണ് വിളിച്ചതെന്നാണ് വിവരം.
കുട്ടി സുരക്ഷിതമായി തങ്ങളുടെ കയ്യിലുണ്ടെന്നും വിട്ടുകിട്ടണമെങ്കിൽ പണം വേണമെന്നും ആവശ്യപ്പെട്ടാണ് കോൾ എത്തിയത്. കോൾ ട്രേസ് ചെയ്ത് പൊലീസ് വിശദമായ പരിശോധന ആരംഭിച്ചു. കുട്ടിയെ തട്ടിക്കൊണ്ടു പോയവരുടെ കൂട്ടത്തിൽ ഒരു സ്ത്രീയുണ്ടെന്നാണ് സഹോദരൻ ജൊനാഥന്റെ മൊഴി. ഇത് സത്യമാണെന്ന വിവരങ്ങളാണ് പുറത്തു വരുന്നതും.
പണത്തിന് വേണ്ടി തന്നെയാണ് കുട്ടിയെ തട്ടിക്കൊണ്ടു പോയതെന്നാണ് നിഗമനം. തിരുവനന്തപുരത്തേക്കും പത്തനംതിട്ടയിലേക്കും പുനലൂർ വഴി തമിഴ്നാട്ടിലേക്കും കടക്കാമെന്നതിനാൽ അതിർത്തികളിൽ പൊലീസ് പരിശോധന ശക്തമാക്കിയിട്ടുണ്ട്. 14 ജില്ലകളിലും പൊലീസ് ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു. അതിർത്തികളിൽ എല്ലാ വാഹനങ്ങളും കർശനമായി പരിശോധിക്കാനാണ് എഡിജിപിയുടെ നിർദേശം.
കുറച്ച് ദിവസങ്ങളായി പരിസരത്ത് ഒരു വെള്ള കാർ കറങ്ങുന്നതായി പ്രദേശവാസികളായ കുട്ടികൾ മൊഴി നൽകിയിട്ടുണ്ട്. തിരുവനന്തപുരം രജിസ്ട്രേഷനിൽ ഉള്ളതാണ് ഈ കാർ. അതുകൊണ്ടു തന്നെ ജില്ല കേന്ദ്രീകരിച്ചുള്ള അന്വേഷണവും ഊർജിതമാണ്.
ഇന്ന് വൈകുന്നേരം 4.45 ഓടുകൂടിയാണ് സംഭവമുണ്ടാകുന്നത്. ഓയൂർ കാറ്റാടിമുക്കിൽ വെച്ച് കാറിലെത്തിയ സംഘം കുട്ടിയെ തട്ടികൊണ്ട് പോവുകയായിരുന്നു. വെള്ള നിറത്തിലുള്ള ഹോണ്ട അമയിസ് കാറിലാണ് സംഘമെത്തിയത്.കുട്ടിയുടെ ചേട്ടൻ ജോനാഥനൊപ്പം ട്യൂഷന് പോകുമ്പോഴാണ് സംഭവം. കുട്ടികളുടെ അടുത്ത് നിർത്തിയ വാഹനത്തിൽ നിന്നും ഇവർക്കുനേരെ കാറിലെത്തിയവർ ഒരു കടലാസ് നീട്ടി. ഇതിനിടെ പെൺകുട്ടിയെ കുട്ടിയെ ബലമായി കാറിലേക്ക് കയറ്റിക്കൊണ്ടുപോയി എന്നാണ് സഹോദരന്റെ മൊഴി.
updating