ജൊനാഥനെയും കാറിൽ കയറ്റാൻ ശ്രമം, കുട്ടി പ്രതിരോധിച്ചതോടെ അബിഗേലുമായി പാഞ്ഞു; കയ്യിലെ കമ്പുകൊണ്ട് അടിച്ചിട്ടും വിട്ടില്ലെന്ന് സഹോദരൻ
|അബിഗേലിനെ തട്ടിക്കൊണ്ടു പോയ വാഹനത്തിന്റെ ഉടമയെ പൊലീസ് കണ്ടെത്തിയിട്ടുണ്ട്, വിളിച്ച മൊബൈൽ നമ്പറിന്റെ ഉടമയെയും കണ്ടെത്തി
കൊല്ലം: കൊല്ലം ഓയൂരിൽ അജ്ഞാത സംഘം തട്ടിക്കൊണ്ടു പോയ അഭിഗേൽ സാറ റെജിക്കായി ഒന്നിച്ച് നാട്. പൊലീസിന്റെ ഊർജിത ശ്രമങ്ങൾക്ക് പുറമെ കുട്ടിക്കായി നാട്ടുകാരും തെരച്ചിലിനിറങ്ങിയിട്ടുണ്ട്.
കുട്ടികളുടെ വീടിന് രണ്ട് വീടപ്പുറത്താണ് ഇവർ ട്യൂഷന് പോകുന്നത്. കുട്ടികൾ പോകുന്ന വഴി ഒരു വെള്ള കാർ കുറച്ചു ദിവസമായി കറങ്ങുന്നുണ്ടായിരുന്നുവെന്നാണ് വിവരം. ഇതുവഴി പോകാൻ അബിഗേലിന് പേടിയുണ്ടായിരുന്നതായാണ് സഹോദരൻ ജൊനാഥൻ അറിയിക്കുന്നതും.
കുട്ടികൾ നടക്കവേ അടുത്തെത്തിയ വെള്ള കാറിൽ നിന്ന് സംഘം ഒരു വെള്ളം പേപ്പർ നീട്ടുകയും ജൊനാഥൻ ഇത് നോക്കുന്നതിനിടെ അബിഗേലിനെ സംഘം വലിച്ച് വണ്ടിയിലേക്ക് കയറ്റുകയുമായിരുന്നു. ജൊനാഥനെയും വണ്ടിയിലേക്ക് കയറ്റാൻ ശ്രമമുണ്ടായെങ്കിലും നടന്നില്ല. തുടർന്ന് കുട്ടിയെ കുറച്ച് ദൂരം വലിച്ചു കൊണ്ടുപോയി. അപകടം നടക്കുന്ന സമയത്ത് കയ്യിലിരുന്ന വടികൊണ്ട് പ്രതികളെ ജൊനാഥൻ അടിച്ച് പ്രതിരോധിച്ചെങ്കിലും അബിഗേലുമായി വണ്ടി ചീറിപ്പാഞ്ഞു.
കുട്ടി വഴിയിലിരുന്ന് നിലവിളിക്കുന്നത് കണ്ട നാട്ടുകാർ ആദ്യം കരുതിയത് വീട്ടുകാർക്കൊപ്പം വണ്ടിയിൽ പോകവേ കുട്ടി താഴെ വീണതാകാമെന്നാണ്. തുടർന്ന് കുട്ടി തന്നെ കാര്യം വിശദീകരിക്കുകയായിരുന്നു.
അബിഗേലിനായി 14 ജില്ലകളിലും കർശന ജാഗ്രതാ നിർദേശം പുറപ്പെടുവിച്ച പൊലീസ് അതിർത്തികളിൽ പരിശോധന കർശനമാക്കി. എല്ലാ വാഹനങ്ങളും പരിശോധിക്കാനാണ് ജില്ലാ പൊലീസ് മേധാവിമാർക്ക് എഡിജിപി എം.ആർ അജിത്കുമാറിന്റെ നിർദേശം.പരമാവധി പൊലീസുകാരെ എല്ലാ സ്റ്റേഷനുകളിൽ നിന്നും വിന്യസിച്ച് പരിശോധന നടത്തണമെന്നാണ് എഡിജിപി നിർദേശം നൽകിയിരിക്കുന്നത്.
കുട്ടിയെ വിട്ടുകിട്ടാൻ അഞ്ചുലക്ഷം രൂപ മോചനദ്രവ്യം ആവശ്യപ്പെട്ടെത്തിയ ഫോൺകോളിന്റെ ആധികാരികത പൊലീസ് പരിശോധിച്ചു വരികയാണ്. ഈ ഫോണിന്റെ ടവർ ലൊക്കേഷൻ കേന്ദ്രീകരിച്ചാണ് നിലവിൽ പരിശോധന. പണത്തിന് വേണ്ടി തന്നെയാണോ അതോ കേസ് വഴിതിരിച്ചു വിടാനാണോ ഫോൺകോൾ എന്നതടക്കം പരിശോധിക്കുന്നുണ്ട്.
പ്രതികൾ ജില്ല വിട്ടു എന്ന നിഗമനം തന്നെയാണ് പൊലീസിന്. നമ്പർ പ്ലേറ്റ് സിസിടിവിയിൽ കാണാവുന്ന രീതിയിൽ തന്നെ കൃത്യം നടത്തിയത് കേസ് കുഴപ്പിക്കാനാണോ എന്നതാണ് കുഴപ്പിക്കുന്ന മറ്റൊരു കാര്യം. റെയിൽവേ സ്റ്റേഷനുകളിലടക്കം പൊലീസിന്റെ പരിശോധനയുണ്ട്.
ഇന്ന് വൈകുന്നേരം 4.45 ഓടുകൂടിയാണ് സംഭവമുണ്ടാകുന്നത്. ഓയൂർ കാറ്റാടിമുക്കിൽ വെച്ച് കാറിലെത്തിയ സംഘം കുട്ടിയെ തട്ടികൊണ്ട് പോവുകയായിരുന്നു. വെള്ള നിറത്തിലുള്ള ഹോണ്ട അമയിസ് കാറിലാണ് സംഘമെത്തിയത്