അബിഗേലിനെ തട്ടിക്കൊണ്ടു പോയിട്ട് 15 മണിക്കൂർ; ഊർജിത അന്വേഷണം, പ്രാർഥനയോടെ നാട്
|അബിഗേലിനെ തട്ടിക്കൊണ്ടു പോകാനായി സംഘം കുറച്ച് ദിവസങ്ങളായി പദ്ധതിയിട്ടിരുന്നുവെന്നാണ് പൊലീസിന്റെ നിഗമനം
കൊല്ലം: ഓയൂരിൽ അബിഗേൽ സാറ എന്ന ആറുവയസുകാരിയെ അജ്ഞാത സംഘം തട്ടിക്കൊണ്ടു പോയിട്ട് 15 മണിക്കൂർ പിന്നിട്ടു. പ്രതിയുടേതെന്ന് സംശയിക്കുന്ന രേഖാചിത്രവും സിസിടിവി ദൃശ്യങ്ങളും കേന്ദ്രീകരിച്ച് വ്യാപക അന്വേഷണമാണ് നടക്കുന്നത്. എല്ലാ ജില്ലകളിലും ജാഗ്രതാ നിർദേശമുണ്ട്. അതിർത്തികളിൽ കർശന പരിശോധനയും തുടരുകയാണ്.
കുട്ടിയെ തട്ടിക്കൊണ്ടു പോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തെത്തിയിട്ടുണ്ട്. കുട്ടിയുടെ സഹോദരൻ ജൊനാഥനെ കാറിലേക്ക് കയറ്റാൻ വലിക്കുന്നത് ദൃശ്യങ്ങളിൽ വ്യക്തമാണ്. അബിഗേലിനെ കാറിലേക്ക് വലിച്ചു കയറ്റിയതിന് ശേഷമായിരുന്നു ജൊനാഥന് നേരെ സംഘം തിരിഞ്ഞത്. എന്നാൽ കുട്ടി എതിർത്തതോടെ അബിഗേലുമായി സംഘം പാഞ്ഞു.
അബിഗേലിനെ മുമ്പും തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ചതായാണ് കുട്ടിയുടെ മുത്തശ്ശി അറിയിക്കുന്ന നിർണായക വിവരം. ഇവരുടെ കൂടെ പോകുമ്പോഴായിരുന്നു സംഭവം. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് കണ്ടെത്തൽ.
കാർ കാണുമ്പോൾ അബിഗേൽ പേടിച്ചിരുന്നതായാണ് സഹോദരൻ ജൊനാഥന്റെ മൊഴി. കുറച്ചു ദിവസമായി പ്രദേശത്ത് വെള്ള കാർ കറങ്ങുന്നുണ്ടെന്നും കുട്ടി പറഞ്ഞിരുന്നു. ഈ വിവരങ്ങൾ വെച്ച് അബിഗേലിനെ തട്ടിക്കൊണ്ടു പോകാനായി സംഘം കുറച്ച് ദിവസങ്ങളായി പദ്ധതിയിട്ടിരുന്നുവെന്നാണ് പൊലീസിന്റെ നിഗമനം.
മോചനദ്രവ്യം ആവശ്യപ്പെട്ട് രണ്ട് ഫോൺകോൾ ആണ് വന്നിരിക്കുന്നത്. ആദ്യത്തെ തവണ അഞ്ച് ലക്ഷം രൂപ ആവശ്യപ്പെട്ട സംഘം പിന്നീട് 10 ലക്ഷവും ആവശ്യപ്പെട്ടു. പത്ത് ലക്ഷം രൂപ തന്നാൽ ഇന്ന് പത്ത് മണിക്ക് കുട്ടി വീട്ടിലെത്തുമെന്നാണ് ഒടുവിലെത്തിയ ഫോൺകോൾ. വിവരം പൊലീസിനെ അറിയിച്ചാൽ കുട്ടിയുടെ ജീവന് ആപത്താണെന്നാണ് ഭീഷണി.