Kerala
കോർപ്പറേഷൻ ജീവനക്കാരിൽ പലരും ബ്ലേഡ് മാഫിയ; മാനസികപീഡനത്താൽ ജോലി ചെയ്യാനാവുന്നില്ല; ബിജുവിന്റെ ആത്മഹത്യാ കുറിപ്പ് പുറത്ത്
Kerala

'കോർപ്പറേഷൻ ജീവനക്കാരിൽ പലരും ബ്ലേഡ് മാഫിയ; മാനസികപീഡനത്താൽ ജോലി ചെയ്യാനാവുന്നില്ല'; ബിജുവിന്റെ ആത്മഹത്യാ കുറിപ്പ് പുറത്ത്

Web Desk
|
13 Feb 2023 1:33 AM GMT

കൊല്ലം കോർപ്പറേഷൻ ബ്ലേഡ് മാഫിയയുടെ പിടിയിലാണെന്നാണ് കത്തിന്റെ ഉള്ളടക്കം.

കൊല്ലം: ആത്മഹത്യ ചെയ്ത കോർപ്പറേഷൻ ജീവനക്കാരൻ വി ബിജുവിന്റെ ആത്മഹത്യാ കുറിപ്പ് പുറത്ത്. കോർപറേഷൻ ജീവനക്കാർ പലിശയ്ക്ക് പണം നൽകുന്നതായി കത്തിലുണ്ട്. ഇവരുടെ മാനസിക പീഡനം മൂലം ജോലി ചെയ്യാൻ കഴിയുന്നില്ലെന്നും ബിജു ആത്മഹത്യാ കുറിപ്പിൽ പറയുന്നു.

കൊല്ലം കോർപ്പറേഷൻ ഡ്രൈവറായിരുന്ന ബിജുവിന്റെ ആത്മഹത്യക്ക് പിന്നാലെ, ജീവനക്കാരുടെ നേതൃത്വത്തിൽ ഓഫീസിനുള്ളിൽ ബ്ലേഡ് മാഫിയ സംഘം പ്രവർത്തിക്കുന്നതായി കുടുംബം ആരോപിച്ചിരുന്നു. ഇപ്പോൾ പുറത്തുവന്ന ബിജുവിന്റെ ആത്മഹത്യാ കുറിപ്പിലും ഈ ആരോപണമാണുള്ളത്.

കൊല്ലം കോർപ്പറേഷൻ ബ്ലേഡ് മാഫിയയുടെ പിടിയിലാണെന്നാണ് കത്തിന്റെ ഉള്ളടക്കം. ഉയർന്ന ഉദ്യോഗസ്ഥർ മുതൽ സെക്യൂരിറ്റി ജീവനക്കാരൻ വരെ വട്ടിപ്പലിശയ്ക്ക് പണം കൊടുക്കുന്നവരുടെ പട്ടികയിലുണ്ട്. ഇവരിൽ നിന്ന് പണം വാങ്ങിയെന്നും അ‍ഞ്ച് ഇരട്ടിയിൽ അധികം തുക തിരിച്ചടച്ചിട്ടും വീണ്ടും പണം ആവശ്യപ്പെടുന്നതായും ബിജു കത്തിൽ പറയുന്നു.

ഉദ്യോഗസ്ഥരുടെ പേരടക്കം ഉള്ള കത്തിൽ തനിക്ക് എന്തെങ്കിലും സംഭവിച്ചാൽ ഈ സംഘമാകും ഉത്തരവാദികൾ എന്നുമുണ്ട്. കൊല്ലം കോർപ്പറേഷനിലെ ഇരുപത് ശതമാനം ജീവനക്കാരും സഹപ്രവർത്തകരായ ബ്ലേ‍‍ഡ് മാഫിയയുടെ പിടിയിലാണെന്നും കത്തിലുണ്ട്.

അതേസമയം, കത്തിൽ പേരുള്ള ഉദ്യോഗസ്ഥരിൽ നിന്നും എഴുകോൺ പൊലീസ് മൊഴിയെടുത്തിട്ടുണ്ട്. ബിജുവിന്റെ മരണത്തിന് ഉത്തരവാദികളായവരെ കണ്ടെത്തണമെന്നാവശ്യപ്പെട്ട് ഭാര്യ ബിന്ദുമോൾ റൂറൽ പൊലീസ് മേധാവിക്ക് പരാതി നൽകി.

Similar Posts