Kerala
പുറത്തുവെച്ച് നേരിടും ഡോക്ടറെ മർദിച്ചതിന് പിന്നാലെ ഭീഷണിയും; കോണ്‍ഗ്രസ് നേതാവിന്‍റെ ശബ്ദസന്ദേശം പുറത്ത്
Kerala

'പുറത്തുവെച്ച് നേരിടും' ഡോക്ടറെ മർദിച്ചതിന് പിന്നാലെ ഭീഷണിയും; കോണ്‍ഗ്രസ് നേതാവിന്‍റെ ശബ്ദസന്ദേശം പുറത്ത്

Web Desk
|
16 Oct 2021 3:40 AM GMT

കൊല്ലം ഡി.സി.സി ജനറൽ സെക്രട്ടറി കാഞ്ഞിരംവിള അജയകുമാർ ആശുപത്രി സൂപ്രണ്ടിനെ ഭീഷണിപ്പെടുത്തുന്ന ശബ്ദസന്ദേശമാണ് പുറത്തുവന്നത്.

കൊല്ലം ശാസ്താംകോട്ട താലൂക്ക് ആശുപത്രിയിൽ ഡ്യൂട്ടി ഡോക്ടറെ ആക്രമിച്ച സംഭവത്തിൽ ആശുപത്രി സൂപ്രണ്ടിനെ ഫോണിലൂടെ ഭീഷണിപ്പെടുത്തിയതിന്‍റെ ശബ്ദസന്ദേശം പുറത്ത്. കൊല്ലം ഡി.സി.സി ജനറൽ സെക്രട്ടറി കാഞ്ഞിരംവിള അജയകുമാർ ഭീഷണിപ്പെടുത്തുന്ന ശബ്ദസന്ദേശമാണ് പുറത്തുവന്നത്. ഡോക്ടറെ ആശുപത്രിക്ക് പുറത്ത് വെച്ച് നേരിടുമെന്നായിരുന്നു ഫോണില്‍ വിളിച്ച് കോണ്‍ഗ്രസ് നേതാവിന്‍റെ ഭീഷണി.

മരണം ഉറപ്പാക്കാന്‍ ഡോക്ടര്‍ ആശുപത്രിക്ക് പുറത്തേക്ക് എത്താത്തതിന്‍റെ പേരിലുള്ള തര്‍ക്കമാണ് കയ്യേറ്റത്തില്‍ കലാശിച്ചതെന്ന് പൊലീസ് പറയുന്നു. ആക്രമണത്തില്‍ പരിക്കേറ്റ മെഡിക്കല്‍ ഓഫീസര്‍ ഡോ. ഗണേശ് കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്. അക്രമത്തില്‍ പ്രതിഷേധിച്ച ശാസ്തംകോട്ട താലൂക്ക് ആശുപത്രിയിലെ ഡോക്ടര്‍മാര്‍ ഒ.പി ബഹിഷ്‌കരിച്ചു. അതേസമയം ശൂരനാട് വടക്ക് പഞ്ചായത്ത് പ്രസിഡന്‍റ് ശ്രീകുമാറിനെതിരെ പൊലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തിട്ടുണ്ട്.

കിണറ്റിൽ വീണു മരിച്ച വീട്ടമ്മയുടെ മൃതദേഹവുമായി രാത്രിയിൽ താലൂക്ക് ആശുപത്രിയിലെത്തിയ സംഘമാണ് അത്യാഹിത വിഭാഗത്തിലെ ഡോക്ടറുമായി സംഘർഷം ഉണ്ടാക്കിയത്. പഞ്ചായത്ത് പ്രസിഡന്റ് എസ്. ശ്രീകുമാറിനെതിരെ പൊലീസ് കേസെടുത്തെങ്കിലും, അറസ്റ്റ് ചെയ്യും വരെ ഒപി ബഹിഷ്കരിച്ച് സമരം തുടരാനാണ് ഡോക്ടർമാരുടെ തീരുമാനം.

Similar Posts