Kerala
kollam kid kidnapping
Kerala

ഓയൂരിലെ തട്ടിക്കൊണ്ടുപോകല്‍: രേഖാചിത്രത്തിലെ യുവതികളിലൊരാള്‍ റിക്രൂട്ട്മെന്റ് തട്ടിപ്പ് ഇരയെന്ന് സംശയം

Web Desk
|
1 Dec 2023 3:49 AM GMT

ഈ യുവതി നഴ്സിങ് കെയർ ടേക്കർ ആണെന്ന് പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്

കൊല്ലം: ഓയൂരിൽ കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസിൽ പുറത്തുവന്ന രേഖാചിത്രത്തിലെ ഒരു യുവതി നഴ്സിങ് കെയർ ടേക്കർ ആണെന്ന് പൊലീസിന് സംശയം. ഇവർ റിക്രൂട്ട്മെന്റ് തട്ടിപ്പിന് ഇരയായ യുവതി ആണെന്നും പൊലീസിന് വിവരം ലഭിച്ചു. കുട്ടിയെ തട്ടിക്കൊണ്ടുപോയവരില്‍ മൂന്ന് പേരുടെ രേഖാചിത്രങ്ങൾ ഇന്നലെയാണ് പൊലീസ് പുറത്ത് വിട്ടത്. കുട്ടിയുടെ സഹായത്തോടെയാണ് പൊലീസ് രേഖാചിത്രം തയ്യാറാക്കിയത്. കുട്ടിയെ പരിചരിച്ച സ്ത്രീയുടെയും കാറിന്‍റെ ഡ്രൈവറുടെയും കുട്ടിയെ ആശ്രമം മൈതാനിയിൽ ഉപേക്ഷിച്ച സ്ത്രീയുടെയും രേഖാചിത്രം പൊലീസ് പുറത്തുവിട്ടു. കൂടെയുണ്ടായിരുന്ന മറ്റുള്ളവരുടെ മുഖം ഓർമയില്ലെന്ന് കുട്ടി പൊലീസിനോട് പറഞ്ഞു.

കുട്ടിയുടെ അച്ഛന്റെ മൊഴി പൊലീസ് വീണ്ടും രേഖപ്പെടുത്തും. അന്വേഷണത്തിന്റെ ഭാഗമായുണ്ടായ സംശയങ്ങൾക്കും വൈരുദ്ധ്യങ്ങൾക്കും വ്യക്തത വരുത്താനാണ് ശ്രമം.സംശയമുള്ളവരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുന്നതും സിസിടിവി ശേഖരണവും വാഹന പരിശോധനയും തുടരും.

നഴ്‌സിങ്ങ് സംഘടനയായ യു.എൻ.എയിലേക്കും പൊലീസ് അന്വേഷണം വ്യാപിപ്പിച്ചിരുന്നു. വിദേശ നഴ്‌സിങ് റിക്രൂട്ട്‌മെന്റിലും പൊലീസ് പരിശോധന നടത്തി. യു.എൻ.എയുടെ സാമ്പത്തിക ഇടപാടുകളും പൊലീസ് പരിശോധിക്കുന്നുണ്ട്. യു.എൻ.എ സംഘടനക്കുള്ളിലെ തർക്കവും അന്വേഷണ പരിധിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. യു.എൻ.എ പത്തനംതിട്ട ജില്ലാ പ്രസിഡന്റാണ് കുട്ടിയുടെ അച്ഛൻ.കേസിൽ ഒരാളെകൂടി പൊലീസ് കസ്റ്റഡിയിൽ എടുത്തു. കാറുകൾ വാടകക്ക് കൊടുക്കുന്ന ചിറക്കര സ്വദേശിയാണ് കസ്റ്റഡിയിൽ ഉള്ളത്.

അതേസമയം, ആറുവയസുകാരിയുടെ അച്ഛന്റെ ഫ്‌ളാറ്റിൽ പ്രത്യേക അന്വേഷണസംഘം പരിശോധന നടത്തി.പത്തനംതിട്ടയിലെ ഫ്‌ളാറ്റിലെത്തിയാണ് പരിശോധന നടത്തിയത്. ഫ്ലാറ്റിൽ നിന്ന് ഒരു ഫോൺ പോലീസ് കസ്റ്റഡിയിൽ എടുത്തു. അതിനിടെ ചികിത്സയില്‍ കഴിഞ്ഞിരുന്ന ആറുവയസുകാരി ആശുപത്രി വിട്ടു.കുട്ടിക്ക് കൗൺസിലിംഗ് നൽകുന്നത് തുടരും. കുട്ടിയെ രഹസ്യമൊഴി രേഖപ്പെടുത്തി.കൊല്ലം റൂറല്‍ എസ്.പി ഓഫീസിലെത്തിച്ചാണ് മൊഴിയെടുത്തത്.

എന്നാല്‍ തട്ടിക്കൊണ്ടുപോയിട്ട് നാലു ദിവസം കഴിഞ്ഞിട്ടും പൊലീസിന് തെളിവൊന്നും ലഭിച്ചിട്ടില്ല. വിവിധ സംഘങ്ങൾ ആയി തിരിഞ്ഞ് അന്വേഷണം നടത്തുന്നുണ്ടെങ്കിലും പ്രയോജനം ഉണ്ടായിട്ടില്ല. സിസിടിവി, വാഹന പരിശോധനകൾ, രേഖചിത്രങ്ങൾ കേന്ദ്രീകരിച്ചുള്ള അന്വേഷണമാണ് പുരോഗമിക്കുന്നത്. പ്രതികളുടെ യാതൊരു സൂചനയും, ഇവർ ഉപയോഗിച്ച വാഹനങ്ങളുടെ വിവരങ്ങളും ലഭിച്ചിട്ടില്ല.

അതേസമയം, പൊലീസിന്‍റെ ഏത് അന്വേഷണത്തെയും നേരിടാൻ തയ്യാറെന്ന് ആറുവയസുകാരിയുടെ അച്ഛൻ ഇന്നലെ മാധ്യമങ്ങളോട് പറഞ്ഞു. അന്വേഷണസംഘം വിളിപ്പിച്ചിട്ടുണ്ട്. അവരുടെ മുമ്പാകെ ഹാജരാകും. തന്‍റെ പഴയ ഫോൺ ആണ് കൊണ്ടുപോയത്. കുട്ടികൾ കളിക്കുന്നത് കൊണ്ട് ഭാര്യ പറഞ്ഞതുകൊണ്ടാണ് ഫോൺ മാറ്റിവച്ചത്. അവർക്ക് എന്ത് തരത്തിലുള്ള പരിശോധനയും നടത്താമെന്നും പിതാവ് പറഞ്ഞു.

ചില മാധ്യമങ്ങൾ തന്നെ ചേർത്ത് വ്യാജ വാർത്ത പ്രചരിപ്പിക്കുകയാണ്. തന്നെ അറിയുന്ന ആരോടും ചോദിക്കാം. ആർക്കും ഒരു രൂപ പോലും താൻ കൊടുക്കാനില്ല. ജോലി സ്ഥലത്തും അന്വേഷിക്കാം. ആർക്കും തന്നെക്കുറിച്ച് ഒരു പരാതിയുമുണ്ടാകില്ല. ആറുവയസുള്ള തന്റെ കുഞ്ഞിന്റെ പേരിൽ അനാവശ്യ പ്രചാരണം നടത്തരുതെന്നും അദ്ദേഹം പറഞ്ഞു.


Similar Posts