'ടോം ആൻഡ് ജെറി' കണ്ട ഐപി അഡ്രസുകൾ തിരഞ്ഞു; വിനയായത് കാറിലേക്ക് തിരിച്ചു വീണ ആ കത്ത്
|ഓടിട്ട വലിയ വീട്ടിൽ വെച്ച് തനിക്ക് ടോം ആൻഡ് ജെറി കാർട്ടൂൺ കാട്ടിത്തന്നുവെന്ന് കുട്ടി അന്വേഷണസംഘത്തിന് മൊഴി നൽകിയിരുന്നു
കൊല്ലം: ഓയൂരിൽ ആറുവയസുകാരിയെ തട്ടിക്കൊണ്ടു പോയ കേസിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ഒളിവിൽ താമസിപ്പിച്ച വീട്ടിൽ വെച്ച് പ്രതികൾ കുട്ടിക്ക് കാർട്ടൂൺ കാണിച്ചു കൊടുത്തത് പൊലീസിനെ സഹായിച്ചുവെന്നാണ് വിവരം. വീഡിയോ കാണിച്ച ഐപി അഡ്രസും ഉപയോഗിച്ചാണ് പ്രതിസ്ഥാനത്ത് പത്മകുമാറും കുടുംബവുമെന്ന് പൊലീസ് സ്ഥിരീകരിച്ചത്
ഓടിട്ട വലിയ വീട്ടിൽ വെച്ച് തനിക്ക് ടോം ആൻഡ് ജെറി കാർട്ടൂൺ കാട്ടിത്തന്നുവെന്ന് കുട്ടി അന്വേഷണസംഘത്തിന് മൊഴി നൽകിയിരുന്നു. ഈ കാർട്ടൂൺ കണ്ടെത്തിയ പൊലീസ് ഇത് പ്ലേ ചെയ്ത ഐപി അഡ്രസ് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഗാഡ്‌ജെറ്റ് പത്മകുമാറിന്റേത് തന്നെയെന്ന് സ്ഥിരീകരിക്കുന്നത്. ഈ ഐപി അഡ്രസിനുള്ള അന്വേഷണം നടക്കുമ്പോൾ തന്നെ പത്മകുമാർ സംശയത്തിന്റെ നിഴലിലായിരുന്നു. കൂടുതൽ പരിശോധനയിൽ ഗാഡ്‌ജെറ്റ് പ്രതിയുടേത് തന്നെയെന്ന് പൊലീസ് കണ്ടെത്തി. ഇത് സാധൂകരിക്കുന്ന തെളിവുകളാണ് പൊലീസിന് പിന്നീട് വേണ്ടിയിരുന്നത്.
രേഖാചിത്രം പുറത്തെത്തിയതോടെ കേസിന്റെ പൂർണ ചിത്രം തെളിഞ്ഞു. ചിത്രം കുട്ടി തിരിച്ചറിഞ്ഞതോടെ പത്മകുമാർ തന്നെ പ്രതിയെന്ന് പൊലീസ് ഉറപ്പിക്കുകയായിരുന്നു. പിന്നീട് ഇന്ന് പുലർച്ചെ മൂന്ന് മണി വരെ നീണ്ട ചോദ്യം ചെയ്യലിനൊവിൽ അറസ്റ്റും. പണത്തിന് വേണ്ടിയാണ് കിഡ്‌നാപിങ് നടത്തിയതെന്നും കേസിൽ കൂടുതൽ പേരുണ്ടായിരുന്നില്ലെന്നുമുള്ള പ്രതികളുടെ മൊഴി പൊലീസ് പൂർണമായി വിശ്വസിച്ചിട്ടില്ല.
സംശയമുണ്ടായ സമയം മുതൽ തന്നെ ഷാഡോ പൊലീസിന്റെ നിരീക്ഷണത്തിലായിരുന്നു കുടുംബം. സംഭവം നടന്നതിന് പിറ്റേദിവസം ഇവർ ഫാം ഹൗസിലെത്തിയതായും സ്ഥിരീകരണമുണ്ട്.
അതുപോലെ തന്നെ കുട്ടിയെ തട്ടിക്കൊണ്ടു പോകുന്ന സമയം വീട്ടിലേൽപ്പിക്കാൻ കുട്ടിയുടെ സഹോദരന് പ്രതികൾ കൊടുത്ത കത്ത് തിരിച്ച് കാറിൽ വീണിരുന്നു. കുട്ടിയെ വിട്ടുകിട്ടാൻ പണം ആവശ്യപ്പെടുന്ന കത്ത് ആയിരുന്നു ഇത്. കത്ത് കാറിൽ വീണത് കൊണ്ട് മാത്രമാണ് പ്രതികൾക്ക് കുട്ടിയുടെ അമ്മയെ ഫോണിൽ ബന്ധപ്പെടേണ്ടി വന്നതും ഈ ഫോൺകോൾ കേന്ദ്രീകരിച്ച് അന്വേഷണം നീങ്ങിയതും. കുട്ടിയുടെ അമ്മയെ വിളിച്ചത് പത്മകുമാറിന്റെ ഭാര്യ അനിതകുമാരി തന്നെയാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.
സംഘത്തിൽ നാലുപേരുണ്ടായിരുന്നെന്ന കുട്ടികളുടെ മൊഴിയിലാണ് ഇനി കണ്ടെത്തലുണ്ടാകേണ്ടത്. നാലാമത്തെയാളെ കുട്ടി മിന്നായം പോലെ കണ്ടേക്കാനാണ് സാധ്യതയെന്നാണ് പൊലീസിന്റെ നിഗമനം.
അതേസമയം പ്രതികളെ അടൂരിലെ ക്യാമ്പിൽ നിന്ന് പുറത്തെത്തിച്ചു. പൂയപ്പള്ളി സ്റ്റേഷനിലേക്ക് പ്രതികളെ ഉടനെത്തിക്കും. കനത്ത സുരക്ഷയാണ് സ്റ്റേഷനിലൊരുക്കിയിരിക്കുന്നത്