കുട്ടിയെ തട്ടിക്കൊണ്ടു പോയ കേസ്; തമിഴ്‌നാട്ടിൽ നിന്ന് മൂന്ന് പേർ കസ്റ്റഡിയിൽ
|കൊല്ലം ചാത്തന്നൂർ സ്വദേശികളാണ് കസ്റ്റഡിയിൽ
കൊല്ലം: ഓയൂരിൽ കുട്ടിയെ തട്ടിക്കൊണ്ടു പോയ കേസിൽ നിർണായക വഴിത്തിരിവ്. തമിഴ്‌നാട്ടിൽ നിന്ന് മൂന്ന് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. കൊല്ലം ചാത്തന്നൂർ സ്വദേശികളാണ് കസ്റ്റഡിയിലായത്. ഒരു കുടുംബത്തിലെ അംഗങ്ങളാണിവർ. തെങ്കാശി പുളിയറയിൽ നിന്നാണ് ഇവരെ പിടികൂടിയത്. രണ്ട് വാഹനങ്ങളും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
കൊല്ലം എസ്പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. സാമ്പത്തിക തർക്കമാണ് തട്ടിക്കൊണ്ടുപോകലിന് പിന്നിലെന്നാണ് പൊലീസ് നൽകുന്ന വിവരം. അന്വേഷണസംഘം ഇന്നും കുട്ടിയുടെ വീട്ടിലെത്തി മൊഴിയെടുത്തിരുന്നു. ഇവർ കാണിച്ച ചിത്രങ്ങളിൽ പലതും കുട്ടി തിരിച്ചറിയുകയും ചെയ്തു. ചിത്രങ്ങളിൽ കൊല്ലം, പത്തനംതിട്ട ജില്ലകളിൽ നിന്നുള്ളവരുണ്ടെന്നാണ് വിവരം.
അന്വേഷണത്തിന്റെ അഞ്ചാം ദിവസമാണ് പ്രതികളെന്ന് സംശയിക്കുന്നവരെ കസ്റ്റഡിയിലെടുത്തിരിക്കുന്നത്. പിടിയിലായവർക്ക് കൃത്യത്തിൽ നേരിട്ട് പങ്കുണ്ടോ എന്ന കാര്യത്തിൽ സ്ഥിരീകരണമില്ല. പൊലീസ് പല സംഘങ്ങളായി തിരിഞ്ഞ് നടത്തിയ പരിശോധനയിലാണ് നിലവിൽ 3 പേർ പിടിയിലായിരിക്കുന്നത്. കസ്റ്റഡിയിലെടുത്തവരുമായി അന്വേഷണസംഘം കേരളത്തിലേക്ക് തിരിച്ചു.
കസ്റ്റഡിയിലെടുത്തിരിക്കുന്ന വാഹനങ്ങളുടെ കൂടുതൽ വിവരങ്ങളും ലഭിക്കേണ്ടതുണ്ട്. കുട്ടിയെ തട്ടിക്കൊണ്ടു പോകാൻ പ്രതികളുപയോഗിച്ച വെള്ള കാർ, കുട്ടി പറയുന്ന നീല കാർ എന്നിവ തന്നെയാണോ കസ്റ്റഡിയിലുള്ളതെന്ന് വ്യക്തമല്ല.
updating