കൊല്ലം കിളികൊല്ലൂർ പൊലീസ് മർദ്ദനം; നാല് പൊലീസുകാർക്ക് സസ്‌പെൻഷൻ
|സിഐ വിനോദ്, എസ്ഐ അനീഷ്, എഎസ്ഐ പ്രകാശ് ചന്ദ്രൻ, സിപിഒ മണികണ്ഠൻ എന്നിവരെയാണ് സസ്‌പെൻഡ് ചെയ്തിരിക്കുന്നത്.
കൊല്ലം: കൊല്ലം കിളികൊല്ലൂരിൽ രണ്ടുയുവാക്കളെ ക്രൂരമായി മർദ്ദിച്ച സംഭവത്തിൽ നാല് പൊലീസുകാർക്ക് സസ്‌പെൻഷൻ. എസ്.എച്ച്.ഒ വിനോദ് ഉൾപ്പടെയുള്ളവർക്കെതിരെയാണ് നടപടി. പൊലീസുകാർക്ക് വീഴ്ച പറ്റിയെന്ന് കമ്മീഷണർ ദക്ഷിണ മേഖലാ ഐജിക്ക് റിപ്പോർട്ട് നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് സിഐ വിനോദ്, എസ്ഐ അനീഷ്, എഎസ്ഐ പ്രകാശ് ചന്ദ്രൻ, സിപിഒ മണികണ്ഠൻ എന്നിവരെ സസ്‌പെൻഡ് ചെയ്തിരിക്കുന്നത്.
ചവറ കൊട്ടുകാട് സ്വദേശികളായ സൈനികൻ വിഷ്ണു, വിഗ്‌നേശ് എന്നിവർക്കാണ് ക്രൂരമായി മർദ്ദനമേറ്റത്. വൻ പ്രതിഷേധമാണ് ഇതിനെതിരെ ഉയർന്നത്. ഡിവൈഎഫ്ഐയുടെ നേതൃത്വത്തിൽ സ്റ്റേഷന് മുന്നിൽ പ്രതിഷേധം നടക്കുകയാണ്. സ്റ്റേഷന് മുന്നിൽ കുത്തിയിരുന്ന് ഡിവൈഎഫ്ഐ പ്രവർത്തകർ മുദ്രാവാക്യം വിളിച്ചു. പ്രതിഷേധം കനത്തതോടെയാണ് പൊലീസുകാരെ സസ്‌പെൻഡ് ചെയ്ത ഉത്തരവിറക്കിയത്.
കഴിഞ്ഞ ദിവസമാണ് സംഭവമുണ്ടായത്. പോലീസുകാർ കൈവിരലുകൾ തല്ലിയോടിച്ചെന്ന് വിഷ്ണുവും സഹോദരൻ വിഘ്‌നേഷും ആരോപിക്കുന്നു. പൊലീസുകാർക്കെതിരെ നീങ്ങിയാൽ വീട്ടിൽ കഞ്ചാവ് കൊണ്ടുവെച്ച് പിടിപ്പിക്കുമെന്നും ഭീഷണിപ്പെടുത്തി. ഇവർക്കെതിരെ കേസെടുത്ത പോലീസ് 12 ദിവസം റിമാൻഡ് ചെയ്യുകയും ചെയ്തു.
എം.ഡി.എം.എ.യുമായി കരിക്കോട് ജങ്ഷനില്‍നിന്ന് നാലുപേരെ കിളികൊല്ലൂര്‍ പൊലീസ് പിടികൂടിയിരുന്നു. ഇവരെ കാണാന്‍ അനുവദിക്കാത്തതിനെ തുടർന്ന് സുഹൃത്തുക്കളായ സൈനികനും സഹോദരനും സ്റ്റേഷനില്‍ കടന്ന് പൊലീസുകാരനെ ആക്രമിച്ചു എന്നാണ് ഇവർക്കെതിരെയെടുത്ത കേസ്. സംഭവം വിവാദമായതോടെ പൊലീസുകാരെ സ്ഥലം മാറ്റിയിരുന്നു.
കിളികൊല്ലൂര്‍ പൊലീസ് സ്റ്റേഷനിലെ എസ്.ഐ. അനീഷിനെ പാരിപ്പള്ളിയിലേക്കും , സീനിയര്‍ സി.പി.ഒ.മാരായ പ്രകാശ് ചന്ദ്രനെ ഇരവിപുരത്തേക്കും വി.ആര്‍. ദിലീപിനെ അഞ്ചാലുംമൂട്ടിലേക്കുമാണ് സ്ഥലം മാറ്റിയത്. ഇവര്‍ മാത്രമല്ല, മറ്റ് ഉദ്യോഗസ്ഥരും തങ്ങളെ മർദിച്ചിട്ടുണ്ടെന്ന് സഹോദരങ്ങൾ മജിസ്ട്രേറ്റിൽ മൊഴി നൽകിയിരുന്നു. കേസിൽപെട്ടതോടെ വിഷ്ണുവിന്‍റെ നിശ്ചയിച്ച വിവാഹം മുടങ്ങുകയും ചെയ്തു.
പിന്നാലെ സംഭവത്തിൽ പൊലീസ് നിസാര നടപടിയാണ് കുറ്റക്കാരായ ഉദ്യോഗസ്ഥർക്കെതിരെ സ്വീകരിച്ചതെന്ന് ചൂണ്ടിക്കാട്ടി ഡിവൈഎഫ്ഐയുടെ നേതൃത്വത്തിൽ വൻ പ്രതിഷേധമാണ് ഉയർന്നത്. ഇതോടെ കമ്മീഷണർ ഐജിക്ക് റിപ്പോർട്ട് നൽകുകയും കുറ്റക്കാരായ ഉദ്യോഗസ്ഥരെ സസ്‌പെൻഡ് ചെയ്യുകയുമായിരുന്നു.