'സെക്യൂരിറ്റി തുകയും നൽകിയില്ല; സോണ്ടയല്ല, കോർപറേഷനാണ് കരാർ റദ്ദാക്കിയത്': കൊല്ലം മേയർ
|കരാർ തുകയുടെ 25 ശതമാനം ആദ്യം നൽകണമെന്ന് സോണ്ട ഇൻഫ്രാടെക് ആവശ്യപ്പെട്ടിരുന്നു
കൊല്ലം: സോണ്ട ഇൻഫ്രാടെക് എം.ഡി രാജ്‍കുമാർ ചെല്ലപ്പൻപിള്ളയുടെ വാദം തള്ളി കൊല്ലം മേയർ. കൊല്ലം കോർപ്പറേഷനുമായിട്ടുള്ള കരാറിൽ നിന്നും പിന്മാറിയത് തങ്ങളാണെന്ന സോണ്ട കമ്പനിയുടെ വാദം തെറ്റെന്ന് കൊല്ലം കോർപ്പറേഷൻ മേയർ പ്രസന്ന ഏണസ്റ്റ്. പലവിധ പ്രശ്നങ്ങൾ കണ്ടെത്തിയതിനെതുടര്‍ന്നാണ് സോണ്ടാ ഇൻഫ്രാടെക് കമ്പനിയുമായുള്ള കരാർ റദ്ദാക്കിയത്.
മുൻ കൗണ്‍സിലിന്റെ കാലത്താണ് കമ്പനി കോര്‍പ്പറേഷനെ സമീപിച്ചതെന്നും പുതിയ കൗണ്‍സിൽ അധികാരത്തിൽ വന്നപ്പോൾ സോണ്ടയുമായുള്ള കരാറിൽ നിന്നും പിന്മാറുകയായിരുന്നെന്നും മേയർ പറഞ്ഞു.11 കോടി രൂപയുടെ കരാറായിരുന്നു. അതിന്‍റെ 25 ശതമാനം തുക ആദ്യം നൽകണമെന്ന് സോണ്ട ഇൻഫ്രാടെക് ആവശ്യപ്പെട്ടിരുന്നു, സെക്യൂരിറ്റി തുക തരാനും കമ്പനി തയാറാല്ലായിരുന്നില്ല. ഈക്കാര്യത്തിൽ കമ്പനിയും കോർപ്പറേഷനും തമ്മിൽ തർക്കമുണ്ടായിരുന്നു. ഈ സമയത്ത് കരാർ കാലാവധി അവസാനിച്ചു. പുതിയ കൗൺസിൽ അധികാരത്തിൽ വന്നപ്പോള്‍ 2021 ജനുവരിയിൽ പുതിയ ടെന്റർ ക്ഷണിക്കുകയും സിഗ്മ കമ്പനിക്ക് കരാർ നൽകുകയുമായിരുന്നു.
അഷ്ടമുടിക്കായലിന്റെ തീരത്തെ കുരീപ്പുഴ ചണ്ടി ഡിപ്പോയിൽ വർഷങ്ങളായി കുമിഞ്ഞുകൂടിയ മാലിന്യം ബയോമൈനിങ്ങിലൂടെ നീക്കാനാണ് സോണ്ട കരാറെടുത്തത്. 1940 മുതൽ കെട്ടിക്കിടക്കുന്ന മാലിന്യം സംസ്കരിക്കാൻ ഇവിടെ 6.8 കോടി രൂപ ചെലവിൽ പ്ലാന്റ് സ്ഥാപിച്ചെങ്കിലും നാട്ടുകാരുടെ എതിർപ്പുമൂലം പ്രവർത്തിപ്പിക്കാനായില്ല. മാലിന്യമല നീക്കാൻ ഹരിത ട്രിബ്യൂണലിന്റെ ഉത്തരവിനെത്തുടർന്നായിരുന്നു കോർപ്പറേഷൻ ടെൻഡർ വിളിച്ചത്.