തട്ടിക്കൊണ്ടുപോയ കുട്ടിയെ ആദ്യം കണ്ടതാര്? ദൃക്‌സാക്ഷികളെച്ചൊല്ലി വിവാദം; ഡിവൈഎഫ്‌ഐക്കെതിരെ യൂത്ത് കോൺഗ്രസ്
|ഡിവൈഎഫ്‌ഐ വനിതാ നേതാവ് ദൃക്‌സാക്ഷിയെന്ന മട്ടിൽ തെറ്റായ വിവരങ്ങൾ പങ്കുവെച്ചത് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് പരാതി നല്‍കി
കൊല്ലം: കൊല്ലത്ത് ആറു വയസ്സുകാരിയെ തട്ടിക്കൊണ്ടു പോയ കേസിൽ ദൃക്‌സാക്ഷികളെ ചൊല്ലി വിവാദം. ആശ്രാമം മൈതാനത്ത് കുട്ടി ഒറ്റയ്ക്ക് ഇരിക്കുന്നത് ആദ്യമായി കണ്ടെന്ന് പറഞ്ഞ് അന്വേഷണം വഴി തെറ്റിക്കാൻ ഡിവൈഎഫ്‌ഐ നേതാവ് ശ്രമിച്ചെന്ന് യൂത്ത് കോൺഗ്രസ് ആരോപിച്ചു. ഡിവൈഎഫ്‌ഐ വനിതാ നേതാവ് ദൃക്‌സാക്ഷിയെന്ന മട്ടിൽ തെറ്റായ വിവരങ്ങൾ പങ്കുവെച്ചത് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് വിഷ്ണു സുനിൽ പന്തളം ഡിജിപിക്ക് പരാതി നൽകി.
'കുട്ടിയെ ആദ്യം കണ്ടത് എസ്.എൻ കോളജിലെ രണ്ടു വിദ്യാർഥികളാണ്. എന്നാൽ കുറച്ച് കഴിഞ്ഞാണ് ഡി.വൈ.എഫ്.ഐ ജില്ലാ കമ്മിറ്റി അംഗം എന്ന് സ്വയം പരിചയപ്പെടുത്തിക്കൊണ്ടാണ് ഒരു വനിത പിന്നീട് വന്നത്. പ്രതികളെ ആദ്യം കണ്ടത് അവരാണെന്നും രണ്ടു ചെറുപ്പക്കാരും മഞ്ഞചുരിദാർ ധരിച്ച സ്ത്രീയുമുണ്ടായിരുന്നെന്നും ഡിവൈഎഫ്‌ഐ വനിതാ നേതാവ് പറയുന്നുണ്ട്. കൂടാതെ KL 31 എന്ന് തുടങ്ങുന്ന വണ്ടി നമ്പറും വനിത പറയുന്നുണ്ട്. എന്നാൽ ആ പറഞ്ഞതെല്ലാം തെറ്റാണെന്നും ഓട്ടോറിക്ഷയിലാണ് മഞ്ഞചുരിദാർ ധരിച്ച സ്ത്രീ തട്ടിക്കൊണ്ടുപോയ കുട്ടിയെ എത്തിച്ചതെന്ന് തെളിഞ്ഞത്'.
ഇതിന്റെ സി.സി.ടി.വി ദൃശ്യം പുറത്ത് വന്നിരുന്നില്ലെങ്കിൽ പൊലീസ് ഡിവൈഎഫ്‌ഐ വനിതാ നേതാവ് പറഞ്ഞ വണ്ടി നമ്പറിന്റെ പിന്നാലെ പോകുമായിരുന്നെന്നും വിഷ്ണു സുനിൽ പന്തളം മീഡിയവണിനോട് പറഞ്ഞു. തട്ടിക്കൊണ്ടുപോയ കുട്ടിയെ ആദ്യം കണ്ടെത്തിയത് ഡി.വൈ.എഫ്.ഐ ആണെന്ന് ഡി.വൈ.എഫ്.ഐയുടെ ഔദ്യോഗിക സോഷ്യൽമീഡിയ പേജിലടക്കം പ്രചരിപ്പിച്ചിട്ടുണ്ട്. മാധ്യമ ശ്രദ്ധ കിട്ടാൻ വേണ്ടിമാത്രമാണ് ഇത് നടത്തിയതെന്നും വിഷ്ണു പറഞ്ഞു.