കോന്നി മെഡിക്കൽ കോളേജിൽ അഡ്മിഷൻ നടപടികൾ ആരംഭിച്ചു
|മെഡിക്കൽ കോളജ് ആശുപത്രി വികസനം കൂടുതൽ വേഗത്തിലാക്കുന്നതിന്‍റെ ഭാഗമായാണ് വിദ്യാർത്ഥികളുടെ അഡ്മിഷൻ നടപടികൾ ആരംഭിക്കുന്നതിനുള്ള തീരുമാനം
പത്തനംതിട്ട കോന്നി മെഡിക്കൽ കോളേജിൽ അഡ്മിഷൻ നടപടികൾ തുടങ്ങി. മൈനര്‍ ഓപ്പറേഷന്‍ തീയറ്റര്‍, ഐ.സി.യു എന്നിവ സജ്ജമാക്കി ഓഗസ്റ്റ് 30 മുതൽ ആശുപത്രിയിലെ അത്യാഹിത വിഭാഗം പ്രവർത്തനം ആരംഭിക്കും. മെഡിക്കൽ കോളജ് വികസനം ചർച്ച ചെയ്യുന്നതിന് ആരോഗ്യമന്ത്രി വീണ ജോർജിന്‍റെ അധ്യക്ഷതയിൽ ചേർന്ന യോഗമാണ് ഇതു സംബന്ധിച്ച തീരുമാനം എടുത്തത്.
മെഡിക്കൽ കോളജ് ആശുപത്രി വികസനം കൂടുതൽ വേഗത്തിലാക്കുന്നതിന്‍റെ ഭാഗമായാണ് വിദ്യാർത്ഥികളുടെ അഡ്മിഷൻ നടപടികൾ ആരംഭിക്കുന്നതിനുള്ള തീരുമാനം. വിദ്യാര്‍ത്ഥി പ്രവേശനത്തിന് എന്‍.എം.സി. യുടെ അനുവാദം ലഭ്യമാക്കാൻ പ്രത്യേക യോഗം ചേർന്ന് രേഖകൾ സമർപ്പിക്കാനും 2022ല്‍ ക്ലാസുകൾ ആരംഭിക്കാനുമാണ് ആരോഗ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗം തീരുമാനിച്ചത്. മൈനര്‍ ഓപ്പറേഷന്‍ തീയറ്റര്‍, ഐ.സി.യു എന്നിവ സജ്ജമാക്കി ഓഗസ്റ്റ് 30 മുതൽ അത്യാഹിത വിഭാഗം പ്രവർത്തനം തുടങ്ങാനും ചികിത്സ തേടിയെത്തുന്നവരെ ലക്ഷ്യമിട്ട് ആശുപത്രിയിലേക്ക് കൂടുതൽ കെ.എസ്.ആര്‍.ടി.സി. സർവീസ് ആരംഭിക്കാനും തീരുമാനിച്ചതായി മന്ത്രി പറഞ്ഞു.
മെഡിക്കല്‍ കോളേജിന്റെ രണ്ടാം ഘട്ട നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് 241.01 കോടി രൂപയുടെ ഭരണാനുമതി നല്‍കി ടെണ്ടര്‍ വിളിച്ചിട്ടുണ്ട്. ആശുപത്രി വികസന സമിതി അടിയന്തിരമായി രൂപീകരിക്കുന്നതിനും ഓക്സിജൻ പ്ലാന്റിന്റെ നിർമാണം പൂർത്തിയാക്കാനും യോഗം ജില്ലാ കളക്ടറെ ചുമതലപ്പെടുത്തി. പത്തനംതിട്ട ജനറല്‍ ആശുപത്രിയെ സൂപ്പര്‍ സ്പെഷ്യാലിറ്റി ആശുപത്രിയാക്കി മാറ്റുന്നതിനുള്ള നടപടികൾ ആരംഭിച്ചതായും അത്യാധുനിക ചികിത്സാ സൗകര്യങ്ങൾ ആശുപത്രിയിൽ സജീകരിക്കുമെന്നും വീണ ജേർജ് വ്യകമാക്കി.