കൂടത്തായ് കേസിലെ സാക്ഷിയായ സിപിഎം നേതാവ് കൂറുമാറി
|പ്രതി ജോളിക്കും നാലാം പ്രതി മനോജ് കുമാറിനും അനുകൂലമായി പ്രവീൺ കുമാർ മൊഴി നൽകി
കോഴിക്കോട്: കൂടത്തായ് കേസിലെ ഒരു സാക്ഷി കൂറുമാറി. കൂറുമാറിയത് സിപിഎം പ്രാദേശിക നേതാവായ പ്രവീൺകുമാർ. കോഴിക്കോട് കട്ടാങ്ങൽ മുൻ ലോക്കൽ സെക്രട്ടറിയാണ് പ്രവീൺകുമാർ. ഒന്നാം പ്രതി ജോളിക്കും നാലാം പ്രതി മനോജ് കുമാറിനും അനുകൂലമായി പ്രവീൺ കുമാർ മൊഴി നൽകി. കേസിൽ ആദ്യമായാണ് ഒരാൾ കൂറുമാറുന്നത്.
നാലാം പ്രതി മനോജിന്റെ കേസുമായി ബന്ധപ്പെട്ട് മഹസർ സാക്ഷിയാണ് പ്രവീൺകുമാർ. എന്നാൽ പൊലീസ് പറഞ്ഞത് പ്രകാരം അവർ പറയുന്നിടത്തെല്ലാം ഒപ്പിടുകയായിരുന്നുവെന്ന മൊഴിയാണ് പ്രത്യേക വിചാരണ കോടതിയിൽ പ്രവീൺ നൽകിയത്.
കേസിൽ ഒന്നാം പ്രതി ജോളിക്കെതിരെ നേരത്തെ സഹോദരന്മാര് മൊഴി നല്കിയിരുന്നു. കൊല ചെയ്തെന്ന് ജോളി ഏറ്റു പറഞ്ഞതായി സഹോദരങ്ങൾ മൊഴി നൽകി . എന്.ഐ.ടിയിൽ ജോലി കിട്ടിയെന്ന് പറഞ്ഞ് പിതാവിന്റെ കയ്യിൽ നിന്ന് ജോളി രണ്ടുലക്ഷം രൂപ വാങ്ങിയെന്നും ജോലിയില്ലെന്ന് പിന്നീടാണ് മനസിലായതെന്നുമായിരുന്നു മൊഴി.
റോയ് തോമസിനെ ഭാര്യ ജോളി കൊലപ്പെടുത്തി എന്നാണ് കേസ്. 2011 ലാണ് റോയ് തോമസ് കൊല്ലപ്പെടുന്നത്. സയനൈഡ് സാന്നിധ്യം കണ്ടെത്തിയിട്ടും കോടഞ്ചേരി പൊലീസ് കേസ് ആത്മഹത്യയായി എഴുതിത്തള്ളി. 2019ൽ വടകര എസ്.പി കെ.ജി സൈമണ് റോയ് തോമസിന്റെ സഹോദരൻ റോജോ തോമസ് നൽകിയ ഒരു പരാതിയാണ് പിന്നീട് കൂടത്തായിൽ നടന്നത് കൂട്ടക്കൊലകളാണ് എന്ന കണ്ടെത്തലിലേക്ക് നയിക്കുന്നത്. റോയ് തോമസിന്റെ മുൻഭാര്യ ജോളി വ്യാജ ഒസ്യത്ത് തയ്യാറാക്കി സ്വത്ത് തട്ടിയെടുക്കാൻ ശ്രമിക്കുന്നെന്ന പരാതിയിൽ സ്പെഷൽ ബ്രാഞ്ച് നടത്തിയ പ്രാഥമിക അന്വേഷണം കൂടത്തായിയിലെ പൊന്നാമറ്റം എന്ന കുടുംബത്തിൽ മുമ്പ് നടന്ന ദുരൂഹ മരണങ്ങളിലേക്കെത്തുകയായിരുന്നു.
തുടർന്ന് റോയ് തോമസിന്റെ കേസ് ജില്ലാ ക്രൈം ബ്രാഞ്ച് ഡി.വൈ.എസ്.പി ആർ. ഹരിദാസിന് കൈമാറി. ആറു കൊലപാതകങ്ങളുടെ ഞെട്ടിക്കുന്ന വിവരങ്ങളാണ് പിന്നീട് പുറത്തുവന്നത്. ഒന്നാം പ്രതി ജോളിയെ 2019 ഒക്ടോബർ അഞ്ചിനും ജോളിയെ സഹായിച്ച മറ്റ് മൂന്നു പ്രതികളായ എം എസ് മാത്യു , പ്രജുകുമാർ , മനോജ് എന്നിവരെ തൊട്ടടുത്തദിവസങ്ങളിലും അറസ്റ്റു ചെയ്തു.