കൂളിമാട് പാലത്തിന്‍റെ ബീം തകര്‍ന്നുവീണ സംഭവം: വിജിലന്‍സ് റിപ്പോർട്ട് തിരിച്ചയച്ച് പൊതുമരാമത്ത് മന്ത്രി
|കരാർ കമ്പനിക്കും പൊതുമരാമത്ത് ഉദ്യോഗസ്ഥർക്കും ഒരു പോലെ വീഴ്ച പറ്റി എന്നായിരുന്നു വിജിലൻസ് വിഭാഗം സമർപ്പിച്ച റിപ്പോർട്ടിലുണ്ടായിരുന്നത്
കോഴിക്കോട്: കൂളിമാട് പാലത്തിന്റെ ബീമുകൾ തകർന്നതിൽ പൊതുമരാമത്ത് വിജിലൻസ് വിഭാഗം റിപ്പോർട്ട് തള്ളി പൊതുമരാമത്ത് മന്ത്രി. റിപ്പോർട്ടിൽ വ്യക്തമായ കാരണങ്ങൾ പറയുന്നില്ലെന്നും ഇതെല്ലാം വ്യക്തതവരുത്തി പുതിയ റിപ്പോർട്ട് സമർപ്പിക്കാനും മന്ത്രി ആവശ്യപ്പെട്ടു. കരാർ കമ്പനിക്കും പൊതുമരാമത്ത് ഉദ്യോഗസ്ഥർക്കും ഒരു പോലെ വീഴ്ച പറ്റി എന്നായിരുന്നു വിജിലൻസ് വിഭാഗം സമർപ്പിച്ച റിപ്പോർട്ടിലുണ്ടായിരുന്നത്. ഹൈഡ്രോളിക് ജാക്കിയുടെ തകരാറാണോ മാനുഷ്യക പിഴവാണോ എന്നതിൽ വ്യക്ത വേണം, മാനുഷിക പിഴവാണെങ്കിൽ വിദഗ്‍ധ തൊഴിലാളുടെ സേവനം ഉറപ്പാക്കത്തതാണോ അപകടത്തിന് ഇടയാക്കിയത്? സുരക്ഷാ സംവിധാനങ്ങളും മുൻകരുതലുമില്ലാതെയായിരുന്നോ നിർമാണം എന്നതിലും വ്യക്തത വേണം തുടങ്ങിയ കാര്യങ്ങളാണ് മന്ത്രി പ്രധാനമായും ഉന്നയിച്ചത്.
സംഭവസമയത്ത് പദ്ധതിയുടെ ചുമതലയുള്ള അസി.എക്‌സിക്യൂട്ടീവ് എൻജിനീയറും അസി.എൻജിനീയറും സ്ഥലത്തുണ്ടായിരുന്നില്ല.കരാറുകാരായ ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിയുടെ ജീവനക്കാർ മാത്രമാണ് ഇവിടെ ഉണ്ടായിരുന്നത്. ഇത് ഉദ്യോഗസ്ഥരുടെ വീഴ്ചയാണ്. ബീം തകർന്നുവീണത് നിർമാണത്തിലെ പാളിച്ചയാണെന്നും റിപ്പോർട്ടിലുണ്ടായിരുന്നു. എന്നാൽ ഇതിൽ കൃത്യത വരുത്തണമെന്നാവശ്യപ്പെട്ടാണ് മന്ത്രി റിപ്പോർട്ട് തള്ളിയത്. നിർമാണത്തിൽ അപാകതയില്ല, വീഴ്ച സംഭവിച്ചിട്ടില്ല എന്നിങ്ങനെയുള്ള കമ്പനിയുടെ അവകാശവാദങ്ങൾ നേരത്തെ പൊതുമരാമത്ത് മന്ത്രി തന്നെ തള്ളിപ്പറഞ്ഞിരുന്നു. നിർമാണം പുനരാരംഭിക്കാമെന്നുള്ള ഊരാളുങ്കൽ സൊസൈറ്റിയുടെ നിർദ്ദേശവും അദ്ദേഹം തള്ളിയിരുന്നു.