ദുരന്തഭൂമിയായി കൂട്ടിക്കല്‍: ഉരുള്‍പൊട്ടലില്‍ പൊലിഞ്ഞത് ഒരു കുടുംബത്തിലെ അഞ്ച് പേര്‍, ആകെ മരണം 10 ആയി
|ഇടുക്കിയിലെ കൊക്കയാറിൽ കാണാതായ എട്ട് പേർക്കായി തെരച്ചിൽ തുടരുകയാണ്.
സംസ്ഥാനത്ത് മിന്നല്‍ പ്രളയത്തില്‍ മരണം 12 ആയി. കോട്ടയം കൂട്ടിക്കലിൽ മാത്രം ഉരുൾപൊട്ടലില്‍ 10 പേര്‍ മരിച്ചു. ഇതില്‍ ഒരു കുടുംബത്തിലെ അഞ്ച് പേരും ഉള്‍പ്പെടും. രണ്ടു പേർക്കായി തെരച്ചിൽ തുടരുകയാണ്. ഇന്ന് നടത്തിയ തെരച്ചിലില്‍ 7 പേരുടെ മൃതദേഹമാണ് കണ്ടെത്തിയത്.
ഒറ്റലാങ്കല്‍ മാര്‍ട്ടിന്‍റെ കുടുംബമൊന്നാകെയാണ് ഉരുള്‍പൊട്ടലില്‍ അകപ്പെട്ടത്. മാര്‍ട്ടിന്‍, അമ്മ അന്നക്കുട്ടി, ഭാര്യ സിനി, മക്കളായ സ്നേഹ, സോന എന്നിവരുടെ മൃതദേഹമാണ് കണ്ടെത്തിയത്. ഈ കുടുംബത്തിലെ സാന്ദ്രയെന്ന പെണ്‍കുട്ടിക്കായി തിരച്ചില്‍ തുടരുകയാണ്.
ഇടുക്കിയിലെ കൊക്കയാറിൽ കാണാതായ എട്ട് പേർക്കായി തെരച്ചിൽ തുടരുകയാണ്. ഇതില്‍ നാല് പേര്‍ കുട്ടികളാണ്. നിരവധി വീടുകള്‍ ഒലിച്ചുപോയി. രക്ഷാപ്രവര്‍ത്തനത്തിന് 40 അംഗ സൈന്യവുമുണ്ട്.
ഇന്നലെ കൊക്കയാറിൽ വേണ്ട തെരച്ചിൽ നടന്നില്ലെന്ന് പ്രതിപക്ഷം
കൊക്കയാറില്‍ രക്ഷാപ്രവർത്തനം വൈകിയത് എന്തുകൊണ്ടെന്ന് പരിശോധിക്കണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ഒരിക്കലും ഉരുൾപൊട്ടലുണ്ടാകാത്ത മേഖലയാണിത്. കൊക്കയാറിൽ രക്ഷാപ്രവർത്തനം തുടങ്ങാൻ താമസിച്ചത് അധികൃതരുടെ വീഴ്ചയാണ്. ഇത് പരിശോധിക്കണം. ദുരന്തമുണ്ടാകുമ്പോൾ എങ്ങനെ കൈകാര്യം ചെയ്യണം എന്നതിൽ 2018ലെ സ്‌ഥിതി തുടരുന്നു. പശ്ചിമഘട്ടത്തിൽ പ്രകൃതി ക്ഷോഭത്തിൽ വീടും കൃഷിയിടങ്ങളും നശിക്കുന്നത് കർഷകർക്കാണ്, ക്വാറി മുതലാളിമാർക്കല്ലെന്നും വി ഡി സതീശന്‍ പറഞ്ഞു.
ജാഗ്രത കൈവിടരുതെന്ന് മുഖ്യമന്ത്രി
മഴ നിലയ്ക്കാത്ത സാഹചര്യത്തിൽ ജനങ്ങൾ അതീവ ജാഗ്രത കാണിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അഭ്യർഥിച്ചു. അപകട സാഹചര്യങ്ങളിൽ പെടാതിരിക്കാനുള്ള മുൻകരുതലുണ്ടാകണം. വേണ്ടിവന്നാൽ മാറി താമസിക്കാനും അധികൃതരുടെ നിർദേശങ്ങൾ പാലിക്കാനും അനാവശ്യ യാത്രകൾ ഒഴിവാക്കാനും ശ്രദ്ധിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
കേരളത്തിലുടനീളം ഇന്ന് ഇടിമിന്നലിനും ശക്തമായ കാറ്റിനും സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അറബിക്കടലിൽ ലക്ഷദീപിനു സമീപം രൂപംകൊണ്ട ന്യൂനമർദ്ദം നിലവിൽ ശക്തി കുറഞ്ഞു. എങ്കിലും വൈകുന്നേരം വരെ മഴ തുടരാൻ സാധ്യതയുള്ളതായാണ് കാലാവസ്ഥാ പ്രവചനം. കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റെ രാവിലെ 10 മണിക്ക് പുറപ്പെടുവിച്ച മുന്നറിയിപ്പ് പ്രകാരം ഇന്ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട് എന്നീ ജില്ലകളിൽ യെല്ലോ അലർട്ടാണ് പ്രഖ്യാപിച്ചിട്ടുള്ളത്.