Kerala
കൂട്ടിക്കല്‍ ഉരുള്‍പൊട്ടലില്‍ മരണം എട്ടായി; മൂന്ന് പേര്‍ മണ്ണിനടിയില്‍
Kerala

കൂട്ടിക്കല്‍ ഉരുള്‍പൊട്ടലില്‍ മരണം എട്ടായി; മൂന്ന് പേര്‍ മണ്ണിനടിയില്‍

Web Desk
|
17 Oct 2021 2:49 AM GMT

ഇടുക്കിയിലെ കൊക്കയാറിൽ മണ്ണിനടിയിൽ കുടുങ്ങിക്കിടക്കുന്നത് 8 പേരാണ്

കോട്ടയം കൂട്ടിക്കലിലെ ഉരുള്‍പൊട്ടലില്‍ മരണം എട്ടായി. ഇന്ന് അഞ്ച് പേരുടെ മൃതദേഹമാണ് കണ്ടെത്തിയത്. ഷാലറ്റ് എന്നയാളുടെ മൃതദേഹമാണ് ഇന്ന് രാവിലെ ആദ്യം കണ്ടെത്തിയത്. പിന്നാലെ നാല് പേരുടെ മൃതദേഹം കൂടി കണ്ടെത്തുകയായിരുന്നു. ഇവരില്‍ ഒരാള്‍ കുഞ്ഞാണ്.

ക്ലാരമ്മ ജോസഫ് (65), സിനി (35), മകള്‍ സോന (10) എന്നിവരാണ് കൂട്ടിക്കലില്‍ ദുരിതപ്പെയ്ത്തില്‍ ഇന്നലെ മരിച്ചത്. ഇനി മൂന്ന് പേരെയാണ് കണ്ടെത്താനുള്ളത്. രക്ഷാദൌത്യത്തിനായി 40 അംഗ കരസേന സംഘം കൂട്ടിക്കലെത്തി.

ഇടുക്കിയിലെ കൊക്കയാറിൽ മണ്ണിനടിയിൽ കുടുങ്ങിക്കിടക്കുന്നത് 8 പേരാണ്. ഇവരില്‍ 4 പേര്‍ കുട്ടികളാണ്. ഇവരെ കണ്ടെത്താനുള്ള തെരച്ചിലും തുടരുകയാണ്. തൊടുപുഴ കാഞ്ഞാറില്‍ കഴിഞ്ഞ ദിവസം കാര്‍ ഒഴുക്കില്‍പ്പെട്ട് രണ്ടു പേര്‍ മരിച്ചിരുന്നു. ഇതോടെ ഈ രണ്ട് ദിവസത്തിനിടെ പേമാരിയില്‍ സംസ്ഥാനത്ത് മരിച്ചവരുടെ എണ്ണം പത്തായി.

അടുത്ത മൂന്ന് മണിക്കൂറിൽ മൂന്ന് ജില്ലകളില്‍ കനത്ത മഴ

സംസ്ഥാനത്ത് ഇന്ന് രാവിലെയും മഴ ശക്തിയായി പെയ്യുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. അടുത്ത മൂന്ന് മണിക്കൂറിൽ പത്തനംതിട്ട, ഇടുക്കി, കോട്ടയം എന്നീ ജില്ലകളിൽ ഇടിയോട് കൂടിയ അതിശക്തമായ മഴയ്ക്ക് സാധ്യത. മണിക്കൂറിൽ 40 മുതൽ 60 കിലോമീറ്റർ വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന കാറ്റിനും സാധ്യതയുണ്ട്.



Related Tags :
Similar Posts