'വന്ദനക്ക് കുത്തേറ്റത് അവസാനം, ആദ്യം കുത്തിയത് പ്രതിയുടെ ബന്ധുവിനെ'; എഫ്.ഐ.ആർ തിരുത്തി പൊലീസ്
|ആദ്യം വന്ദനക്കാണ് കുത്തേറ്റതെന്നായിരുന്നു എഫ്.ഐ.ആര്
കൊല്ലം: ഡോ.വനന്ദാ ദാസിന്റെ കൊലപാതകത്തിൽ എഫ്.ഐ.ആറിലെ വിവരങ്ങൾ തിരുത്തി റൂറൽ പൊലീസ് മേധാവിയുടെ റിപ്പോർട്ട്. പ്രതി ആദ്യം കുത്തിയത് ബിനുവിനെയെന്നാണ് റിപ്പോർട്ടിലുള്ളത്.വന്ദനയെ അവസാനമാണ് കുത്തിയതെന്നും റിപ്പോർട്ടിലുണ്ട്. ആദ്യം വന്ദനയ്ക്ക് ആണ് കുത്തേറ്റത് എന്നാണ് എഫ്ഐആറിലുള്ളത്.
പ്രതി സന്ദീപ് ആദ്യം ആക്രമിച്ചത് വന്ദനയെയാണെന്നും അത് തടയാൻ ശ്രമിച്ചപ്പോൾ പൊലീസുകാർക്ക് പരിക്കേറ്റെന്നുമാണ് എഫ്.ഐ.ആറിലുള്ളത്. എന്നാൽ സന്ദീപ് ബന്ധുവിനെയും പൊലീസുകാരെയുമാണ് ആദ്യം ആക്രമിച്ചതെന്നുമാണ് ദൃക്സാക്ഷിയുടെ മൊഴി.
സന്ദീപ് ആദ്യം ആക്രമിച്ചത് പൊലീസുകാരെയാണെന്ന് അന്നേരം ആശുപത്രയിലുണ്ടായിരുന്ന നാല് പേർ പ്രതികരിച്ചിരുന്നു. ആദ്യം പൊലീസിനെയാണ് പ്രതി ആക്രമിച്ചതെന്ന് മന്ത്രി കെ.എൻ ബാലഗോപാൽ പൊലീസുമായി സംസാരിച്ച ശേഷം വ്യക്തമാക്കിയിരുന്നു.
വന്ദനയെ പ്രതി സന്ദീപ് പിന്തുടർന്ന് കുത്തിയെന്നും ഡ്രസിങ് റൂമിൽ ഉപയോഗിക്കുന്ന കത്രിക ഉപയോഗിച്ചാണ് കുത്തിയതെന്നും എഫ്.ഐ.ആറിൽ പറയുന്നു. യാതൊരു പ്രകോപനവുമില്ലാതെയാണ് വന്ദനയുടെ തലയ്ക്ക് പ്രതി കുത്തിയത്.
കാലിൽ മുറിവ് കെട്ടുന്നതിനിടെ സന്ദീപ് കത്രിക കൈക്കലാക്കുകയായിരുന്നു. ഓടി രക്ഷപ്പെടാൻ ശ്രമിച്ചപ്പോൾ പ്രതി വന്ദനയ്ക്ക് നേരെ ആക്രോശിച്ചു. ഒബ്സർവേഷൻ റൂമിൽ അതിക്രമിച്ചു കയറിയും പ്രതി ആക്രമണം നടത്തി. വന്ദന അവശയായി വീണപ്പോൾ നിലത്തിട്ട് കുത്തിയെന്നുമാണ് എഫ്.ഐ.ആർ. വന്ദനയുടെ ശരീരത്തിൽ കയറിയിരുന്നാണ് പ്രതി കൃത്യം നടത്തിയത്.