Kerala
Kottarakkara murder
Kerala

'എന്‍റെ നേർക്കും കത്തിയുമായി ഓടിവന്നു, മരണത്തിന് ഒരു മിനിറ്റ് മുമ്പ് പോലും ഡോക്ടര്‍ സംസാരിച്ചിരുന്നു'; ഞെട്ടൽ മാറാതെ കൂടെയുണ്ടായിരുന്ന നഴ്‌സ്

Web Desk
|
10 May 2023 9:04 AM GMT

'ഞങ്ങളെ ആംബുലന്‍സ് ഡ്രൈവര്‍ മറ്റൊരു മുറിയിലിട്ട് പൂട്ടി. വനന്ദ ഡോക്ടര്‍ ഒപി റൂമില്‍ കുടുങ്ങിപ്പോയി '

കൊല്ലം: പ്രതി സന്ദീപ് തന്നെയും കുത്താൻ ശ്രമിച്ചുവെന്ന് വന്ദനക്കൊപ്പം ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന നഴ്‌സ് രമ്യ. തൊട്ടടുത്ത മുറിയിലേക്ക് ഓടിക്കയറി കതക് അടച്ചതിനാലാണ് രക്ഷപ്പെട്ടത്. ആശുപത്രിയിൽ വെച്ച് മരണത്തിന് ഒരു മിനിറ്റ് മുമ്പ് പോലും ഡോ. വന്ദന തന്നോട് സംസാരിച്ചിരുന്നുവെന്നും നഴ്‌സ് മീഡിയവണിനോട് പറഞ്ഞു.

'ഞാനായിരുന്നു ഡ്രസിങ് റൂമിലുണ്ടായിരുന്നത്. പ്രതിക്കൊപ്പം രണ്ടുമൂന്ന് പൊലീസുകാരും കൂടെയുണ്ടായിരുന്നു. പ്രതിയുടെ കൈയിൽ വിലങ്ങുണ്ടായിരുന്നില്ല. മദ്യപിച്ച പോലെയായിരുന്നു അയാളുണ്ടായിരുന്നത്. മരിച്ച ഡോക്ടറാണ് ഒപി ടിക്കറ്റ് കയ്യിലോട്ട് തരുന്നത്. ഇങ്ങനെ ആ ഒരാളുണ്ട്, ഡ്രസ്സിങ് ചെയ്യാനുണ്ടെന്ന് പറഞ്ഞു. അയാളെ ഡ്രസിങ് റൂമിലേക്ക് വിളിച്ചു. കൂടെയുണ്ടായിരുന്ന പൊലീസുകാരും അപ്പുറത്തുണ്ടായിരുന്നു.എന്നാൽ പെട്ടന്ന് അയാൾ അക്രമാസക്തനായി ഇറങ്ങിയോടി. പോയി നോക്കുമ്പോൾ ഒരു പൊലീസുകാരെ കുത്തുന്നതാണ് കണ്ടത്'. രമ്യ പറയുന്നു.

'പൊലീസുകാരന്‍ മറിഞ്ഞുവീണു. സമീപത്തുള്ള പൊലീസുകാരൻ ഒരു കസേരയെടുത്ത് പ്രതിയുടെ ദേഹത്തേക്ക് എറിഞ്ഞു. ഞങ്ങൾ ആകെ ഭയന്നുവിറച്ചു. ആ സമയത്ത് എന്റെ നേർക്ക് കത്തിയും പിടിച്ചു ഓടിവരുന്നത് കണ്ടു. അവിടെയുണ്ടായിരുന്ന ആംബുലൻസ് ഡ്രൈവർ രാജേഷ് ആ സമയത്ത് എത്തി. എന്റെ കൂടെയുണ്ടായിരുന്ന നഴ്‌സിനോട് അടുത്ത മുറിയിലേക്ക് മാറാൻ പറഞ്ഞു. ആ സമയത്ത് ഡോ.വന്ദന ഒപി റൂമിൽ അകപ്പെട്ടു. പിന്നെ എന്താണ് നടന്നതെന്നും അറിയില്ല. കുറച്ച് കഴിഞ്ഞ് പുറത്തേക്ക് വന്നപ്പോൾ ചോരപ്പാടുകളും ഡോക്ടറിന്റെ സ്റ്റെതസ്‌കോപ്പും ചെരിപ്പുമാണ്. ഡോക്ടറെ അപ്പോഴേക്കും വേറെ ആശുപത്രിയിലേക്ക് മാറ്റിരുന്നു. പിന്നെ പ്രതിയെ അവിടെ കീഴ്‌പ്പെടുത്തി അവിടെ തറയിൽ കിടത്തിയിരുന്നു. മരിക്കുന്നത് ഒരുമിനിറ്റ് മുമ്പും ഡോക്ടർ വനന്ദ എന്നോട് സംസാരിച്ചിരുന്നു. ഇങ്ങനെയൊന്നും നടക്കുമെന്ന് ഒരിക്കലും കരുതിയിരുന്നില്ല'. നഴ്‌സ് രമ്യയുടെ വാക്കുകളിൽ പേടിയും അമ്പരപ്പും ഇനിയും മാറിയിട്ടില്ല.

കൊല്ലം കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലാണ് ജോലിക്കിടെ വനിതാ ഡോക്ടറെ കുത്തിക്കൊലപ്പെടുത്തിയത്. ഹൗസ് സർജൻ ഡോ. വന്ദനാ ദാസാണ് (22)കൊല്ലപ്പെട്ടത്. പൊലീസ് പരിശോനക്ക് എത്തിച്ച കൊല്ലം പൂയപ്പള്ളി സ്വദേശി സന്ദീപ് ആണ് ഡോക്ടറെ കുത്തിയത്. പൊലീസുകാർ ഉൾപ്പെടെ നാലുപേർക്കും ആക്രമണത്തിൽ പരിക്കേറ്റു. ലഹരിക്ക് അടിമയായ സന്ദീപുമായി പുലർച്ചെ നാലുമണിക്കാണ് പൊലീസ് കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ എത്തിയത്.





Similar Posts