കോട്ടയത്ത് മട വീഴ്ച; 220 ഏക്കറിലെ നെൽകൃഷി വെള്ളത്തിൽ മുങ്ങി
|കോഴിക്കോട് ചാത്തമംഗലത്ത് മഴയിൽ വീട് തകർന്ന് രണ്ടു പേർക്ക് പരിക്കേറ്റു
തിരുവനന്തപുരം. കോട്ടയം തട്ടാർകാട്- വെങ്ങാലിക്കാട് - മണ്ണടിച്ചിറ പാടശേഖരത്തിൽ മടവീണു. 220 ഏക്കറിലെ നെൽകൃഷി വെള്ളത്തിൽ മുങ്ങി. 12 ദിവസം പ്രായമുള്ള നെൽച്ചെടികളാണ് ഉണ്ടായിരുന്നത്. വെള്ളിയാഴ്ച പുലർച്ചെയാണ് സംഭവം. മണൽചാക്കുകൾ കൊണ്ട് വെള്ളം തടയാനുള്ള ശ്രമം കർഷകർ നടത്തുന്നുണ്ട്. പുറം ബണ്ടിന്റെ ബലക്ഷയമാണ് മട വീഴാൻ കാരണമെന്നാണ് കർഷകർ പറയുന്നു.
അതേസമയം, കോഴിക്കോട് ചാത്തമംഗലത്ത് മഴയിൽ വീട് തകർന്ന് രണ്ടു പേർക്ക് പരിക്കേറ്റു. പരുത്തിപ്പാറ ബാബുവിനും സഹോദരി നീലാണിച്ചിക്കുമാണ് പരിക്കേറ്റത്. വെള്ളിയാഴ്ച പുലർച്ചെ അഞ്ചുമണിയോടെയായിരുന്നു അപകടം.
പത്തനംതിട്ടയിൽ മഴയ്ക്ക് ശമനമായെങ്കിലും അപ്പർ കുട്ടനാടൻ മേഖലയിലെ ആശങ്ക ഒഴിയുന്നില്ല. നിരവധി വീടുകൾ ഇപ്പോഴും വെള്ളത്തിലാണ്. പമ്പ അച്ഛൻകോവിൽ മണിമല ആറുകളിലെ ജലനിരപ്പ് താഴ്ന്നു.
എന്നാല്‍ സംസ്ഥാനത്ത് കനത്തമഴയ്ക്ക് നേരിയ ശമനമുണ്ട്. ഒരു ജില്ലകളിൽ തീവ്രമഴ മുന്നറിയിപ്പ് നല്‍കിയിട്ടില്ല. മലപ്പുറം മുതൽ കാസർകോട് വരെ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. തൃശൂർ പെരിങ്ങൽകുത്ത് ഡാമിൽ റെഡ് അലർട്ടും പ്രഖ്യാപിച്ചു. കോട്ടയം, കണ്ണൂർ, കാസർകോട്, പത്തനംതിട്ട, കോഴിക്കോട് ജില്ലകളിൽ പ്രൊഫഷണൽ കോളജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധിയാണ്.