സൈബർ ആക്രമണത്തെ തുടർന്ന് യുവതി ജീവനൊടുക്കിയ സംഭവം; പ്രതി ലോഡ്ജ് മുറിയില്‍ മരിച്ച നിലയിൽ
|ആതിരയുടെ മരണത്തിന് പിന്നാലെ ഒളിവിൽ പോയ അരുണിനായി പൊലീസ് വ്യാപക തിരച്ചിൽ നടത്തിയിരുന്നു
കാസർകോഡ്: കടുത്തുരുത്തിയിൽ സൈബർ ആക്രമണത്തെ തുടർന്ന് യുവതി ജീവനൊടുക്കിയ കേസിലെ പ്രതി അരുൺ വിദ്യാധരനെ ലോഡ്ജ് മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. കാസര്‍കോട് കാഞ്ഞങ്ങാട്ടെ ലോഡ്ജ് മുറിയിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
കടുത്തിരുത്തി കോതനല്ലൂർ സ്വദേശിനിയായ വി.എം. ആതിരയെയാണ് സൈബർ ആക്രമണത്തെ തുടർന്ന് ജീവനൊടുക്കിയത്. ആതിരയുടെ മരണത്തിന് പിന്നാലെ ഒളിവിൽ പോയ അരുണിനായി പൊലീസ് വ്യാപക തിരച്ചിൽ നടത്തിയിരുന്നു. മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ കണ്ടെത്തിയപ്പോള്‍ അരുണ്‍ കോയമ്പത്തൂരിലാണെന്നും കഴിഞ്ഞദിവസം പോലീസ് പറഞ്ഞിരുന്നു. പ്രതിക്കായി ലുക്ക്ഔട്ട് നോട്ടീസും പുറപ്പെടുവിച്ചിരുന്നു.
വ്യാഴാഴ്ച രാവിലെയാണ് യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയെന്ന വിവരം ലോഡ്ജ് അതികൃതർ പൊലീസിനെ അറിയിക്കുന്നത്. തുടർന്ന് പൊലീസെത്തി അരുൺവിദ്യാധരനാണെന്ന് തിരിച്ചറിയുകയായിരുന്നു. മുറിയെടുക്കാനായി അരുൺ മലപ്പുറം പെരിന്തൽമണ്ണയിലെ വിലാസമാണ് നൽകിയിരുന്നത്.
തിങ്കളാഴ്ച രാവിലെയായിരുന്നു കടുത്തിരുത്തി സ്വദേശിനി ആതിരയെ വീട്ടിലെ കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടത്. സുഹൃത്തായിരുന്ന അരുൺ വിദ്യാധരൻ സമൂഹമാധ്യമങ്ങളിലൂടെ ആതിരയെ നിരന്തരം അധിക്ഷേപിച്ചിരുന്നു. ഇതിനെ തുടർന്നാണ് ആതിര ജീവനൊടുക്കിയത്. അരുണിന്റെ സൈബർ അധിക്ഷേപങ്ങൾക്കെതിരെ യുവതി പൊലീസിൽ പരാതി നൽകിയിരുന്നു. എന്നാൽ ഇതിന് ശേഷവും അരുൺ ആക്രമം തുടർന്നതായും യുവതിയുടെ ചിത്രങ്ങളടക്കം സോഷ്യൽമീഡിയയിൽ പ്രചരിപ്പിച്ചതായും ആതിരയുടെ ബന്ധുക്കൾ പറയുന്നു.