Kerala
കോട്ടയം സീറ്റ്; സുധാകരന്റെ പ്രസ്താവനയിൽ അതൃപ്തിയുമായി കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം
Kerala

കോട്ടയം സീറ്റ്; സുധാകരന്റെ പ്രസ്താവനയിൽ അതൃപ്തിയുമായി കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം

Web Desk
|
11 Feb 2024 1:30 AM GMT

പ്രസ്താവന യു.ഡി.എഫ് അണിക്കൾക്കിടയിൽ ആശയക്കുഴപ്പമുണ്ടാക്കുമെന്നും തെരഞ്ഞെടുപ്പിൽ തിരിച്ചടിയാകുമെന്നുമാണ് വിലയിരുത്തൽ

കോട്ടയം: കോട്ടയം ലോക്സഭാ സീറ്റിനെ സംബന്ധിച്ച് കെ.പി.സി.സി പ്രസിഡൻ്റിൻ്റെ പ്രസ്താവനയിൽ കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിന് അതൃപ്തി. പ്രസ്താവന യു.ഡി.എഫ് അണിക്കൾക്കിടയിൽ ആശയക്കുഴപ്പമുണ്ടാക്കുമെന്നും തെരഞ്ഞെടുപ്പിൽ തിരിച്ചടിയാകുമെന്നുമാണ് വിലയിരുത്തൽ. കോട്ടയം സീറ്റിൽ കോൺഗ്രസ് മത്സരിക്കുമെന്ന കെ.സുധാകരൻ്റെ പ്രസ്താവനയാണ് മുന്നണിയിൽ കല്ലുകടിയ്ക്ക് ഇടയാക്കിയത്.

ഉഭയ കക്ഷി ചർച്ചയിൽ കോട്ടയം സീറ്റ് കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിൽ നൽകാൻ ധാരണയായിരുന്നു. ഔദ്യോഗിക സ്ഥാനാർഥി പ്രഖ്യാപനം മാത്രം ബാക്കിനിൽക്കെയാണ് കെ.പി.സി.സി പ്രസിഡന്റ് സീറ്റ് കോൺഗ്രസിന്റെതാണെന്ന് പറഞ്ഞത്. ഇതോടെയാണ് കേരള കോൺഗ്രസിൽ അതൃപ്തി പുകയുന്നത്.

പ്രതിപക്ഷ നേതാവടക്കം പങ്കെടുത്ത ഉദയകക്ഷി ചർച്ചയിൽ അമേരിക്കയിൽ ചികിത്സയിലായിരുന്ന കെ.സുധാകരൻ പങ്കെടുത്തിരുന്നില്ല. കാര്യങ്ങൾ മനസിലാക്കാതെ നിരുത്തരവാദപരമായ പ്രസ്താവന നടത്തിയത് അനുചിതമാണെന്നും കേരള കോൺഗ്രസ് നേതൃത്വം കോൺഗ്രസ് നേതാക്കളെ അറിയിച്ചു. ചർച്ചകൾ അനാവശ്യമെന്ന് കേരള കോൺഗ്രസ് ജില്ലാ നേതൃത്വവും വ്യക്തമാക്കി.

കേരള കോൺഗ്രസിന്റെ അതൃപ്തി മനസിലാക്കി കെ.പി.സി.സി പ്രസിഡന്റ് പിന്നീട് പ്രസ്താവന തിരുത്തി. അതേസമയം, സീറ്റിനെ ചൊല്ലി കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിൽ നടക്കുന്ന വടംവലിയിൽ കോൺഗ്രസിന് പ്രതിഷേധമുണ്ട്. കേരള കോൺഗ്രസിന് തെരഞ്ഞെടുപ്പിനെ നേരിടാനുള്ള സംഘടന സംവിധാനമില്ലെന്നാണ് ഡി.സി.സി നേതൃത്വത്തിൻ്റെ അഭിപ്രായം.

Similar Posts