Kerala
അവൾ ഇനി മുതൽ അജയ്യ , ജനനം മുതൽ  പരീക്ഷണങ്ങളെ  അതിജീവിച്ചവൾ
Kerala

അവൾ ഇനി മുതൽ 'അജയ്യ ', ജനനം മുതൽ പരീക്ഷണങ്ങളെ അതിജീവിച്ചവൾ

Web Desk
|
8 Jan 2022 4:45 AM GMT

പേര് നിർദ്ദേശിച്ചത് കുഞ്ഞിനെ കണ്ടെത്തിയ എസ്.ഐ റെനീഷ്

ജനിച്ച് ഒരുദിവസമാകും മുമ്പേ അമ്മയിൽ നിന്ന് അടർത്തിമാറ്റുകയും മണിക്കൂറുകൾക്കകം തിരികെയെത്തുകയും ചെയ്ത അവൾ ഇനി 'അജയ്യ ' എന്നറിയപ്പെടും. ജനനം മുതൽ കടുത്ത പരീക്ഷണങ്ങളെ ജയിച്ചവളായതിനാൽ അതിജീവിച്ചവൾ എന്ന അർഥത്തിലാണ് പേരിട്ടതെന്ന് കുഞ്ഞിന്റെ അച്ഛൻ എസ്. ശ്രീജിത്ത് പറഞ്ഞു. പേര് നിർദേശിച്ചതാകട്ടെ കുഞ്ഞിനെ കാണാതായി മണിക്കൂറുകൾക്കകം കണ്ടെത്തി അവളെ തിരികെയെത്തിച്ച എസ്.ഐ ടി.എസ്.റെനീഷും. പേര് എല്ലാവർക്കും ഇഷ്ടമാകുകയും മകൾക്ക് ആ പേരുമതിയെന്ന് കുടുംബം തീരുമാനിക്കുകയായിരുന്നു. അജയ്യയും അമ്മ അശ്വതിയും ഇന്ന് ആശുപത്രി വിടും. അമ്മക്കും കുഞ്ഞിനും ആരോഗ്യപ്രശ്‌നങ്ങൾ ഇല്ലെന്നും ഡോക്ടർമാർ വ്യക്തമാക്കി. എത്രയും പെട്ടന്ന് വീട്ടിലേക്ക് മടങ്ങണമെന്ന് മാത്രമാണ് മനസിലുള്ളതെന്ന് അശ്വതി മന്ത്രി വീണാ ജോർജിനോട് പറഞ്ഞു. ആശുപത്രിയിൽ ഇവരെ കാണാനെത്തിയതായിരുന്നു വീണാജോർജ്.

കഴിഞ്ഞ ദിവസമാണ് കേരളത്തെ മുഴുവൻ നടുക്കിയ സംഭവങ്ങൾ അരങ്ങേറിയത്. കോട്ടയം മെഡിക്കൽ കോളജിലെ ഗൈനക്കോളജി വിഭാഗത്തിൽ നിന്ന് പ്രസവിച്ച് 24 മണിക്കൂർ തികയാത്ത കുഞ്ഞിനെ നീതു എന്ന സ്ത്രീ കുഞ്ഞിനെ അമ്മയുടെ പക്കലിൽ നിന്ന് തട്ടിയെടുത്തത്. നഴ്‌സാണെന്ന വ്യാജേനയാണ് കുഞ്ഞിനെയുമായി ഇവർ കടന്നുകളഞ്ഞത്. കുഞ്ഞിനെ നഷ്ടപ്പെട്ടുവെന്ന് തിരിച്ചറിഞ്ഞ ഉടനെ പൊലീസും നാട്ടുകാരും വ്യാപക തിരച്ചിൽ നടത്തി. തുടർന്നാണ് ആശുപത്രിക്ക് സമീപത്തെ ലോഡ്ജിൽ നിന്ന് കുഞ്ഞിനെ കണ്ടെത്തുന്നത്. ഒരുനാട് മുഴുവൻ കുഞ്ഞിന് വേണ്ടി നടത്തിയ തിരിച്ചിലാണ് അജയ വീണ്ടും അമ്മയുടെ മടിത്തട്ടിലേക്ക് എത്തിയത്.

സംഭവത്തിൽ നീതുവും കാമുകനും അറസ്റ്റിലായിട്ടുണ്ട്. കോട്ടയം മെഡിക്കൽ കോളജിലെ സുരക്ഷ ജീവനക്കാരിയെയും ഇന്ന് സസ്‌പെൻഡ് ചെയ്തിട്ടുണ്ട്. കുഞ്ഞിനെയുമായി നീതു കടന്നുകളയുമ്പോൾ ഇവർ ശ്രദ്ധക്കുറവ് കാട്ടിയെന്ന് സി.സി.ടി.വി ദൃശ്യങ്ങളിൽ നിന്ന് വ്യക്തമായതിനെ തുടർന്നാണ് നടപടി. മറ്റ് വീഴ്ചകളുണ്ടായോ എന്ന കാര്യത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.

Similar Posts