കോട്ടയം മെഡി. കോളജില്‍ എത്തുന്ന രോഗികള്‍ക്കുള്‍പ്പെടെ അപകടരഹിതമായി റോഡ് മുറിച്ചുകടക്കാന്‍ വഴിയൊരുങ്ങുന്നു
|1.30 കോടി രൂപ ചെലവിട്ടാണ് ആധുനികരീതിയില്‍ ഭൂഗര്‍ഭപാത നിര്‍മിക്കുന്നത്
കോട്ടയം: കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തുന്ന രോഗികള്‍ക്കും സന്ദര്‍ശകര്‍ക്കും ജീവനക്കാര്‍ക്കും അപകടരഹിതമായി റോഡ് മുറിച്ചു കടക്കാന്‍ വഴിയൊരുങ്ങുന്നു. ഭൂഗര്‍ഭ പാതയുടെ നിര്‍മാണാദ്ഘോടനം മന്ത്രി വി.എന്‍ വാസവന് നിര്‍വഹിച്ചു. ആറു മാസം കൊണ്ട് നിര്‍മാണം പൂര്‍ത്തികരിക്കാനാണ് ലക്ഷ്യം.
1.30 കോടി രൂപ ചെലവിട്ടാണ് ആധുനികരീതിയില്‍ ഭൂഗര്‍ഭപാത നിര്‍മിക്കുന്നത്. അത്യാഹിത വിഭാഗം പ്രവേശന കവാടത്തിനു സമീപത്തുനിന്നും ഭൂഗര്‍ഭ പാത തുടങ്ങും. അവിടെ നിന്നും ബൈപ്പാസ് റോഡ് കുറുകെ കടന്ന് ബസ് സ്റ്റാന്‍ഡിന്റെ പ്രവേശനകവാടത്തിനു സമീപം അവസാനിക്കുന്ന രീതിയിലാണ് പാതയുടെ രൂപകല്പന .
18.576 മീറ്റര്‍ നീളവും അഞ്ചുമീറ്റര്‍ വീതിയും 3.5 മീറ്ററും ഉയരവുമുണ്ടാകും. ഭൂഗര്‍ഭ പാതയ്ക്ക് പുറമെ പുതിയ പ്രവേശന കവാടത്തിന്റെ നിര്‍മാണോദ്ഘാടനവും മന്ത്രി വി.എന്‍ വാസവന് നടത്തി.
രോഗികളും സന്ദര്‍ശകരും ജീവനക്കാരും അടക്കം ദിവസവും പതിനായിരത്തോളം പേര് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തും . ഇവര്‍ക്ക് അപകടരഹിതമായ സഞ്ചാരമൊരുക്കുകയാണ് ലക്ഷ്യം. ഏറ്റുമാനൂര്‍ മണ്ഡലത്തിലെ വികസനപദ്ധതികളുമായി ബന്ധപ്പെട്ട് നേരത്തെ സംഘടിപ്പിച്ച സെമിനാറിലാണ് ഭൂഗര്‍ഭപാത എന്ന ആശയം ഉയര്‍ന്നത്. മൂന്നു മാസത്തിനകം പണി പൂര്‍ത്തീകരിക്കാന്‍ സാധിക്കുമെന്ന് കരാറുകാരായ പാലത്ര കണ്‍സ്ട്രക്ഷന്‍സ് അറിയിച്ചു.