കോട്ടയം നഗരസഭ അധ്യക്ഷ തെരഞ്ഞെടുപ്പ്; സ്ഥാനാർഥിയെ നിർത്തുമെന്ന് ബി.ജെ.പി
|ഇതോടെ വീണ്ടും ഒരു ഭാഗ്യപരീക്ഷണത്തിലേക്ക് നഗരസഭ അധ്യക്ഷ തെരഞ്ഞെടുപ്പ് പോകുമെന്ന് ഉറപ്പായി
കോട്ടയം നഗരസഭയിലെ അധ്യക്ഷ തെരഞ്ഞെടുപ്പിൽ സ്വന്തം സ്ഥാനാർഥിയെ നിർത്താൻ ബി.ജെ.പി തീരുമാനിച്ചു . ഇതോടെ വീണ്ടും ഒരു ഭാഗ്യപരീക്ഷണത്തിലേക്ക് നഗരസഭ അധ്യക്ഷ തെരഞ്ഞെടുപ്പ് പോകുമെന്ന് ഉറപ്പായി. ബി.ജെ.പിയുടെ പിന്തുണ വേണ്ടെന്ന് എൽ.ഡി.എഫും വ്യക്തമാക്കിയിട്ടുണ്ട്.
യു.ഡി.എഫിനെ നഗരസഭാ അധ്യക്ഷക്കെതിരെ എല്‍.ഡി.എഫ് കൊണ്ടുവന്ന അവിശ്വാസപ്രമേയത്തെ ബി.ജെ.പി പിന്തുണച്ചത് വലിയ ചർച്ചകൾക്ക് വഴിവെച്ചിരുന്നു . എന്നാൽ വരാനിരിക്കുന്ന അധ്യക്ഷ തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് നൽകിയ പിന്തുണ നൽകില്ലെന്ന തീരുമാനം ആണ് ബി.ജെ.പി കൈക്കൊണ്ടിരിക്കുന്നത്. കൂടാതെ സ്വന്തം സ്ഥാനാർഥിയെ അധ്യക്ഷ തെരഞ്ഞെടുപ്പിൽ നിർത്താനും ബി.ജെ.പി നേതൃത്വം തീരുമാനിച്ചു. സംസ്ഥാന നേതൃത്വവും ഇതിനെ പിന്തുണച്ചിട്ടുണ്ട്.
ബി.ജെ.പി നിലപാട് വ്യക്തമാക്കിയതോടെ നഗരസഭ ഭരണം ഭാഗ്യ പരീക്ഷണത്തിലേക്ക് വീണ്ടും പോകുമെന്ന സൂചനയാണ് ലഭിക്കുന്നത്. നിലവിൽ യു.ഡി.എഫിനും എൽ.ഡി.എഫിനും 22 കൗൺസിലർമാർ വീതമുണ്ട് . ബി.ജെ.പിയുടെ പിന്തുണ വേണ്ടെന്ന് എൽ.ഡി.എഫും വ്യക്തമാക്കി കഴിഞ്ഞു. യു.ഡി.എഫിലെ അതൃപ്തരുടെ പിന്തുണ ലഭിക്കും എന്നാണ് എൽ.ഡി.എഫിന്‍റെ പ്രതീക്ഷ. ഒരാസാധു വോട്ട് പോലും നിർണായകമാകും. എന്നാൽ തുല്യമായി വോട്ട് ലഭിച്ചാൽ ഒരിക്കൽ കൂടി നറുക്കെടുപ്പിലേക്ക് കാര്യങ്ങൾ പോകും.