കോട്ടയം ആകാശപാത പദ്ധതിയുടെ സാധ്യത അടഞ്ഞു; തിരിച്ചടിയായത് സ്ഥലമേറ്റെടുക്കലിലെ പ്രശ്നം
|സർക്കാർ പദ്ധതി മനഃപൂർവം തടഞ്ഞു എന്നാണ് തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎയുടെ നിലപാട്.
കോട്ടയം: കോട്ടയത്തെ ആകാശപാത പദ്ധതി നടപ്പിലാക്കാനാവില്ലെന്ന് സർക്കാർ നിയമസഭയിൽ വ്യക്തമാക്കിയതോടെ സാധ്യത പൂർണമായും അടഞ്ഞു. ഇതോടെ നഗരമധ്യത്തിൽ നിലനിൽക്കുന്ന നിർമാണം ഇനി എന്തു ചെയ്യുമെന്ന ചോദ്യം ബാക്കിയാണ്. സ്ഥലമേറ്റെടുക്കൽ അടക്കമുള്ള പ്രശ്നങ്ങളാണ് പദ്ധതിക്ക് തിരിച്ചടിയായത്.
കഴിഞ്ഞ എട്ടുവർഷമായി നഗരമധ്യത്തിൽ നിലനിൽക്കുന്ന ആകാശപാത പദ്ധതിയുടെ ഇരുമ്പ് തുണുകളും മറ്റും ഇനി എന്തു ചെയ്യുമെന്നാണ് നാട്ടുകാർ ചോദിക്കുന്നത്. പദ്ധതിയുടെ ബാക്കി നിർമാണങ്ങൾ നടത്തുന്നതിനായി ഏറ്റെടുക്കേണ്ടിരിയുന്ന സിഎസ്ഐ സഭയുടെ സ്ഥലം ലഭിച്ചില്ല. ഹെഡ് പോസ്റ്റ് ഓഫീസിൻ്റെ സ്ഥലവും വിട്ടുകിട്ടിയില്ല.
ഇതാണ് പദ്ധതി നിലയ്ക്കാൻ പ്രധാന കാരണം. സർക്കാർ പദ്ധതി മനഃപൂർവം തടഞ്ഞു എന്നാണ് തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎയുടെ നിലപാട്. ഭാവനാശൂന്യമായ പദ്ധതിയെന്നും പൊളിച്ചുനീക്കണമെന്നും സിപിഎം ജില്ലാ നേതൃത്വം നേരത്തെ ആവശ്യപ്പെട്ടിരുന്നു. പദ്ധതിക്കെതിരെ കോട്ടയം സ്വദേശി ശ്രീകുമാർ ഹൈക്കോടതിൽ നൽകിയ കേസും പദ്ധതിയിൽ നിന്നും പിൻമാറുന്നതിന് കാരണമായി സർക്കാർ ചൂണ്ടിക്കാട്ടുന്നു.