Kerala
Kovalam Racing Accident, Biker also diedKovalam bike accident, bike racing,Motor vehicle department ,Kovalam accident,
Kerala

കോവളം ബൈക്ക് അപകടം; റേസിങ് നടന്നതിന് തെളിവില്ലെന്ന് മോട്ടോർ വാഹന വകുപ്പ്

Web Desk
|
30 Jan 2023 3:43 AM GMT

അപകടകാരണം അമിത വേഗതയെന്നും റിപ്പോർട്ട്

തിരുവനന്തപുരം: കോവളത്ത് ബൈക്ക് അപകടത്തിനിടയാക്കിയ സംഭവത്തിൽ റേസിങ് നടന്നതിന് തെളിവില്ലെന്ന് മോട്ടോർ വാഹന വകുപ്പ്. ബൈക്ക് അമിത വേഗതയിലായിരുന്നു. വീട്ടമ്മ അശ്രദ്ധമായി റോഡ് മുറിച്ച് കടന്നതും അപകടത്തിന് കാരണമായെന്നും മോട്ടോർ വാഹനവകുപ്പ് പറയുന്നു.

ഇന്നലെ നടന്ന അപകടത്തിൽ രണ്ടു പേർക്കാണ് ജീവൻ നഷ്ടപ്പെട്ടത്. തിരുവനന്തപുരം പൊട്ടക്കുഴി സ്വദേശി അരവിന്ദ് (25), വാഴമുട്ടം സ്വദേശി സന്ധ്യ എന്നിവരാണ് മരിച്ചത്. കോവളം- വാഴമുട്ടം ദേശീയപാതയില്‍ രാവിലെ ഏഴരയോടെയായിരുന്നു അപകടം. തുടർന്ന് അപകടത്തിന് കാരണം റേസിങ്ങാണോ എന്ന് കണ്ടെത്താൻ ഗതാഗതവകുപ്പ് മന്ത്രി മോട്ടോർവാഹനവകുപ്പിനോട് ആവശ്യപ്പെട്ടിരുന്നു. ഇതിനെ തുടർന്നാണ് പ്രാഥമിക റിപ്പോർട്ട് തയ്യാറാക്കി എൻഫോഴ്‌സ്‌മെന്റ് വിഭാഗം മന്ത്രിക്ക് കൈമാറിയത്. നാട്ടുകാർ ആരോപിക്കുന്നത് പോലെ അവിടെ റേസിങ് നടന്നിട്ടില്ല എന്നാണ് റിപ്പോർട്ടിൽ പറയുന്നത്. എന്നാൽ ബൈക്കിന്റെ അമിത വേഗതയാണ് അപകടത്തിന് കാരണമെന്നും റിപ്പോർട്ടിൽ പറയുന്നു.

അപകടം നടന്ന സ്ഥലത്ത് സിസിടിവി കാമറകൾ ഇല്ലാത്തതിനാൽ കൂടുതൽ പരിശോധനകൾ വേണമെന്നും മോട്ടോർവാഹനവകുപ്പ് പറയുന്നു. റീൽസ് തയ്യാറാക്കുന്നതിന് വേണ്ടിയാണ് മരിച്ച അരവിന്ദ് കോവളം ഭാഗത്തേക്ക് വന്നതെന്നാണ് പറയുന്നത്. ഇന്നലെ തയ്യാറാക്കിയ റീൽസിൽ രണ്ടുമൂന്നുപേർ കൂടിയുണ്ടായിട്ടുണ്ടെന്നും തിരിച്ചറിഞ്ഞിട്ടുണ്ട്. അവർക്കും നോട്ടീസ് നൽകി ചോദ്യം ചെയ്യാനും തീരുമാനമായിട്ടുണ്ട്.

റോഡ് മുറിച്ച് കടക്കുന്നതിനിടെ സന്ധ്യയെ അമിത വേഗതയിലെത്തിയ ബൈക്ക് ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ കാലറ്റു പോയി. മറ്റ് ശരീരാവശിഷ്ടങ്ങളും റോഡില്‍ ചിതറി. ഇടിച്ച ബൈക്ക് 100 മീറ്ററോളം തെറിച്ചു പോവുകയും ചെയ്തു. പരിക്കേറ്റ അരവിന്ദൻ സമീപത്തെ ഓടയിലായിരുന്നു കിടന്നത്. രണ്ട് ബൈക്കുകളിലായി റേസിങ് നടത്തുന്നതിനിടെയാണ് അപകടമുണ്ടായതെന്നാണ് നാട്ടുകാര്‍ പറയുന്നത്.

നേരത്തെയും കോവളം ബൈപ്പാസ് റോഡില്‍ റേസിങ്ങിനിടെ അപകടമരണങ്ങള്‍ ഉണ്ടായിരുന്നു. ബൈക്ക് റേസിങ് അപകടങ്ങൾ ആവർത്തിക്കുകയും സാധാരണക്കാര്‍ ഇരയാകുന്നത് ആവര്‍ത്തിക്കുകയും ചെയ്യുന്ന പശ്ചാത്തലത്തില്‍ കടുത്ത നടപടികളിലേക്ക് കടക്കുകയാണ് മോട്ടോര്‍ വാഹനവകുപ്പ്.

ബൈപ്പാസ് റോഡില്‍ വാഹനപരിശോധന ശക്തമാക്കാനും ഇനിമുതല്‍ റേസിങ്ങ് നടത്തുന്നവരുടെ ലൈസന്‍സ് റദ്ദാക്കാനുമാണ് തീരുമാനം. കഴിഞ്ഞവർഷം ജൂണിൽ വിഴിഞ്ഞം മുക്കോലയില്‍ ബൈക്ക് റേസിനിടെയുണ്ടായ അപകടത്തില്‍ രണ്ടു യുവാക്കൾ മരിച്ചിരുന്നു.




Similar Posts