സുരക്ഷയും സൗകര്യങ്ങളുമില്ല; സഞ്ചാരികളെ മടുപ്പിച്ച് കോവളം
|കടലില്‍ ഇറങ്ങിയതിന് ശേഷം തിരിച്ചെത്തുമ്പോള്‍ വസ്ത്രം മാറാനോ, ബാത്ത് റൂമില്‍ പോകാനോ ഉള്ള സൗകര്യമില്ല
തിരുവനന്തപുരം: വേണ്ടത്ര സുരക്ഷയും സൗകര്യങ്ങളും ഇല്ലാതെ സംസ്ഥാനത്തെ പ്രധാന വിനോദസഞ്ചാര കേന്ദ്രമായ കോവളം സഞ്ചാരികള്‍ക്ക് ബുദ്ധിമുട്ടാകുന്നു. കടലില്‍ ഇറങ്ങിയതിന് ശേഷം തിരിച്ചെത്തുമ്പോള്‍ വസ്ത്രം മാറാനോ, ബാത്ത് റൂമില്‍ പോകാനോ ഉള്ള സൗകര്യമില്ല. തീരത്ത് കമ്പില്‍ ചാരിവെച്ച സുരക്ഷ മുന്നറിയിപ്പ് ബോര്‍ഡല്ലാതെ മറ്റൊന്നുമില്ല. കുറച്ച് ഹൈമാക്സ് ലൈറ്റ് വച്ചതൊഴിച്ചാല്‍ കോവളം തീരം ഒട്ടും സുരക്ഷിതമല്ലെന്നാണ് സഞ്ചാരികളും പ്രദേശവാസികളും പറയുന്നത്.
കോവളത്ത് വിനോദഞ്ചാരത്തിന് എത്താന്‍ ഏറ്റവും അനുയോജ്യമായ സമയം സെപ്തംബര്‍ മുതല്‍ മാര്‍ച്ച് വരെയെന്നാണ് ഇതുവരെ കോവളം കണ്ട വിദേശികളും സ്വദേശികളും പലസമയങ്ങളിലായി പറഞ്ഞിട്ടുള്ളത്. കോവളം കേരളത്തിന്‍റെ ഹൃദയമെന്ന് പറയുന്ന വിദേശികള്‍ ഇവിടം അത്രമേല്‍ ഇഷ്ടപ്പെടുന്നു. കടലും കരയും സുന്ദരമെന്ന് പറയുമ്പോഴും അടിസ്ഥാന സൗകര്യങ്ങള്‍ വലിയ പോരായ്മയായി നിലനില്‍ക്കുന്നു.
തീരങ്ങളില്‍ അപകടങ്ങള്‍ ഒരുപാട് പതിയിരിക്കുന്നുണ്ട്. ഒന്ന് പിഴച്ചാല്‍ ബലി നല്‍കേണ്ടി വരിക സ്വന്തം ജീവനായിരിക്കും. അടുത്തിടെ കേരളത്തിലെ കടലില്‍ ഉണ്ടായ അപകടങ്ങള്‍ ഇതിനുദാഹരണമാണ്.