Kerala
കല്ലട ജലോത്സവം നടത്തണോ വേണ്ടയോ എന്ന് ഞങ്ങള്‍ തീരുമാനിക്കും; വെല്ലുവിളിച്ച് കോവൂര്‍ കുഞ്ഞുമോന്‍
Kerala

'കല്ലട ജലോത്സവം നടത്തണോ വേണ്ടയോ എന്ന് ഞങ്ങള്‍ തീരുമാനിക്കും'; വെല്ലുവിളിച്ച് കോവൂര്‍ കുഞ്ഞുമോന്‍

Web Desk
|
26 Sep 2021 1:45 AM GMT

നേരത്തെ ചെറുവള്ളങ്ങൾക്കുള്ള ബോണസും പ്രൈസ് മണിയും നൽകാത്തതിൽ പ്രതിഷേധിച്ച് മുമ്പ് ബോട്ട് ക്ലബ്ബുകളുടെ കൂട്ടായ്മ എം.എൽ.എയുടെ വസതിയിലേക്ക് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചിരുന്നു.

കൊല്ലം കല്ലട ജലോത്സവം ഇനി നടത്തണോ വേണ്ടയോ എന്ന് ഞങ്ങൾ തീരുമാനിക്കുമെന്ന വെല്ലുവിളി പ്രസംഗവുമായി കോവൂർ കുഞ്ഞുമോൻ എം.എൽ.എ. ചെറുവള്ളങ്ങൾക്കുള്ള ബോണസും പ്രൈസ് മണിയും നൽകാത്തതിൽ പ്രതിഷേധിച്ച് മുമ്പ് ബോട്ട് ക്ലബ്ബുകളുടെ കൂട്ടായ്മ എം.എൽ.എയുടെ വസതിയിലേക്ക് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് എം.എൽ.എയുടെ പ്രകോപനപരമായ പ്രസംഗം.

2019 ൽ കല്ലടയാറ്റിൽ നടന്ന ചാമ്പ്യൻസ് ബോട്ട് ലീഗിൽ പങ്കെടുത്ത ഒന്‍പത് ചെറുവള്ളങ്ങളുടെ ബോട്ട് ക്ലബ്ബുകൾക്ക് പ്രൈസ് മണിയോ ബോണസ് ഇതുവരെ നൽകിയിരുന്നില്ല. ഇതില്‍ പ്രതിഷേധിച്ച് ഈ മാസം പതിനേഴാം തീയതി ബോട്ട് ക്ലബ്ബുകളുടെ നേതൃത്വത്തിൽ കോവൂർ കുഞ്ഞുമോൻ എം.എൽ.എയുടെ വസതിയിലേക്ക് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് പ്രകോപിതനായി എം.എൽ.എ വെല്ലുവിളി പ്രസംഗം നടത്തിയിരിക്കുന്നത്. ബോട്ട് ക്ലബ്ബുകൾക്ക് പ്രൈസ് മണിയും ബോണസും ലഭിക്കുന്നതിന് തന്‍റെ ഭാഗത്തുനിന്നും യാതൊരു സഹായവും ഇനി ഉണ്ടാകില്ലെന്നും, കല്ലട ജലോത്സവം ഇനി നടത്തണമോ വേണ്ടയോ എന്ന് ഞങ്ങൾ തീരുമാനിക്കുമെന്നാണ് എം.എൽ.എ പ്രസംഗിച്ചത്.

മൺട്രോത്തുരുത്തിൽ പുതിയതായി നിർമ്മിച്ച റോഡിന്‍റെ ഉദ്ഘാടനം നിർവഹിക്കുമ്പോഴാണ് എം.എൽ.എയുടെ വെല്ലുവിളി പ്രസംഗം നടന്നത്. എം,എൽ,എയുടെ വെല്ലുവിളി പ്രസംഗത്തിൽ പ്രതിഷേധിച്ച് ബോട്ട് ക്ലബ്ബുകളുടെ നേതൃത്വത്തിൽ നിരാഹാരം ആരംഭിച്ചിരിക്കുകയാണ്. എം.എൽ.എ പ്രസ്താവന പിൻവലിച്ച് മാപ്പ് പറയണമെന്നാണ് ഇവരുടെ ആവശ്യം.

Similar Posts