12കാരന്‍റെ മരണത്തില്‍ തെളിവെടുപ്പ്: ഐസ്ക്രീമിൽ ചേർത്ത വിഷത്തിന്‍റെ ബാക്കി പൊട്ടക്കിണറ്റിൽ നിന്ന് കണ്ടെത്തി
|അസ്വാഭാവിക മരണത്തിനെടുത്ത കേസിൽ അന്വേഷണമെത്തി നിന്നത് കുട്ടിയുടെ പിതാവിന്‍റെ സഹോദരിയിൽ
കോഴിക്കോട്: കൊയിലാണ്ടിയിൽ 12 വയസുകാരനെ പിതൃസഹോദരി ഐസ്ക്രീമിൽ വിഷം ചേർത്തു നൽകി കൊന്ന കേസിൽ തെളിവെടുപ്പ് പൂർത്തിയായി. പ്രതിയെ വീട്ടിൽ ഉൾപ്പെടെയെത്തിച്ച് തെളിവെടുപ്പ് നടത്തി. ഇന്ന് പുലർച്ചെയാണ് പ്രതി അറസ്റ്റിലായത്.
ആറാം ക്ലാസ് വിദ്യാർഥി കൊയിലാണ്ടി അരിക്കുളം കോറോത്ത് അഹമ്മദ് ഹസ്സൻ രിഫായി വിഷം ഉള്ളിൽ ചെന്ന് മരിച്ചത് കഴിഞ്ഞ തിങ്കളാഴ്ചയാണ്. അസ്വാഭാവിക മരണത്തിനെടുത്ത കേസിൽ അന്വേഷണമെത്തി നിന്നത് പിതാവ് മുഹമ്മദ് അലിയുടെ സഹോദരിയിൽ. ഐസ്ക്രീമിൽ വിഷം ചേർത്തു നൽകിയെന്ന് പിതൃസഹോദരിയുടെ കുറ്റസമ്മതം. സഹോദരൻ മുഹമ്മദ് അലിയുടെ ഭാര്യയുമായുള്ള അസ്വാരസ്യമാണ് കൃത്യത്തിലേക്ക് നയിച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. അതിനിടെ പ്രതി അരിക്കുളത്തെ സൂപ്പർ മാർക്കെറ്റിൽ നിന്ന് ഐസ്ക്രീം വാങ്ങുന്ന സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നു.
ഉച്ചയ്ക്ക് 12:30ഓടെ പ്രതിയുമായി പൊലീസിന്റെ തെളിവെടുപ്പ്. ആദ്യം ഐസ്ക്രീമിൽ വിഷം ചേർത്ത അരിക്കുളത്തെ സ്വന്തം വീട്ടിലേക്ക്. വീടിനകത്തും സമീപത്തെ പൊട്ടകിണറ്റിലും തെളിവെടുപ്പ്. ഐസ്ക്രീമിൽ ചേർത്ത എലിവിഷത്തിന്റെ ബാക്കി കിണറ്റിൽ നിന്ന് കണ്ടെത്തി. രണ്ടു മണിക്കൂറോളം നീണ്ടു ഇവിടെ തെളിവെടുപ്പ്.
ശേഷം നേരെ രിഫായിക്ക് ഐസ്ക്രീം നൽകിയ വീട്ടിലും ഐസ്ക്രീം വാങ്ങിയ അരിക്കുളം മുക്കിലെ സൂപ്പര്‍മാര്‍ക്കറ്റിലും തെളിവെടുപ്പ് നടത്തി. പ്രതിക്ക് മാനസികാസ്വാസ്ഥ്യമുണ്ടെന്നാണ് വിവരം.