ഐസ്‌ക്രീമിൽ വിഷം കലർത്തി കൊല്ലാൻ നോക്കിയത് ഉമ്മയെ; മരിച്ചത് മകൻ
|സംഭവത്തിൽ കുട്ടിയുടെ പിതൃസഹോദരിയെ പൊലീസ് അറസ്റ്റ് ചെയ്തു.
കൊയിലാണ്ടി: അരിക്കുളത്ത് ഐസ്‌ക്രീം കഴിച്ച് 12 വയസുകാരൻ മരിച്ച സംഭവത്തിൽ ഞെട്ടിക്കുന്ന വഴിത്തിരിവ്. അരിക്കുളം കോറോത്ത് മുഹമ്മദലിയുടെ മകൻ അഹമ്മദ് ഹസൻ റിഫായിയാണ് മരിച്ചത്. സംഭവത്തിൽ കുട്ടിയുടെ പിതൃസഹോദരിയെ പൊലീസ് അറസ്റ്റ് ചെയ്തു.
കഴിഞ്ഞ ഞായറാഴ്ചയാണ് സംഭവങ്ങളുടെ തുടക്കം. ഐസ്‌ക്രീം കഴിഞ്ഞ റിഫായിക്ക് ശാരീരിക അസ്വസ്ഥകൾ ഉണ്ടായതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. തുടർന്ന് തിങ്കളാഴ്ച രാവിലെ കുട്ടി മരിച്ചു. പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ ശരീരത്തിൽ വിഷാംശമുണ്ടെന്ന് കണ്ടെത്തി. അമോണിയം ഫോസ്ഫറസ് എന്ന രാസവസ്തുവാണ് കണ്ടെത്തിയത്.
പൊലീസ് ബന്ധുക്കളെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ പിതൃസഹോദരിയും റിഫായിയുടെ ഉമ്മയും തമ്മിൽ ചില അസ്വസ്ഥതകളുണ്ടായിരുന്നതായി സൂചന ലഭിച്ചു. ഇത് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പിതൃസഹോദരിയാണ് ഐസ്‌ക്രീം എത്തിച്ചതെന്ന് കണ്ടെത്തിയത്. ഐസ്‌ക്രീം കടയിൽ പരിശോധന നടത്തിയെങ്കിലും രാസവസ്തുക്കളൊന്നും കണ്ടെത്തിയില്ല. തുടർന്നാണ് അന്വേഷണം പിതൃസഹോദരിയിൽ കേന്ദ്രീകരിച്ചത്.
ഐസ്‌ക്രീം എത്തിക്കുമ്പോൾ റിഫായി മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. ഉമ്മയും സഹോദരങ്ങളും പുറത്തുപോയതായിരുന്നു. റിഫായിയുടെ ഉമ്മയെ ലക്ഷ്യമിട്ടാണ് ഐസ്‌ക്രീമിൽ വിഷം കലർത്തിയതെന്നാണ് പൊലീസ് നൽകുന്ന സൂചന. എന്തിനാണ് ഇത് ചെയ്തതെന്നും ഗൂഢാലോചനയിൽ കൂടുതൽ പേർക്ക് പങ്കുണ്ടോ എന്നതും അന്വേഷിച്ചുവരികയാണെന്ന് പൊലീസ് പറഞ്ഞു.