കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിലെ യുവതിയുടെ മരണം കൊലപാതകമെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്
|മാനസികാരോഗ്യകേന്ദ്രത്തിലെ അന്തേവാസിക്കെതിരെ കൊലക്കുറ്റത്തിന് കേസെടുത്തു
കോഴിക്കോട് കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിലെ യുവതിയുടെ മരണം കൊലപാതകമെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. കഴുത്ത് ഞെരിച്ചും ശ്വാസം മുട്ടിച്ചുമാണ് കൊലപാതകം നടത്തിയെന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലെ കണ്ടെത്തല്‍. മാനസികാരോഗ്യകേന്ദ്രത്തിലെ അന്തേവാസിക്കെതിരെ കൊലക്കുറ്റത്തിന് കേസെടുത്തു. സംഭവത്തില്‍ ആരോഗ്യവകുപ്പും അന്വേഷണം തുടങ്ങി.
കഴിഞ്ഞ ബുധനാഴ്ച രാത്രി സെല്ലിലുണ്ടായ അടിപിടിക്കിടെ മഹാരാഷ്ട്ര സ്വദേശിനി ജിയോ റാം ലോട്ട് കൊല്ലപ്പെടുകയായിരുന്നുവെന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. കഴുത്ത് ഞെരിച്ചും ശ്വാസം മുട്ടിച്ചുമാണ് കൊലപ്പെടുത്തിയതെന്ന് പോസ്റ്റ്മോര്‍ട്ടത്തില്‍ വ്യക്തമായതായി ഡിസിപി അമോസ് മാമ്മന്‍ പറഞ്ഞു. ചികിത്സിക്കുന്ന ഡോക്ടറുമായി ആലോചിച്ച ശേഷം പ്രതിയായ സഹ അന്തേവാസി തജ്മി ബീവിയെ അറസ്റ്റ് ചെയ്യും.
അടിപിടിയില്‍ പ്രതിയായ തജ്മി ബീവിയുടെ മുഖത്ത് രക്തം കണ്ടെതിനെ തുടര്‍ന്ന് ഇവരെ സെല്ലില്‍ നിന്ന് മാറ്റി. വ്യാഴാഴ്ച പുലര്‍ച്ചെയാണ് ജിയോ റാം ലോട്ടിനെ മരിച്ചനിലയില്‍ കണ്ടെത്തിയത്. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ബുധനാഴ്ച രാത്രി തന്നെ ജിലോ റാം ലോട്ട് മരിച്ചതായാണ് പറയുന്നത്. യുവതിയുടെ മരണത്തില്‍ ആരോഗ്യവകുപ്പും അന്വേഷണം തുടങ്ങി. മാനസികാരോഗ്യ കേന്ദ്രം അധികൃതര്‍ക്ക് വീഴ്ച ഉണ്ടായോ എന്നതടക്കമുള്ള കാര്യങ്ങളാണ് അന്വേഷിക്കുന്നത്.