'പരാതി പോലും എഴുതി വാങ്ങിയില്ല'; വിദ്യാര്‍ഥിയെ ലഹരിമരുന്ന് കാരിയറാക്കിയ കേസിൽ പൊലീസിനെതിരെ ഗുരുതര ആരോപണവുമായി കുടുംബം
|''രണ്ട് തവണ പൊലീസ് സ്റ്റേഷനിൽ പോയിട്ടും നടപടി ഉണ്ടായില്ല''
കോഴിക്കോട്: വിദ്യാർഥിയെ ലഹരിമരുന്ന് കാരിയറാക്കിയ കേസിൽ പൊലീസിനെതിരെ ഗുരുതര ആരോപണം ഉന്നയിച്ച് കുടുംബം. പൊലീസ് പരാതി പോലും എഴുതി വാങ്ങിയില്ലെന്ന് പെൺകുട്ടിയുടെ അമ്മ മീഡിയവണിനോട് പറഞ്ഞു. രണ്ട് തവണ പൊലീസ് സ്റ്റേഷനിൽ പോയെങ്കിലും നടപടി ഉണ്ടായില്ല .കാരിയറായി പ്രവർത്തിച്ച 15 പേരുടെ പേരുകൾ പൊലീസിന് എഴുതി നൽകിയിരുന്നു. മയക്കുമരുന്ന് ആദ്യം ലഭിച്ചത് സ്കൂളിൽ നിന്നാണെന്നും പെൺകുട്ടിയുടെ അമ്മ മീഡിയവണിനോട് പറഞ്ഞു .
കേസിൽ പെൺകുട്ടിയുടെ അയൽവാസി പൊലീസ് പിടിയിലായിട്ടുണ്ട് . ലഹരി വിൽപ്പനയ്ക്ക് ഇയാൾക്കെതിരെ നേരത്തെ കേസുകളുണ്ടെന്ന് പൊലീസ് അറിയിച്ചു. രണ്ടാം പ്രതിക്കായി പൊലീസ് അന്വേഷണം ഊർജിതമാക്കി.
സംഭവത്തിൽ കഴിഞ്ഞ ദിവസം പത്ത് പേർക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. പ്രതികളെ തിരിച്ചറിഞ്ഞതായി പൊലീസ് അറിയിച്ചു. പ്രദേശവാസിയും ഇതര സംസ്ഥാന തൊഴിലാളിയുമടക്കമുള്ള പത്ത് പേർക്കെതിരെയാണ് കേസെടുത്തത്. ഇൻസ്റ്റഗ്രാം ഗ്രൂപ്പ് വഴി പരിചയപ്പെട്ട ആളുകള്‍ ലഹരിക്കടത്തിന് തന്നെ ഉപയോഗിച്ചുവെന്ന് കഴിഞ്ഞ ദിവസം വിദ്യാർത്ഥി വെളിപ്പെടുത്തിയിരുന്നു.