'ആവിക്കൽതോട് സമരത്തിലേക്ക് നയിച്ചത് തീവ്രവാദ പ്രവർത്തനം; പിന്നിൽ എസ്.ഡി.പി.ഐയും ജമാഅത്തെ ഇസ്‌ലാമിയും'- ആരോപണവുമായി മന്ത്രി എം.വി ഗോവിന്ദൻ
|എസ്.ഡി.പി.ഐയും വെൽഫെയർ പാർട്ടിക്കാരുമാണ് ഇല്ലാത്ത പ്രചാരണം നടത്തുന്നതെന്ന് തോട്ടത്തിൽ രവീന്ദ്രൻ
തിരുവനന്തപുരം: കോഴിക്കോട് ആവിക്കൽതോട് മലിനജന സംസ്‌കരണ പ്ലാന്റിനെതിരായ സമരക്കാർക്കെതിരെ തീവ്രവാദ പരാമർശവുമായി മന്ത്രി എം.വി ഗോവിന്ദൻ. വിഷയത്തിൽ പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയ നോട്ടിസിനു മറുപടി പറയുകയായിരുന്നു മന്ത്രി. സമരത്തിനു പിന്നിൽ എസ്.ഡി.പി.ഐയും ജമാഅത്തെ ഇസ്‌ലാമിയുമാണ്. തീവ്രവാദ പ്രവർത്തനമാണ് സമരത്തിലേക്ക് എത്തിച്ചതെന്നും മന്ത്രി ആരോപിച്ചു.
മലിനജല പ്ലാന്റിന്റെ കാര്യത്തിൽ സർക്കാരിന് പിടിവാശിയില്ല. നവകേരളത്തിന്റെ ഭാഗമായി സർക്കാർ മാലിന്യ സംസ്‌കരണത്തിന് വിവിധ പദ്ധതികൾ നടപ്പാക്കുന്നുണ്ട്. ആവിക്കൽ പ്ലാന്റ് മികച്ച സാങ്കേതികവിദ്യയിലുള്ള പദ്ധതിയാണ്. അത് ജനങ്ങളുടെ ജീവിതത്തെ ബാധിക്കില്ല-മന്ത്രി വ്യക്തമാക്കി.
കരാറുകാർ പ്രവൃത്തി ആരംഭിച്ചതോടെയാണ് പ്രതിഷേധമുണ്ടായത്. ബോധവത്കരണം നടത്തിയേ ജനങ്ങളുടെ എതിർപ്പ് മാറ്റാൻ കഴിയൂ. പ്ലാന്റിനെതിരായ സമരത്തിന് പിന്നിൽ എസ്.ഡി.പി.ഐയും ജമാഅത്തെ ഇസ്‌ലാമിയുമാണ്. തീവ്രവാദ പ്രവർത്തനമാണ് സമരത്തിലേക്ക് എത്തിച്ചതെന്നും അദ്ദേഹം ആരോപിച്ചു.
''കേന്ദ്രത്തോട് സമയം നീട്ടിവാങ്ങിയാണ് പദ്ധതിയുമായി മുന്നോട്ടുപോകുന്നത്. പദ്ധതി നടപ്പാക്കിയില്ലെങ്കിൽ പണം നഷ്ടമാവും. എല്ലാവിധ അനുമതിയും പദ്ധതിക്കുണ്ട്. പ്ലാന്റിൽ സംസ്‌കരിക്കുന്ന ജലം കൃഷിക്ക് ഉപയോഗിക്കാൻ കഴിയും. ഇത്തരം പ്ലാന്റുകൾ സംസ്ഥാനത്ത് പലയിടത്തും സ്ഥാപിച്ചിട്ടുണ്ട്. അത് ഒരു തരത്തിലുള്ള മാലിന്യ പ്രശ്‌നവും ഉണ്ടാക്കില്ല. ഇതുമായി ബന്ധപ്പെട്ടുള്ള സംശയങ്ങൾ ദുരീകരിച്ചതാണ്.''
വിഷയത്തിൽ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ ഉൾപ്പെടെയുള്ളവരുമായി ചർച്ച നടത്തിയിരുന്നു. സർവകക്ഷി യോഗവും ചേർന്നിരുന്നു. എന്നാൽ, പ്ലാന്റിനെതിരെ നടന്ന ഹർത്താൽ അനുകൂലികൾ ക്രമസമാധാന പ്രശ്‌നം ഉണ്ടാക്കുകയായിരുന്നു. സമരക്കാർ പൊലീസിനെ ആക്രമിച്ചു. ഇതിൽ എട്ട് പൊലീസുകാർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. സംഭവത്തിൽ 14 കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും മന്ത്രി ഗോവിന്ദൻ വ്യക്തമാക്കി.
നേരത്തെ, മുൻ കോഴിക്കോട് മേയര്‍ കൂടിയായ തോട്ടത്തിൽ രവീന്ദ്രൻ വിഷയത്തിൽ ഇടപെട്ട് സംസാരിച്ചപ്പോഴും തീവ്രവാദ ആരോപണം നടത്തി. താൻ മേയറായിരിക്കെ കൊണ്ടുവന്ന പദ്ധതിയാണെന്നും കേരളത്തിൽ എല്ലായിടത്തും നടത്തേണ്ട പദ്ധതിയാണെന്നും അദ്ദേഹം പറഞ്ഞു. പദ്ധതിക്കായി ആരുടെ സ്ഥലവും കൈയേറിയിട്ടില്ല. മുഴുവൻ കോർപറേഷന്റെ സ്ഥലമാണ്. വിഷയത്തിൽ എസ്.ഡി.പി.ഐയും വെൽഫെയർ പാർട്ടിക്കാരുമാണ് ഇല്ലാത്ത പ്രചാരണം നടത്തുന്നത്. മുനീറിനെ വീട്ടിൽ പോയി കണ്ട് സംസാരിച്ചെങ്കിലും വഴങ്ങിയില്ലെന്നും തോട്ടത്തിൽ രവീന്ദ്രൻ വെളിപ്പെടുത്തി.
വിഷയത്തിൽ അടിയന്തര പ്രമേയത്തിന് സ്പീക്കർ അനുമതി നിഷേധിച്ചു. തുടർന്ന് പ്രതിപക്ഷം വാക്ക്ഔട്ട് നടത്തി.
Summary: 'SDPI and Jamaat-e-Islami are behind Kozhikode Avikkal sewage plant strike, terrorist acts led to it'', alleges Minister MV Govindan