'ക്ഷണം നിരസിച്ചതല്ല'; ലീഗ് പറഞ്ഞത് സാങ്കേതിക പ്രയാസമെന്ന് സിപിഎം
|കോൺഗ്രസ് എതിർപ്പ് പ്രകടിപ്പിക്കുമ്പോൾ സ്വാഭാവികമായും ലീഗിന് പങ്കെടുക്കാൻ കഴിയില്ലെന്ന് സി.പി.എം കോഴിക്കോട് ജില്ലാ സെക്രട്ടറി പി.മോഹനൻ പറഞ്ഞു.
കോഴിക്കോട്: സി.പി.എമ്മിന്റെ ഫലസ്തീൻ ഐക്യദാർഢ്യ പരിപാടിയിൽ പങ്കെടുക്കില്ലെന്ന മുസ്‍ലിം ലീഗിന്റെ തീരുമാനത്തെ പോസിറ്റീവായി കാണുന്നുവെന്ന് സി.പി.എം കോഴിക്കോട് ജില്ലാ സെക്രട്ടറി പി.മോഹനൻ. സാങ്കേതികമായി പങ്കെടുക്കാൻ കഴിയാത്ത പ്രയാസമാണ് ലീഗ് പറഞ്ഞതെന്ന് പി.മോഹനൻ ചൂണ്ടിക്കാട്ടി. മുസ്‍ലിം ലീഗ് ക്ഷണം നിരസിച്ചു എന്ന് പറയാനാകില്ല. കോൺഗ്രസ് എതിർപ്പ് പ്രകടിപ്പിക്കുമ്പോൾ സ്വാഭാവികമായും ലീഗിന് പങ്കെടുക്കാൻ കഴിയില്ല. ഫലസ്തീൻ വിഷയത്തിൽ കോൺഗ്രസിന് അഴകൊഴമ്പൻ നിലപാടാണെന്നും പി.മോഹനൻ പറഞ്ഞു.
സി.പി.എം സംഘടിപ്പിക്കുന്ന ഫലസ്തീൻ ഐക്യദാർഢ്യ റാലിയിൽ മുസ്‌ലിം പങ്കെടുക്കില്ലെന്നാണ് മുസ്‍ലിം ലീഗിന്റെ തീരുമാനം. യു.ഡി.എഫിലെ ഘടകക്ഷി എന്ന നിലയിൽ പങ്കെടുക്കാനാവില്ലെന്ന് കോഴിക്കോട് നടന്ന വാർത്താസമ്മേളനത്തിൽ നേതൃത്വം അറിയിച്ചു. സി.പി.എം ക്ഷണത്തിന് നന്ദിയെന്നും സിപിഎം ഫലസ്തീൻ പ്രശ്‌നത്തിൽ ഒപ്പം നിൽക്കുന്നതിന് നന്ദിയെന്നും ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.
സി.പി.എം പരിപാടിയിലേക്ക് ക്ഷണിച്ചാൽ പങ്കെടുക്കുമെന്ന് ലീഗ് ദേശീയ ഓർഗനൈസിങ് സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീർ വ്യക്തമാക്കിയതാണു പുതിയ ചർച്ചകൾക്കു തിരികൊളുത്തിയത്. ഇ.ടിയുടെ പ്രസ്താവനയ്ക്കു പിന്നാലെ പരിപാടിയിലേക്ക് സി.പി.എം ലീഗിനെ ഔദ്യോഗികമായി ക്ഷണിക്കുകയും ചെയ്തു. എന്നാൽ, സി.പി.എം പരിപാടിയിൽ പങ്കെടുക്കേണ്ടതില്ലെന്ന് പാർട്ടിയിലെ ഒരു വിഭാഗം നേതാക്കളും വ്യക്തമാക്കി. ഇതോടെയാണ് വിഷയം ചർച്ച ചെയ്യാനായി ഇന്ന് അടിയന്തരയോഗം വിളിച്ചത്. സി.പി.എമ്മിന്റെ ക്ഷണം ലഭിച്ചിട്ടുണ്ടെന്ന് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ സലാം ഇന്നലെ മാധ്യമങ്ങൾക്കു മുന്നിൽ സ്ഥിരീകരിച്ചിരുന്നു.