ആവിക്കൽ തോട് -കോതി മാലിന്യ പ്ലാന്റ് നിർമാണം കോഴിക്കോട് കോർപറേഷൻ ഉപേക്ഷിക്കുന്നു
|സംസ്ഥാന സർക്കാർ പുതിയ പദ്ധതി പ്രഖ്യാപിച്ചാൽ മാത്രം ഇനി പ്ലാന്റ് നിർമാണമെന്ന് കോർപറേഷൻ
കോഴിക്കോട്: ആവിക്കൽ തോട് - കോതി മാലിന്യ പ്ലാന്റ് നിർമാണം കോഴിക്കോട് കോർപറേഷൻ ഉപേക്ഷിക്കുന്നു. കേന്ദ്രസർക്കാറിന്റെ അമൃത് പദ്ധതി കാലാവധി തീരുന്നതിനാൽ ഇനി പ്ലാന്റ് നിർമാണം നടക്കില്ല. സംസ്ഥാന സർക്കാർ പുതിയ പദ്ധതി പ്രഖ്യാപിച്ചാൽ മാത്രം ഇനി പ്ലാന്റ് നിർമാണമെന്ന് കോർപറേഷൻ അറിയിച്ചു.
പദ്ധതി കാലാവധി തീരുന്നതിനൊപ്പം മാർച്ച് 31 ന് സാമ്പത്തിക വർഷം അവസാനിക്കുകയാണ്. ഇതുകൊണ്ട് കൂടിയാണ് പദ്ധതി ഉപേക്ഷിക്കുന്നതെന്നും കോഴിക്കോട് കോർപറേഷൻ മേയർ ഡോ. ബീന ഫിലിപ്പ് പറയുന്നു. 30 ശതമാനമെങ്കിലും പദ്ധതി തുടങ്ങാൻ കഴിഞ്ഞിരുന്നെങ്കിൽ അടുത്ത വർഷത്തേക്ക് ഇതിനായി നീക്കി വെച്ച തുക ഉപയോഗിക്കാൻ കഴിയുമായിരുന്നു. എന്നാൽ പദ്ധതി എവിടെയും എത്താത്ത സാഹചര്യത്തിലാണ് ഉപേക്ഷിക്കേണ്ട അവസ്ഥയുണ്ടായത്. സംസ്ഥാന സർക്കാർ ഇപ്പോൾ മാലിന്യ നിർമാണ പ്ലാന്റിലേക്ക് ഇറങ്ങുന്ന സാഹചര്യമുണ്ട്. സംസ്ഥാന സർക്കാർ ഇനി പുതിയ പദ്ധതി പ്രഖ്യാപിച്ചാൽ മാത്രമേ പ്ലാന്റ് നിർമാണം നടത്തുമെന്നും കോർപറേഷൻ അറിയിച്ചു. അതേസമയം, സരോവരത്ത് പ്ലാന്റ് നിർമിക്കാനുള്ള പദ്ധതിയുമായി മുന്നോട്ട് പോകുമെന്നും മേയർ ഡോ.ബീന ഫിലിപ്പ് അറിയിച്ചു.
ആവിക്കൽതോട്,കോതി മാലിന്യപ്ലാന്റ് നിർമാണത്തിനെതിരെ പ്രദേശത്തെ ജനങ്ങൾ മാസങ്ങളായി സമരത്തിലാണ്. പലപ്പോഴും പൊലീസും സമരക്കാരും തമ്മിൽ ഏറ്റുമുട്ടൽ വരെ നടന്നിരുന്നു. പ്ലാന്‍റ് നിര്‍മാണം തല്‍ക്കാലത്തേക്ക് നിര്‍ത്തിവെക്കാന്‍ നേരത്തെ കോടതിയും ഉത്തരവിട്ടിരുന്നു.