സോണ്ട കമ്പനിക്ക് കരാർ നീട്ടി നൽകാനൊരുങ്ങി കോഴിക്കോട് കോർപ്പറേഷൻ; പിഴ ഈടാക്കി കരാർ പുതുക്കാൻ ആലോചന
|നിശ്ചിത സമയത്ത് മാലിന്യം നീക്കാത്തതിൽ പ്രതിപക്ഷം പ്രതിഷേധം ഉയർത്തിയിരുന്നു
കോഴിക്കോട്: വിവാദ മാലിന്യ സംസ്‌കരണ കമ്പനിയായ സോണ്ട ഇൻഫോടെക്കിന് കരാർ നീട്ടി നൽകാൻ ഒരുങ്ങി കോഴിക്കോട് കോർപ്പറേഷൻ. നിശ്ചിത സമയത്ത് മാലിന്യം നീക്കം ചെയ്യാത്തത്തിൽ സോണ്ട കമ്പനിക്കെതിരെ പ്രതിപക്ഷം പ്രതിഷേധം ഉയർത്തിയിരുന്നു. കരാർ നീട്ടുന്നതിലെ അന്തിമ തീരുമാനം ഇന്ന് ചേരുന്ന അടിയന്തിര കൗൺസിൽ യോഗത്തിലെടുക്കും.
കരാർ പ്രകാരമുള്ള സമയത്തിനുള്ളിൽ മാലിന്യം നീക്കം ചെയ്യാത്തതിനാൽ സോണ്ട കമ്പനിയെ മാലിന്യ നിർമാർജന കരാറിൽ നിന്നും ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് കോഴിക്കോട് കോർപ്പറേഷനിലെ പ്രതിപക്ഷ കൗൺസിലർമാർ വലിയ പ്രതിഷേധമുയർത്തിയിരുന്നു. ഇതിനിടയിലാണ് വീണ്ടും സോണ്ടയ്ക്ക് കരാർ നീട്ടി നൽകാൻ കോഴിക്കോട് കോർപ്പറേഷൻ ഒരുങ്ങുന്നത്. മുൻപ് നാലു തവണ ഈ കരാർ നീട്ടി നൽകിയിരുന്നു. തുടർച്ചയായി കൃത്യവിലോപം നടത്തിയ സോണ്ട ഇൻഫോടെക്കിന് കരാർ നീട്ടിനൽകാനുള്ള കോർപറേഷന്റെ നടപടി സ്വീകാര്യമല്ലെന്ന് പ്രതിപക്ഷ കൗൺസിലർമാർ പറയുന്നു.
ഉപാധികളോടെയാവും ഇത്തവണ കരാർ പുതുക്കി നൽകുക. 30 ദിവസത്തിനകം മാലിന്യം നീക്കണം എന്നാണ് കരാറിൽ വ്യവസ്ഥ ചെയ്യുന്നത്. നേരത്തെ നിശ്ചയിച്ചിരുന്ന സമയത്ത് കൃത്യമായി മാലിന്യം നീക്കാത്തതിനുള്ള പിഴ കൗൺസിൽ നിശ്ചയിച്ച് നൽകും അത് കമ്പനി അടയ്ക്കണം. മാലിന്യ സംസ്‌കരണം സംബന്ധിച്ച നടപടി വിലയിരുത്താൻ പ്രത്യേക കമ്മിറ്റിക്ക് രൂപം നൽകും. ഇക്കാര്യങ്ങളിൽ അന്തിമ തീരുമാനം ഇന്ന് ചേരുന്ന അടിയന്തര കൗൺസിൽ യോഗമെടുക്കും.