Kerala
പി.എൻ.ബി തട്ടിപ്പ്: കോർപറേഷൻ യോഗത്തിൽ പ്രതിഷേധിച്ച 15 യു.ഡി.എഫ് കൗൺസിലർമാർക്ക് സസ്‌പെൻഷൻ
Kerala

പി.എൻ.ബി തട്ടിപ്പ്: കോർപറേഷൻ യോഗത്തിൽ പ്രതിഷേധിച്ച 15 യു.ഡി.എഫ് കൗൺസിലർമാർക്ക് സസ്‌പെൻഷൻ

Web Desk
|
17 Dec 2022 11:21 AM GMT

മേയർ എഴുന്നേറ്റുനിന്നാൽ കൗൺസിലർമാർ ഇരിക്കണമെന്ന ചട്ടം പാലിക്കാത്തതുകൊണ്ടാണ് പ്രതിപക്ഷ അംഗങ്ങളെ സസ്‌പെൻഡ് ചെയ്തതെന്ന് മേയർ ബീന ഫിലിപ്പ് മാധ്യമങ്ങളോട് പറഞ്ഞു.

കോഴിക്കോട്: കോർപറേഷന്റെ പണം പഞ്ചാബ് നാഷണൽ ബാങ്കിന്റെ അക്കൗണ്ടിൽനിന്ന് നഷ്ടപ്പെട്ട കേസുമായി ബന്ധപ്പെട്ട് കോർപറേഷൻ യോഗത്തിൽ പ്രതിഷേധിച്ച യു.ഡി.എഫ് കൗൺസിലർമാർക്ക് സസ്‌പെൻഷൻ. 15 കൗൺസിലർമാരെയാണ് ഒരു ദിവസത്തേക്ക് സസ്‌പെൻഡ് ചെയ്തത്.

പി.എൻ.ബി തട്ടിപ്പുമായി ബന്ധപ്പെട്ട് പ്രതിപക്ഷ കൗൺസിലർമാർ അടിയന്തര പ്രമേയത്തിന് അനുമതി തേടിയിരുന്നു. സി.ബി.ഐ അന്വേഷണം ഉൾപ്പെടെ ആവശ്യപ്പെട്ടാണ് കോൺഗ്രസും ബി.ജെ.പിയും അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകിയത്. ഇതിന് അനുമതി നിഷേധിച്ചതോടെ പ്രതിപക്ഷ കൗൺസിർമാർ പ്രതിഷേധവുമായി എഴുന്നേറ്റു. ഭരണ-പ്രതിപക്ഷ അംഗങ്ങൾ നേർക്കുനേർനിന്ന് മുദ്രാവാക്യം വിളിക്കുന്ന സാഹചര്യവും ഉണ്ടായി. ബഹളത്തിനിടെ അജണ്ടകൾ ചർച്ചയില്ലാതെ പാസാക്കുകയും 15 യു.ഡി.എഫ് കൗൺസിലർമാരെ സസ്‌പെൻഡ് ചെയ്യുകയുമായിരുന്നു.

മേയർ എഴുന്നേറ്റുനിന്നാൽ കൗൺസിലർമാർ ഇരിക്കണമെന്ന ചട്ടം പാലിക്കാത്തതുകൊണ്ടാണ് പ്രതിപക്ഷ അംഗങ്ങളെ സസ്‌പെൻഡ് ചെയ്തതെന്ന് മേയർ ബീന ഫിലിപ്പ് മാധ്യമങ്ങളോട് പറഞ്ഞു. ഏതന്വേഷണത്തിനും കോർപറേഷൻ തടസം നിൽക്കില്ല. സി.ബി.ഐ അന്വേഷണത്തെയും എതിർക്കുന്നില്ല. കോർപറേഷന് ഒന്നും ഒളിച്ചുവെക്കാനില്ല. ഉദ്യോഗസ്ഥർക്ക് പങ്കുണ്ടെങ്കിൽ അവർക്കെതിരെയും നടപടിയെടുക്കുമെന്നും മേയർ പറഞ്ഞു.

Similar Posts