സ്പീക്കർ എ.എൻ ഷംസീറിന്റെ സഹോദരന് കോഴിക്കോട് കോർപ്പറേഷന്റെ വഴിവിട്ട സഹായം
|കോർപ്പറേഷൻ പരിധിയിലുള്ള 32 ബസ് ഷെൽട്ടറുകളുടെ നിർമാണവും പരിപാലനവും അടക്കമുള്ള കരാറാണ് ഷാഹിർ 2020 ഏപ്രിലിൽ ഏറ്റെടുത്തത്. രണ്ടു വർഷം കഴിഞ്ഞിട്ടും ഡെപ്പോസിറ്റ് തുകയായ 5,72000 രൂപ ഷാഹിർ അടച്ചിട്ടില്ല.
കോഴിക്കോട്: സ്പീക്കർ എ.എൻ ഷംസീറിന്റെ സഹോദരൻ ഷാഹിറിന് കോഴിക്കോട് കോർപ്പറേഷന്റെ വഴിവിട്ട സഹായം. ബസ് വെയ്റ്റിങ് ഷെൽട്ടർ പരിപാലിക്കാനുള്ള കരാറിലാണ് കോർപ്പറേഷന്റെ ഒത്തുകളി. രണ്ടുവർഷം കഴിഞ്ഞിട്ടും സ്പീക്കറുടെ സഹോദരൻ ഡെപ്പോസിറ്റ് തുക നൽകിയിട്ടില്ല. ഷാഹിർ നൽകിയ ചെക്ക് മടങ്ങിയിട്ടും കോർപ്പറേഷൻ നിയമനടപടി സ്വീകരിച്ചിട്ടില്ല.
ഷംസീറിന്റെ സഹോദരൻ ഷാഹിറാണ് കോർപ്പറേഷൻ പരിധിയിലുള്ള 32 ബസ് ഷെൽട്ടറുകളുടെ നിർമാണവും പരിപാലനവും ഏറ്റെടുത്തത്. 2020 ഏപ്രിലിലാണ് കരാർ ഒപ്പിട്ടത്. കരാർ പ്രകാരമുള്ള ഡെപ്പോസിറ്റ് തുകയായ 5,72000 രൂപ ഇതുവരെ ഷാഹിർ അടച്ചിട്ടില്ല. കഴിഞ്ഞ ജൂലൈയിൽ കൗൺസിൽ യോഗത്തിൽ ഇത് സംബന്ധിച്ച് ബഹളമുണ്ടായതിനെ തുടർന്ന് ഷാഹിറിന് നോട്ടീസ് നൽകയതിനെ തുടർന്ന് അദ്ദേഹം ഒരു ചെക്ക് നൽകിയിരുന്നു. ഈ ചെക്ക് മടങ്ങിയിട്ടും യാതൊരു നടപടിയും സ്വീകരിക്കാൻ കോർപ്പറേഷൻ തയ്യാറായിട്ടില്ല.