Kerala
കോഴിക്കോട് ഇരട്ട സ്‌ഫോടനക്കേസ്; എൻ.ഐ.എയ്ക്ക് ഹൈക്കോടതിയുടെ രൂക്ഷ വിമർശനം
Kerala

കോഴിക്കോട് ഇരട്ട സ്‌ഫോടനക്കേസ്; എൻ.ഐ.എയ്ക്ക് ഹൈക്കോടതിയുടെ രൂക്ഷ വിമർശനം

Web Desk
|
27 Jan 2022 10:33 AM GMT

കുറ്റസമ്മത മൊഴികൾ മാത്രം രേഖപ്പെടുത്തി കേസ് അവസാനിപ്പിക്കാൻ അന്വേഷണസംഘം ആവേശം കാട്ടിയെന്ന് ഹൈക്കോടതി

കോഴിക്കോട് ഇരട്ട സ്‌ഫോടന കേസിൽ എൻ.ഐ.എ അന്വേഷണത്തെ രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി. പ്രതികളുടെ പങ്ക് സംശയാതീതമായി തെളിയിക്കുന്നതിൽ അന്വേഷണസംഘം പരാജയപ്പെട്ടുവെന്നും മാപ്പു സാക്ഷിയുടെ മൊഴികൾ കേസ് തെളിയിക്കുന്നതിൽ പൂർണ്ണ പരാജയമായെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി. കുറ്റസമ്മത മൊഴികളുടെ അടിസ്ഥാനത്തിൽ മാത്രമാണ് എൻ ഐ എ കുറ്റപത്രം തയ്യാറാക്കിയത്, പ്രതികളുടെ കുറ്റസമ്മത മൊഴി സാധൂകരിക്കുന്ന തെളിവുകൾ കണ്ടെത്തുന്നതിൽ അന്വേഷണസംഘത്തിന് വീഴ്ചയുണ്ടായി, കുറ്റസമ്മത മൊഴികൾ മാത്രം രേഖപ്പെടുത്തി കേസ് അവസാനിപ്പിക്കാൻ അന്വേഷണസംഘം ആവേശം കാട്ടിയെന്നും ഹൈക്കോടതി വ്യക്തമാക്കി. ഇരട്ട സ്‌ഫോടനെ കേസിൽ പ്രതികളെ കുറ്റവിമുക്തരാക്കിയതിന് തൊട്ടു പിന്നാലെയാണ് എൻ.ഐ.എക്കെതിരായ ഹൈക്കോടതിയുടെ വിമർശനം.

ഒന്നാം പ്രതി തടിയന്റെവിട നസീറിനേയും നാലാം പ്രതി ഷഫാസിനേയുമാണ് ഹൈക്കോടതി വെറുതെ വിട്ടത്. എൻ ഐ എയുടെ അപ്പീൽ തള്ളിയാണ് പ്രതികളെ വെറുതെ വിട്ടത്. തടിയൻറവിട നസീറിന് മൂന്ന് ജീവപര്യന്തവും ഷഫാസിന് ഇരട്ട ജീവപര്യന്തവുമായിരുന്നു വിചാരണക്കോടതി നേരത്തെ ശിക്ഷ വിധിച്ചിരുന്നത്. കേസിൽ ആകെ ഒമ്പത് പ്രതികളാണുണ്ടായിരുന്നത്. വിധിക്കെതിരെ എൻഐഎ സുപ്രിം കോടതിയിൽ അപ്പീൽ പോയേക്കുമെന്നാണ് സൂചന. കേസിലെ വിചാരണ പൂർത്തിയായ ശേഷം അബ്ദുൽ ഹാലിം, അബൂബക്കർ യൂസുഫ് എന്നീ രണ്ടു പ്രതികളെ കോടതി വെറുതെ വിട്ടിരുന്നു. അതിനെതിരെ എൻഐഎ ഹൈക്കോടതിയിൽ സമർപ്പിച്ച അപ്പീൽ ജസ്റ്റിസ് കെ വിനോദ് ചന്ദ്രന്റെ നേതൃത്വത്തിലുള്ള ബഞ്ച് തള്ളുകയാണുണ്ടായത്.

2006 മാർച്ച് 3 നായിരുന്നു സ്‌ഫോടനങ്ങൾ. കോഴിക്കോട് കെ.എസ്.ആർ.ടി.സി ബസ്സ്സ്റ്റാൻഡിലും പതിനഞ്ച് മിനുട്ടുകൾക്കു ശേഷം മൊഫ്യൂസൽ സ്റ്റാൻഡിലുമാണ് സ്‌ഫോടനമുണ്ടായത്. സ്‌ഫോടനങ്ങളിൽ മൂന്ന് പേർക്ക് പരിക്കേറ്റിരുന്നു. ഇതിൽ തടിയന്റവിട നസീറിനും ബന്ധു ഷാബാസിനും കൊച്ചിയിലെ പ്രത്യേക എൻ ഐ എ കോടതി ജീവപര്യന്തം തടവു വിധിച്ചിരുന്നു. ഇതിനെതിരെ സമർപ്പിച്ച അപ്പീലിലാണ് ഹൈക്കോടതി വിധി. മാറാട് കലാപത്തിലെ പ്രതികൾക്ക് ജാമ്യം നൽകാത്തതിൽ പ്രതിഷേധിച്ച് ജുഡീഷ്യറിയോടും മറ്റു സംവിധാനങ്ങളോടുമുള്ള പ്രതിഷേധമെന്ന നിലയിൽ പ്രതികൾ സ്ഫോടനം ആസൂത്രണം ചെയ്തു എന്നാണ് കുറ്റപത്രത്തിൽ പറഞ്ഞിരുന്നത്. കേസിൽ ഒമ്പതു പ്രതികളാണുണ്ടായിരുന്നത്. ഇതിൽ രണ്ടു പ്രതികളെ എൻഐഎക്ക് പിടി കൂടാനായിട്ടില്ല. ഒരു പ്രതി കശ്മീരിൽ മരിച്ചു. ഏഴാം പ്രതി കേസിൽ മാപ്പു സാക്ഷിയായി. അഞ്ചാം പ്രതിയായ ജലീലിനെ കോടതി വെറുതെ വിട്ടിരുന്നു. വിചാരണ പൂർത്തിയാക്കിയ ശേഷമാണ് മറ്റു രണ്ടു പ്രതികളെ വിട്ടയച്ചത്.

തനിക്ക് കേസിൽ നേരിട്ടു വാദിക്കണമെന്ന് ബംഗളൂരു ജയിലിൽ കഴിയുന്ന തടിയന്റവിട നസീർ ആവശ്യപ്പെട്ടിരുന്നു. ഇത് കോടതി അനുവദിക്കുകയും നസീർ ഹൈക്കോടതിയിൽ എത്തുകയും ചെയ്തു. എന്നാൽ പിന്നീട് വാദം അഭിഭാഷകന് വക്കാലത്തു നൽകി. ജയിലിൽ വീഡിയോ കോൺഫറൻസിങ് അനുവദിക്കണമെന്ന നസീറിന്റെ ആവശ്യവും കോടതി അനുവദിച്ചിരുന്നു. 2009 വരെ കേസ് ക്രൈംബ്രാഞ്ച് ആണ് അന്വേഷിച്ചിരുന്നത്. പിന്നീട് കേന്ദ്ര ആഭ്യന്തര വകുപ്പിന്റെ ഉത്തരവനുസരിച്ച് 2010-ൽ എൻഐഎ അന്വേഷണച്ചുമതല ഏറ്റെടുത്തു. 2011 ഓഗസ്റ്റിലാണ് പ്രതികൾ കുറ്റക്കാരാണെന്ന് വിചാരണ കോടതി കണ്ടെത്തിയിരുന്നത്. രാജ്യസുരക്ഷയെ മുൻനിർത്തി രഹസ്യവിചാരണയാണ് കോടതിയിൽ നടന്നത്. ഇരട്ട സ്‌ഫോടനം ആസൂത്രണം ചെയ്തത് തീവ്രവാദി ആക്രമണമായിട്ടു മാത്രമേ കാണാൻ കഴിയൂ എന്നായിരുന്നു വിധി പറയവെ ജസ്റ്റിസ് എസ് വിജയകുമാർ നിരീക്ഷിച്ചിരുന്നത്.

Similar Posts